ബീറ്റ്റൂട്ട് പോഷകമൂല്യത്തിനും പാചക വൈവിദ്യത്തിനും പേരുകേട്ടതാണ്. രുചികരമായ പലതരം വിഭവങ്ങള്‍ ഉണ്ടാക്കാനും ആരോഗ്യകരവുമായതിനാല്‍ ആളുകള്‍ ഇതിനെ ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നു. എന്നാല്‍ അമിതമായി ബീറ്റ്റൂട്ട് കഴിക്കുന്നത് ശരീരത്തില്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കും.
യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് സര്‍വ്വീസിന്റെ കണക്കനുസരിച്ച് ബീറ്റ്റൂട്ടില്‍ പ്രോട്ടീന്‍ മാത്രമല്ല കാര്‍ബോ ഹൈഡ്രേറ്റ്, കൊഴുപ്പ്, അമിനോ ആസിഡുകള്‍, ഫാറ്റി ആസിഡുകള്‍, ഫൈറ്റോസ്റ്റെറോളുകള്‍, ധാതുക്കള്‍, നാരുകള്‍ എന്നിവയും അടങ്ങിയിട്ടുണ്ട്.
എന്‍എഫ്എസ് ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം അനുസരിച്ച് ഓരോ രണ്ട് ദിവസവും 150 ഗ്രാം ബീറ്റ്റൂട്ട് കഴിക്കുന്നത് ആരോഗ്യകരമാണെന്നും സിസ്റ്റോളിക് രക്തസമ്മര്‍ദ്ദം കുറയ്ക്കുമെന്ന് പഠനം തെളിയിക്കുന്നതായും പറഞ്ഞു.2022ലെ മെറ്റാഅനാലിസിസ് പ്രസ്താവിച്ചത് അനുസരിച്ച് ജ്യൂസിന്റെ രൂപത്തിലാണെങ്കില്‍ ദിവസവും 250 മില്ലി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് ഗുണകരമാണ്.
ബീറ്റ്റൂട്ടിന്റെ പാര്‍ശ്വഫലങ്ങള്‍….
ബീറ്റ്റൂട്ടിലെ ബീറ്റാസയാനിന്റെ പിഗ്മെന്റേഷന്‍ മൂലം മൂത്രവും മലവും പിങ്ക് അല്ലെങ്കില്‍ ചുവപ്പ് നിറത്തില്‍ പോകുന്ന അവസ്ഥയാണ് ബീറ്റൂറിയ.
വൃക്കയിലെ കല്ലുകള്‍
ബീറ്റ്റൂട്ടില്‍ ഓക്സലേറ്റുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ കാല്‍സ്യം ആഗിരണം മന്ദഗതിയിലാക്കും. വലിയ അളവില്‍ കഴിക്കുമ്പോള്‍ ബീറ്റ്റൂട്ട് ശരീരത്തില്‍ ഓക്സലേറ്റുകളുടെ വര്‍ദ്ധനവിന് കാരണമാകും. ഇത് കാല്‍സ്യവുമായി ബന്ധിപ്പിക്കുകയും ആഗിരണം ബുദ്ധിമുട്ടാക്കുകയും ചെയ്യുന്നു. അതുവഴി വൃക്കയിലെ കല്ലുകള്‍ രൂപപ്പെടുന്നതിന് കാരണമാകുന്നു.
ദഹന പ്രശ്‌നങ്ങള്‍
ഉയര്‍ന്ന അളവിലുള്ള നാരുകള്‍ വയറിനെ അസ്വസ്ഥമാക്കുകയും വയറുവേദന, മലബന്ധം, വയറിളക്കം തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. ബീറ്റ്റൂട്ടില്‍ പോഷകങ്ങള്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ മിതമായ അളവില്‍ ബീറ്റ്റൂട്ട് കഴിക്കുന്നതാണ് നല്ലത്.
















