പറവൂര്‍: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരെ നടത്തിയ വിവാദമായ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ നടി റിനി ആൻ ജോർജ് സി.പി.എം വേദിയിൽ പങ്കെടുത്തു. സ്ത്രീകള്‍ക്കെതിരെയുള്ള അധിക്ഷേപങ്ങള്‍ക്കും സൈബര്‍ ആക്രമണങ്ങള്‍ക്കും പറവൂരില്‍ സിപിഎം സംഘടിപ്പിച്ച പരിപാടിയിലാണ് റിനി പങ്കെടുത്തത്. സിപിഎം നേതാവ് കെ.ജെ.ഷൈന്‍ റിനിയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. ‘റിനിയെപോലുള്ള സ്ത്രീകള്‍ ഈ പ്രസ്ഥാനത്തോടൊപ്പം ചേരണം. റിനിക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാമെങ്കിലും തിരിച്ചറിവ് ഉണ്ടാകുന്ന സമയം ഞങ്ങള്‍ ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു’ കെ.ജെ.ഷൈന്‍ പറഞ്ഞു. കെ.ജെ.ഷൈനിന് നേരെ നടന്ന പ്രചാരണങ്ങളുടെ പശ്ചാത്തലത്തില്‍കൂടിയാണ് സിപിഎം പെണ്‍ പ്രതിരോധം എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചത്. മാതൃഭൂമിന്യൂസ് പുറത്തുവിട്ട വീഡിയോ കാണാം.
‘എനിക്ക് ഒരു യുവനേതാവില്‍നിന്ന് ചില മോശം സമീപനം നേരിടേണ്ടി വന്നു എന്നാണ് ഞാന്‍ തുറന്ന് പറഞ്ഞത്. പക്ഷേ എന്നാല്‍പ്പോലും ഒരു പ്രസ്ഥാനത്തെ വേദനിപ്പിക്കേണ്ട എന്നു കരുതി ആ പ്രസ്ഥാനത്തിന്റെയോ വ്യക്തിയുടെയോ പേര് പറഞ്ഞിട്ടില്ല. ആരേയും തകര്‍ക്കണമെന്നല്ല എന്റെ ഉദ്ദേശം. രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്ന യുവാക്കള്‍ ഇങ്ങനെയാണോ ആകേണ്ടത് എന്ന ചോദ്യമാണ് ഞാന്‍ ഉന്നയിച്ചത്. സ്ത്രീകളോട് ഇങ്ങനെയാണോ പെരുമാറേണ്ടത്. പേര് പറയാതിരുന്നിട്ടും എനിക്ക് നേരെ വന്‍തോതിലുള്ള ഭയനാകരമായ സൈബര്‍ ആക്രമണമാണ് ഉണ്ടായത്’ റിനി പരിപാടിയില്‍ പറഞ്ഞു.തനിക്ക് ചെറിയ പ്രശ്നമേ ഉണ്ടായിരുന്നുള്ളൂ എന്നും, എന്നാല്‍ ഇതേ വ്യക്തിയില്‍ നിന്ന് കൂടുതല്‍ തീവ്രമായ അനുഭവങ്ങള്‍ നേരിട്ട പെണ്‍കുട്ടികളുണ്ടെന്ന് മനസ്സിലാക്കിയപ്പോഴാണ് തുറന്ന് പറയാന്‍ തയ്യാറായത്. പല പെണ്‍കുട്ടികളും ഭയം കാരണം പരാതിപ്പെടാനോ പുറത്തുപറയാനോ തയ്യാറാകുന്നില്ലെന്നും, അവര്‍ കടുത്ത ഭീഷണി നേരിടുന്നുണ്ട്. താന്‍ സിപിഎമ്മുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തുകയാണെന്ന തരത്തില്‍ വ്യാജ ആരോപണങ്ങള്‍ നേരിടേണ്ടി വന്നു. ഇപ്പോള്‍ ഇവിടെ വന്ന് സംസാരിക്കുമ്പോഴും തനിക്ക് ഭയമുണ്ട്. ഇത് വെച്ചും ഇനി ആക്രമണമുണ്ടാകാം. സ്ത്രീകള്‍ക്കുവേണ്ടി ഒരക്ഷരമെങ്കിലും സംസാരിക്കേണ്ട ദൗത്യം എനിക്കുംകൂടി ഉണ്ട് എന്ന് മനസ്സിലാക്കിയതുകൊണ്ടാണ് ഇങ്ങോട്ടേക്ക് വന്നതെന്നും റിനി പറഞ്ഞു.
കെ.കെ.ഷൈലജയായിരുന്നു പരിപാടി ഉദ്ഘാടനം ചെയ്തത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉന്നയിച്ച പെണ്‍കുട്ടി പരാതി നല്‍കാത്തതിന് കാരണം, ആ പ്രസ്ഥാനത്തിനുള്ളിലെ ഒരു സംഘം അവര്‍ക്കെതിരെ നടത്തുന്നത് അതിശക്തമായ സൈബര്‍ ഭീഷണിയാണെന്ന് ഷൈലജ പറഞ്ഞു. രാഷ്ട്രീയ എതിരാളികളെ പരാജയപ്പെടുത്താന്‍ വൃത്തികെട്ട മാനസികരോഗികളായ ഒരു സൈബര്‍ സംഘത്തെ യുഡിഎഫ് തീറ്റിപ്പോറ്റി വളര്‍ത്തുകയാണെന്ന് കെ.കെ. ശൈലജ ആരോപിച്ചു. തനിക്കെതിരെയും വ്യാജ ലെറ്റര്‍പാഡ് ഉപയോഗിച്ചും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചും അപവാദ പ്രചാരണം നടത്തിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
















