വിമാനത്താവളങ്ങളിലെ സുരക്ഷാപരിശോധന ഏവർക്കും അറിയാവുന്ന കാര്യമാണ്. ബാഗിനുള്ളിലെ ലാപ്ടോപ്പ് പുറത്തെടുത്ത് വയ്ക്കണമെന്നും അവർ നിർദ്ദേശം നൽകാറുണ്ട്. എപ്പോഴെങ്കിലും നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ ? എന്തിനാണ് ലാപ്ടോപ്പ് പുറത്തെടുത്ത് വേറെയായി സ്കാൻ ചെയ്യാൻ ആവശ്യപ്പെടുന്നത് എന്ന്. വിഷമിക്കേണ്ട അതിനു ഉത്തരം ഇതാ…
ബാഗിനുള്ളിൽ ഇരിക്കുന്ന ലാപ്ടോപ്പ് സ്കാനറിൽ കൂടി കടന്നു പോകുമ്പോൾ ഒരു വലിയ മതിൽ പോലെയാണ് കാണിക്കുക. ലാപ്ടോപ്പിലെ ബാറ്ററിയും ലോഹ കേസിങ്ങും ചാർജറുകളും മറ്റു വസ്തുക്കളെ മറയ്ക്കുന്ന ഒരു നിഴൽ പോലെ വർത്തിക്കുന്നു. ഈ നിഴലുകൾ പരിശോധനയുടെ സമയത്ത് ഉദ്യോഗസ്ഥർക്ക് സംശയാസ്പദമായി തോന്നാം. ലാപ്ടോപ്പ് പുറത്തെടുക്കുന്നത് കൂടുതൽ വ്യക്തത നൽകുകയും ബാഗ് ഇഴകീറി പരിശോധിക്കേണ്ട അവസ്ഥ ഒഴിവാക്കുകയും ചെയ്യുന്നു.
∙ലിഥിയം – അയൺ ബാറ്ററികൾ
മറ്റ് വസ്തുക്കളിൽ നിന്ന് ലാപ്ടോപ്പുകളെ വ്യത്യസ്തമാക്കുന്നത് അതിനുള്ളിലെ ബാറ്ററിയാണ്. ലാപ്ടോപ്പുകളിലെ ലിഥിയം – അയൺ ബാറ്ററികൾ ശക്തിയേറിയതും സെൻസിറ്റീവുമാണ്. കേടായതോ തകരാറുള്ളതായതോ ആയ ബാറ്ററികൾ പറക്കലിനിടയിൽ അമിതമായി ചൂടാകുകയോ വിമാനയാത്രയ്ക്കിടയിൽ തീപിടുത്തത്തിന് പോലും കാരണമാകുകയോ ചെയ്തേക്കാം. ലാപ്ടോപ് ഇത്തരത്തിൽ പ്രത്യേകമായി പരിശോധിക്കുമ്പോൾ എന്തെങ്കിലും തകരാർ ഉണ്ടെങ്കിൽ പരിശോധകർക്ക് കണ്ടുപിടിക്കാൻ സാധിക്കും.
∙ലാപ്ടോപ്പ് ഉപയോഗിച്ചുള്ള കള്ളക്കടത്തൽ
ബാറ്ററികൾക്ക് തകരാർ ഒന്നുമില്ലെങ്കിലും ലാപ്ടോപ്പ് പരിശോധിക്കാൻ തക്കതായ വേറെയും കാരണങ്ങളുണ്ട്. മിക്കപ്പോഴും കള്ളക്കടത്തുകാർ സാധനങ്ങൾ ഒളിപ്പിച്ചു കടത്താൻ ഉപയോഗിക്കുന്ന ഒന്നാണ് ലാപ്ടോപ്പ്. മയക്കുമരുന്നുകളോ അപകടകരമായ മറ്റു വസ്തുക്കളോ ഒളിപ്പിച്ചു കടത്താൻ കള്ളക്കടത്തുകാർ ലാപ്ടോപ്പിന്റെ കേസിംഗുകൾ പൊള്ളയാക്കുകയോ ഭാഗങ്ങൾ മാറ്റുകയോ ചെയ്തിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ അപൂർവമാണെങ്കിലും ലാപ്ടോപ് പരിശോധന കർശനമാക്കാൻ ഇത്തരം സംഭവങ്ങൾ കാരണമായിട്ടുണ്ട്. ഒരു പ്രത്യേക ട്രേയിൽ ലാപ്ടോപ് പരിശോധിക്കുമ്പോൾ കൃത്യമായി സ്കാൻ ചെയ്യാനും സംശയാസ്പദമായി എന്തെങ്കിലും ഉണ്ടെങ്കിൽ കണ്ടെത്താനും പരിശോധകരെ സഹായിക്കുന്നു.
∙ക്യൂ വേഗത്തിൽ ചലിക്കുന്നു
ലാപ്ടോപ് ബാഗിനുള്ളിൽ വയ്ക്കുമ്പോൾ പരിശോധന കൂടുതൽ സങ്കീർണമാക്കുന്നു. എന്നാൽ, ലാപ്ടോപ് ബാഗിൽ നിന്ന് പുറത്തെടുത്ത് ട്രേയിലേക്കു വയ്ക്കുമ്പോൾ സ്കാനറിന് കൃത്യമായ ഉത്തരം ലഭിക്കുകയും പരിശോധന വേഗത്തിലാക്കുകയും ചെയ്യുന്നു. അതേസമയം, ബാഗിൽ തന്നെയാണ് ലാപ്ടോപ് എങ്കിൽ അത് വീണ്ടും പരിശോധിക്കാൻ സമയം പാഴാക്കേണ്ടി വരും.
∙ഗ്ലോബൽ ഏവിയേഷൻ നിയമങ്ങൾ
പല തരത്തിലുള്ള സംഭവങ്ങൾക്ക് ശേഷം ആഗോള വ്യോമയാന ഏജൻസികളാണ് വിമാനത്താവള നിയമങ്ങൾ ഉണ്ടാക്കിയത്. ഉദാഹരണത്തിന് 2022ൽ വിർജീനിയയിലെ റിച്ച്മണ്ട് രാജ്യാന്തര വിമാനത്താവളത്തിൽ ലാപ്ടോപ് കേസിംഗിൽ ഒളിപ്പിച്ച നിലയിൽ ഇരട്ട ബ്ലേഡുള്ള ഒരു കത്തി കണ്ടെത്തി. ഇതിനു ശേഷമാണ് ലോകമെമ്പാടുമുള്ള ഏജൻസികൾ ലാപ്ടോപ്പിന് പ്രത്യേക സ്ക്രീനിംഗ് വേണമെന്നത് നിർബന്ധമാക്കിയത്. ഏത് വിമാനത്താവളത്തിൽ ആയാലും പരിശോധനയ്ക്ക് എല്ലാം ഒരേ സ്വഭാവമാണ്. യാത്രക്കാരുടെ സുരക്ഷയാണ് ഇത്തരം പരിശോധനകളിലൂടെ ലക്ഷ്യമാക്കുന്നത്.
∙ത്രീഡി സ്കാനറുകൾ
ചില വിമാനത്താവളങ്ങളിൽ ഇതിനകം ത്രീഡി സ്കാനറുകൾ പരീക്ഷിച്ചു തുടങ്ങിയിട്ടുണ്ട്. ഇലക്ട്രോണിക് ഉപകരണങ്ങൾ നീക്കം ചെയ്യാതെ തന്നെ പരിശോധിക്കാൻ കഴിയുന്ന വിധത്തിലാണ് ത്രീഡി സ്കാനറുകൾ. എന്നാൽ, ഈ പരിശോധനയ്ക്ക് ആഗോളതലത്തിൽ അംഗീകാരം ലഭിച്ചിട്ടില്ല. പരമ്പരാഗത പരിശോധന രീതികൾ തന്നെയാണ് മിക്ക വിമാനത്താവളങ്ങളിലും പിന്തുടരുന്നത്. നവീകരിച്ച സ്കാനറുകൾ ആഗോളതലത്തിൽ അംഗീകരിക്കപ്പെടുന്നതു വരെ യാത്രക്കാർ നിലവിലെ ലാപ്ടോപ്പ് പരിശോധന നിയമം പാലിക്കേണ്ടതുണ്ട്.
∙യാത്രക്കാർക്ക് വിശ്വാസം നൽകും
ലാപ്ടോപ് പരിശോധന പലപ്പോഴും മാനസിക പിരിമുറുക്കത്തിന് കാരണമായേക്കാം. എന്നാൽ, യാത്രക്കാരുടെ വിശ്വാസം ആർജിക്കാൻ ഈ പരിശോധനയ്ക്ക് കഴിയുന്നു എന്നതാണ് വാസ്തവം. പരിശോധനയിൽ യാതൊരുവിധ കുറുക്കുവഴിയും സ്വീകരിക്കുന്നില്ലെന്നും എല്ലാ കാര്യങ്ങളും കൃത്യമായി പരിശോധിക്കുന്നുണ്ടെന്നും യാത്രക്കാർ നേരിട്ടു കാണുകയാണ്. ഇത് യാത്രക്കാരിൽ കൂടുതൽ വിശ്വാസം വളർത്തുകയും സുരക്ഷ ഉറപ്പു വരുത്തുന്നുണ്ടെന്നുള്ള ബോധ്യം അവർക്ക് നൽകുകയും ചെയ്യുന്നു.
അതുകൊണ്ടു തന്നെ പരിശോധനയ്ക്കായി ലാപ്ടോപ് പുറത്തെടുക്കുമ്പോൾ ഇനി ആശങ്കപ്പെടേണ്ട. നിങ്ങളുടെ സുരക്ഷയും യാത്രക്കാരുടെ സുരക്ഷയും ഉറപ്പു വരുത്താനാണ് ഇത്തരത്തിലുള്ള പരിശോധന എന്ന് മനസ്സിലാക്കുക.
















