ഗസ്സ സിറ്റി: ഗസ്സയ്ക്ക് സഹായവുമായി പുറപ്പെട്ട ‘ഗ്ലോബൽ സുമൂദ് ഫ്ലോട്ടില’ എന്ന കപ്പൽവ്യൂഹം തടഞ്ഞ് അഞ്ഞൂറോളം ആക്ടിവിസ്റ്റുകളെ തടവിലാക്കിയ ഇസ്രായേൽ നടപടിക്കെതിരെ ലോകരാജ്യങ്ങളിൽ പ്രതിഷേധം ആളിക്കത്തുന്നു. ഇസ്രായേലിന്റെ നടപടി ഭീകരപ്രവർത്തനവും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണെന്ന് സ്പെയിൻ, കൊളംബിയ തുടങ്ങിയ രാജ്യങ്ങൾ ശക്തമായി അപലപിച്ചു.
പ്രതിഷേധത്തിന്റെ ഭാഗമായി കൊളംബിയ തങ്ങളുടെ രാജ്യത്തുള്ള മുഴുവൻ ഇസ്രായേലി നയതന്ത്ര ഉദ്യോഗസ്ഥരെയും പുറത്താക്കാൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ ഉത്തരവിട്ടു. ഇറ്റലിയിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ സി.ജി.ഐ.എൽ (CGIL) ഇന്ന് രാജ്യവ്യാപകമായി പൊതുപണിമുടക്കിന് ആഹ്വാനം ചെയ്തു. ഫ്ലോട്ടിലക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഫലസ്തീൻ പതാകകളുമായി തുർക്കി ബോട്ടുകൾ ഹതായ് തീരത്ത് പ്രകടനം നടത്തി.
ആഗസ്റ്റ് 31-ന് സ്പെയിൻ, തുനീഷ്യ, സിസിലി എന്നിവിടങ്ങളിൽ നിന്ന് പുറപ്പെട്ട 44 ചെറുകപ്പലുകളാണ് ഇസ്രായേൽ പിടിച്ചെടുത്തത്. 40-ൽ അധികം രാജ്യങ്ങളിൽ നിന്നുള്ള 500-ഓളം പ്രവർത്തകർ ഈ കപ്പലുകളിൽ ഉണ്ടായിരുന്നു. പ്രശസ്ത പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുംബർഗ്, ഫ്രഞ്ച് യൂറോപ്യൻ പാർലമെന്റ് അംഗം എമ്മ ഫോറ്യൂ, ബാഴ്സലോണ മേയർ അഡാ കോലോവ് എന്നിവരും തടവിലാക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഇവരെ അസ്ദോദ് തുറമുഖത്തിനടുത്തുള്ള തടങ്കൽ പാളയത്തിലേക്ക് മാറ്റി. പിടികൂടിയ പ്രവർത്തകരെ അവരുടെ രാജ്യങ്ങളിലേക്ക് തിരിച്ചയക്കുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
അതേസമയം, സംഘത്തിലെ ഒരു കപ്പൽ ഇസ്രായേലിന്റെ ഉപരോധം മറികടന്ന് ഗസ്സ തീരത്തേക്ക് നീങ്ങിയതായി റിപ്പോർട്ടുകളുണ്ട്. ഇതാദ്യമായാണ് ഒരു കപ്പൽ ഇസ്രായേൽ ഉപരോധം ഭേദിക്കുന്നത്. എന്നാൽ, എല്ലാ കപ്പലുകളും പിടിച്ച് അസ്ദോദ് തുറമുഖത്തേക്ക് മാറ്റിയെന്നാണ് ഇസ്രായേലിന്റെ ഔദ്യോഗിക ഭാഷ്യം.
ഗസ്സയിൽ ആക്രമണം, നയതന്ത്ര ചർച്ചകൾ
മറ്റൊരു സംഭവവികാസത്തിൽ, ഗസ്സയിൽ ഇസ്രായേൽ ആക്രമണം ശക്തമാക്കി. കഴിഞ്ഞ ദിവസം മാത്രം 48 പേർ കൊല്ലപ്പെട്ടു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച ഇരുപതിന പദ്ധതിക്ക് യൂറോപ്യൻ യൂണിയനും റഷ്യയും പിന്തുണ പ്രഖ്യാപിച്ചു. ഹമാസ് വിഷയത്തിൽ തുർക്കി, ഈജിപ്ത്, ഖത്തർ എന്നിവരുമായി ചർച്ചയിലാണെന്നും തീരുമാനം ഉടൻ അറിയിക്കുമെന്നും വ്യക്തമാക്കി. ഇതിനിടെ, ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽ ജൂത ദേവാലയത്തിന് നേരെയുണ്ടായ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ട സംഭവത്തിൽ ഇസ്രായേലും ലോകരാജ്യങ്ങളും അനുശോചനം രേഖപ്പെടുത്തി.
















