യുഎഇയിൽ ഉടനീളം ട്രെയിനിൽ യാത്ര ചെയ്യാനുള്ള കാത്തിരിപ്പിന് ഇനി മാസങ്ങളുടെ ദൂരമേയുള്ളൂ. ഇത്തിഹാദ് റെയിലിന്റെ പാസഞ്ചർ സർവീസ് 2026-ൽ ആരംഭിക്കുമെന്ന് അധികൃതർ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ഇതുമായി ബന്ധപ്പെട്ട്, ഇക്കോണമി, ഫാമിലി, ഫസ്റ്റ് ക്ലാസ് എന്നിങ്ങനെ മൂന്ന് ഇനം ടിക്കറ്റുകളും പ്രഖ്യാപിച്ചിട്ടുണ്ട്. അബുദാബിയിലെ ഗ്ലോബൽ റെയിൽ സമ്മേളനത്തിൽ വെച്ചായിരുന്നു പ്രഖ്യാപനം. നാഷണൽ എക്സിബിഷൻ സെന്ററിൽ പാസഞ്ചർ ട്രെയിനിന്റെ മാതൃകയും പൊതുജനങ്ങൾക്കായി പ്രദർശിപ്പിച്ചു.
നിലവിൽ ദുബായ് എമിറേറ്റിൽ മാത്രമാണ് ട്രെയിൻ സർവീസുള്ളത്. ഈ പാസഞ്ചർ സർവീസ് വരുന്നതോടെ യുഎഇയുടെ ഗതാഗത രംഗത്ത് വലിയ മാറ്റങ്ങൾ വരുമെന്നാണ് പ്രതീക്ഷ. ഇത്തിഹാദ് റെയിലിൽ യാത്രക്കാർക്കായി മൂന്നിനം സീറ്റിങ് സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
ഇക്കോണമി ക്ലാസ് സീറ്റുകൾ ഒന്നിനുപിറകെ ഒന്നായി സാധാരണ രീതിയിൽ സജ്ജീകരിക്കും. ഫാമിലി ക്ലാസ് സീറ്റുകൾ ഒരു മേശയ്ക്കു ചുറ്റും കുടുംബാംഗങ്ങൾക്ക് ഒരുമിച്ച് ഇരുന്ന് യാത്ര ചെയ്യാനാകുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്.
ഫസ്റ്റ് ക്ലാസ് സീറ്റുകൾ യാത്രക്കാരുടെ സൗകര്യം അനുസരിച്ച് അഡ്ജസ്റ്റ് ചെയ്യാവുന്ന വിധത്തിലുള്ള വിശാലമായ സീറ്റുകളാണ്. ഈ സീറ്റുകൾക്ക് സമീപത്തായി ട്രേ ടേബിളും ലഗേജുകൾ വയ്ക്കാൻ പ്രത്യേക സ്ഥലവും ഉണ്ടാകുമെന്ന് ഇത്തിഹാദ് റെയിൽ മൊബിലിറ്റി (പാസഞ്ചർ സർവീസസ് ഡിവിഷൻ) ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് അസ്സ അൽ സുവൈദി അറിയിച്ചു.
യുഎഇയിലെ 11 നഗരങ്ങളെയും പ്രദേശങ്ങളെയും ബന്ധിപ്പിച്ചാണ് ഇത്തിഹാദ് റെയിൽ പാത കടന്നുപോകുന്നത്. ഈ സർവീസ് യാഥാർത്ഥ്യമാകുമ്പോൾ അബുദാബിയിൽനിന്ന് ദുബായിലേക്ക് 57 മിനിറ്റുകൊണ്ടും ഫുജൈറയിലേക്ക് 105 മിനിറ്റുകൊണ്ടും എത്താനാകും.
മരുഭൂമിയും ഹരിതാഭയും കടന്ന് ഹജർ പർവതനിരകളിലൂടെയുള്ള ട്രെയിൻ യാത്ര പ്രത്യേക അനുഭവമായിരിക്കും സമ്മാനിക്കുക. യുഎഇയിൽ സേവനം ആരംഭിച്ചതിന് ശേഷം ഒമാൻ അടക്കമുള്ള മറ്റ് ജിസിസി രാജ്യങ്ങളിലെ റെയിൽ ശൃംഖലയുമായി ബന്ധിപ്പിച്ച് ജിസിസി റെയിൽ എന്ന സ്വപ്നം യാഥാർഥ്യമാക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
















