വനിതാ ലോകകപ്പിനിടെ വിവാദ പ്രസ്താവനയുമായി പാകിസ്താൻ മുൻ താരവും കമന്റെറ്ററുമായ സന മിർ. മത്സരത്തിനിടെ ആസാദ് കാശ്മീർ എന്ന പരാമർശമാണ് വിവാദത്തിന് കാരണമായത്. പാക് അധിനിവേശ കാശ്മീരിനെ പാകിസ്താൻ വിശേഷിപ്പിക്കുന്ന പേരാണ് ആസാദ് കാശ്മീർ. സന മിറിന്റെ പ്രസ്താവനക്കെതിരെ സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധം ഉയർന്നു. ഐസിസി നടപടിയെടുക്കണമെന്ന് ആവശ്യം. ഇപ്പോൾ പുരോഗമിക്കുന്ന പാകിസ്താൻ ബംഗ്ലാദേശ് മത്സരത്തിനിടയാണ് വിവാദ പ്രസ്താവന നടത്തിയത്.
മത്സരം റിപ്പോർട്ട് ചെയ്യുന്നതിനിടെ,പാക് താരം നതാലിയ പർവേസിനെ ആസാദ് കശ്മീരിൽ നിന്നുള്ള താരം എന്ന് സന മിർ വിശേഷിപ്പിച്ചതാണ് വിവാദത്തിന് തിരികൊളുത്തിയിട്ടുള്ളത്. രാഷ്ട്രീയവും കായികരംഗവും കൂട്ടിക്കലർത്തുന്നതിനെതിരെ ഐസിസി കർശനമായി വിലക്കേർപ്പെടുത്തിയിട്ടുണ്ട്. സന മിർ ക്രിക്കറ്റിലേക്ക് ഭൂമിശാസ്ത്രപരമായ രാഷ്ട്രീയം വലിച്ചിഴച്ചതിനും ഇന്ത്യയുടെ അവകാശവാദത്തെ ചോദ്യം ചെയ്യാൻ ശ്രമിച്ചതിനും എതിരെ ആയിരക്കണക്കിന് ആരാധകരാണ് സോഷ്യൽ മീഡിയയിൽ പ്രതിഷേധിച്ചത്. ഐസിസിയേയും ബിസിസിഐയേയും ടാഗ് ചെയ്തുകൊണ്ട്, കമന്‍ററി പാനലിൽ നിന്ന് സന മിറിനെ നീക്കം ചെയ്യണമെന്ന് ആരാധകർ ശക്തമായി ആവശ്യപ്പെട്ടു.
STORY HIGHLIGHT : sana mir azad kashmir remark womens world cup
















