വീടിന്റെ ഭംഗി നശിപ്പിക്കുന്ന പ്രധാന വില്ലനാണ് പൂപ്പൽ ബാധ. പല വീടുകളിലും പൂപ്പൽ ഒരു ഒഴിയാബാധയാണ്. ഇതുമൂലം വീട്ടിലുള്ളവർക്ക് അലർജികളും മറ്റു രോഗങ്ങളും ഉണ്ടാകാനിടയുണ്ട്. ഈർപ്പം, ചോർച്ച, വായുസഞ്ചാരമില്ലാത്ത അവസ്ഥ തുടങ്ങിയവയാണ് ഭിത്തിയിൽ പൂപ്പൽ പടർന്നു പിടിക്കുന്നതിനുള്ള കാരണങ്ങൾ.
പൂപ്പൽ പിടിപെടുന്നതിനുള്ള കാരണം കണ്ടെത്തുകയാണ് ആദ്യം വേണ്ടത്. അടുക്കളയിൽ പാചകം ചെയ്യുന്ന സമയത്ത് നീരാവിയുടെ സാന്നിധ്യവും ബാത്റൂമുകൾ ഉണങ്ങാതെ സൂക്ഷിക്കുന്നതും മുറികൾക്കുള്ളിൽ നനഞ്ഞ വസ്ത്രങ്ങൾ പതിവായി ഉണങ്ങാനിടുന്നതുമെല്ലാം ഈർപ്പം തങ്ങി നിൽക്കുന്നതിനും ക്രമേണ പൂപ്പൽ പടരുന്നതിനും വഴിയൊരുക്കും. അതിനാൽ പൂപ്പൽ കണ്ടെത്തിയാൽ ഇക്കാര്യങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക. അതോടൊപ്പം ഭിത്തിയിൽ ചോർച്ച കണ്ടെത്തിയാൽ ഉടൻ അത് പരിഹരിക്കുകയും വേണം.
പൂപ്പൽ നീക്കം ചെയ്യാനുള്ള മാർഗങ്ങൾ
അധികമായി പൂപ്പൽ ബാധിച്ച് നീക്കം ചെയ്യാനാവാത്ത അവസ്ഥയിലാണെങ്കിൽ പ്രൊഫഷനലുകളുടെ സഹായം തേടാം. എന്നാൽ പൂപ്പൽ ബാധ തുടക്കത്തിൽ തന്നെ നീക്കംചെയ്യാൻ വീട്ടിലുള്ള വസ്തുക്കൾ ഉപയോഗിക്കാവുന്നതാണ്. പൂപ്പൽ വായുവിൽ പടരുന്നതിനാൽ അവ നീക്കം ചെയ്യുന്ന സമയത്ത് കണ്ണും മൂക്കും മറയ്ക്കുക.
* വെളുത്ത വിനാഗിരി ഉപയോഗിച്ച് പൂപ്പൽ നീക്കം ചെയ്യാം. വിനാഗിരി വെള്ളത്തിൽ കലർത്താതെ നേരിട്ട് തന്നെ പൂപ്പലിനു മുകളിൽ സ്പ്രേ ചെയ്തുകൊടുക്കുക. ഒരു മണിക്കൂറിനു ശേഷം ബ്രഷ് ഉപയോഗിച്ച് ഉരച്ച് നീക്കാവുന്നതാണ്. പൂപ്പൽ പൂർണ്ണമായി നീങ്ങിയെന്ന് ഉറപ്പായാൽ ഒരിക്കൽ കൂടി തുടച്ചിടുക.
* രണ്ട് ടേബിൾ സ്പൂൺ ബേക്കിങ് സോഡ രണ്ട് കപ്പ് വെള്ളത്തിൽ കലർത്തി മിശ്രിതം തയ്യാറാക്കാം. ബേക്കിങ് സോഡ വെള്ളത്തിൽ പൂർണമായും ലയിച്ച ശേഷം ഇത് നേരിട്ട് പൂപ്പലിലേക്ക് സ്പ്രൈ ചെയ്തുകൊടുക്കാം. പറ്റിപ്പിടിച്ച നിലയിലാണ് പൂപ്പൽ ഉള്ളതെങ്കിൽ ബേക്കിങ് സോഡയിൽ അൽപം വെള്ളം കലർത്തി പേസ്റ്റ് രൂപത്തിലാക്കിയ ശേഷം പൂപ്പലിൽ തേച്ചുപിടിപ്പിക്കാം. അഞ്ചോ പത്തോ മിനിറ്റിനു ശേഷം ഉരച്ച് കഴുകിയെടുക്കാവുന്നതാണ്. പൂപ്പൽ പൂർണമായി നീങ്ങിയ ശേഷം ഒരിക്കൽ കൂടി തുടച്ച് ജനാലകൾ തുറന്നിട്ട് വായു സഞ്ചാരം ഉറപ്പാക്കി ഭിത്തി ഉണക്കിയെടുക്കുക.
* നാരങ്ങാ നീരിന്റെ അസിഡിക് സ്വഭാവവും പൂപ്പൽ നീക്കം ചെയ്യാൻ ഫലപ്രദമാണ്. മൈൽഡ് സോപ്പ് ലായനി ഉപയോഗിച്ച് പൂപ്പൽ പിടിച്ച ഭാഗം തുടച്ചശേഷം നാരങ്ങാനീര് ഉപയോഗിക്കാം. പൂപ്പലിന്റെ തോത് അനുസരിച്ച് നാരങ്ങാനീര് ആവശ്യത്തിന് പിഴിഞ്ഞെടുത്ത് അത് സ്പ്രേ ബോട്ടിലിലാക്കി നേരിട്ട് പൂപ്പലിനു മേലേയ്ക്ക് സ്പ്രേ ചെയ്യുകയോ അല്ലെങ്കിൽ സ്ക്രബർ സ്പോഞ്ച് നാരങ്ങാനീരിൽ മുക്കിയ ശേഷം പൂപ്പലിൽ ഉരസുകയോ ചെയ്യാം. പൂപ്പൽ നീക്കം ചെയ്യുന്നതിനൊപ്പം മുറിയിൽ ഫ്രഷ്നെസ്സ് നിറയ്ക്കാനും ഇത് സഹായിക്കും. വൃത്തിയാക്കിയ ശേഷം ഒരിക്കൽ കൂടി പ്രതലം തുടയ്ക്കുക.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ :
* പൂപ്പൽ നീക്കം ചെയ്ത ശേഷം ഭിത്തി നന്നായി ഉണങ്ങിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ഫാൻ ഓൺ ചെയ്തിടാനും ജനാലകൾ തുറന്നിടാനും ശ്രദ്ധിക്കുക. ഈർപ്പം പൂർണ്ണമായി നീങ്ങുന്നതിന് ഡീഹ്യുമിഡിഫയറും ഉപയോഗിക്കാം.
* വായുസഞ്ചാരം ഉറപ്പാക്കുന്നതിലൂടെ പൂപ്പലിന് ഒരുപരിധിവരെ തടയിടാനാകും. അതിനാൽ സാധ്യമാകുന്ന സമയത്തെല്ലാം ജനാലകൾ തുറന്നിടാൻ ശ്രദ്ധിക്കുക. ഫർണിച്ചറുകൾ ഭിത്തിയിൽ നിന്നും അൽപം അകറ്റിയിടാം. അടുക്കളയിലും ബാത്റൂമിലും എക്സ്ഹോസ്റ്റ് ഫാൻ സ്ഥാപിക്കുന്നത് ഫലപ്രദമാണ്.
* പെയിന്റ് ചെയ്യുന്ന സമയത്ത് പൂപ്പലിനെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കാം. പൂപ്പൽ ഉണ്ടാകാത്ത തരം ആന്റി മോൾഡ് പെയിന്റ് ഉപയോഗിക്കുന്നത് ഫലപ്രദമാണ്.
* ചോർച്ചയോ ഭിത്തിയിൽ നനവോ ശ്രദ്ധയിൽപ്പെട്ടാൽ അത് ഉടൻ പരിഹരിക്കുക എന്നത് പ്രധാനമാണ്. ഭിത്തിയിൽ വിള്ളലുകളുണ്ടെങ്കിൽ നനവും ഈർപ്പവും തങ്ങിനിൽക്കാൻ ഇടയാകുന്നതിനു മുൻപ് തന്നെ അവ സീൽ ചെയ്യുക.
* വീടിന്റെ ഫൗണ്ടേഷന് സമീപം വെള്ളം കെട്ടിനിൽക്കുന്നില്ല എന്ന് ഉറപ്പുവരുത്തുക. പ്രത്യേകിച്ച് മഴക്കാലത്ത് ഇക്കാര്യത്തിൽ ശ്രദ്ധ വേണം.
* വീടിനുള്ളിൽ നനവ് അധികമായി ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലത്ത് സിലിക്ക ജെല്ലോ കല്ലുപ്പോ കണ്ടെയ്നറുകളിലാക്കി വയ്ക്കാം. അധിക ഈർപ്പം ഇവ ആഗിരണം ചെയ്യും.
















