കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉന്നയിച്ച യുവതി സിപിഎം വേദിയിൽ പെൺ കരുത്ത് എന്ന പേരിൽ കൊച്ചി പറവൂരിൽ നടന്ന പരിപാടിയിൽ പങ്കെടുത്തു. കെ.കെ.ശൈലജ, കെ.ജെ.ഷൈൻ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു. ആരേയും തകര്‍ക്കുകയായിരുന്നില്ല തന്റെ ലക്ഷ്യമെന്നും രാഷ്ട്രീയത്തില്‍ കടന്നുവരേണ്ടവര്‍ ഇങ്ങനെയാണോ സ്ത്രീകളോട് പെരുമാറേണ്ടത് എന്ന ചോദ്യമാണ് ഉയര്‍ത്തിയതെന്നും റിനി പറഞ്ഞു. മീഡിയ വൺ പുറത്തുവിട്ട വീഡിയോ കാണാം.
റിനിയുടെ വാക്കുകൾ…
‘എനിക്ക് ഒരു യുവനേതാവില്‍നിന്ന് ചില മോശം സമീപനം നേരിടേണ്ടി വന്നു എന്നാണ് ഞാന്‍ തുറന്ന് പറഞ്ഞത്. പക്ഷേ എന്നാല്‍പ്പോലും ഒരു പ്രസ്ഥാനത്തെ വേദനിപ്പിക്കേണ്ട എന്നു കരുതി ആ പ്രസ്ഥാനത്തിന്റെയോ വ്യക്തിയുടെയോ പേര് പറഞ്ഞിട്ടില്ല. ആരേയും തകര്‍ക്കണമെന്നല്ല എന്റെ ഉദ്ദേശം. രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്ന യുവാക്കള്‍ ഇങ്ങനെയാണോ ആകേണ്ടത് എന്ന ചോദ്യമാണ് ഞാന്‍ ഉന്നയിച്ചത്. സ്ത്രീകളോട് ഇങ്ങനെയാണോ പെരുമാറേണ്ടത്. പേര് പറയാതിരുന്നിട്ടും എനിക്ക് നേരെ വന്‍തോതിലുള്ള ഭയനാകരമായ സൈബര്‍ ആക്രമണമാണ് ഉണ്ടായത്’ റിനി പരിപാടിയില്‍ പറഞ്ഞു.
തനിക്ക് ചെറിയ പ്രശ്നമേ ഉണ്ടായിരുന്നുള്ളൂ എന്നും, എന്നാല്‍ ഇതേ വ്യക്തിയില്‍ നിന്ന് കൂടുതല്‍ തീവ്രമായ അനുഭവങ്ങള്‍ നേരിട്ട പെണ്‍കുട്ടികളുണ്ടെന്ന് മനസ്സിലാക്കിയപ്പോഴാണ് തുറന്ന് പറയാന്‍ തയ്യാറായത്. പല പെണ്‍കുട്ടികളും ഭയം കാരണം പരാതിപ്പെടാനോ പുറത്തുപറയാനോ തയ്യാറാകുന്നില്ലെന്നും, അവര്‍ കടുത്ത ഭീഷണി നേരിടുന്നുണ്ട്. താന്‍ സിപിഎമ്മുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തുകയാണെന്ന തരത്തില്‍ വ്യാജ ആരോപണങ്ങള്‍ നേരിടേണ്ടി വന്നു. ഇപ്പോള്‍ ഇവിടെ വന്ന് സംസാരിക്കുമ്പോഴും തനിക്ക് ഭയമുണ്ട്. ഇത് വെച്ചും ഇനി ആക്രമണമുണ്ടാകാം. സ്ത്രീകള്‍ക്കുവേണ്ടി ഒരക്ഷരമെങ്കിലും സംസാരിക്കേണ്ട ദൗത്യം എനിക്കുംകൂടി ഉണ്ട് എന്ന് മനസ്സിലാക്കിയതുകൊണ്ടാണ് ഇങ്ങോട്ടേക്ക് വന്നതെന്നും റിനി പറഞ്ഞു.
















