ചെന്നൈ: കരൂര്‍ അപകടവുമായി ബന്ധപ്പെട്ട മൂന്ന് ഹര്‍ജികള്‍ ഇന്ന് മദ്രാസ് ഹൈക്കോടതിയുടെ വിവിധ ബെഞ്ചുകള്‍ പരിഗണിക്കും. അപകടത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള തമിഴക വെട്രി കഴകത്തിന്റെ ഹര്‍ജി മദ്രാസ് ഹൈക്കോടതി മധുരൈ ബെഞ്ചാണ് പരിഗണിക്കുക. വിജയ്ക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജിയും, അന്വേഷണം സിബിഐക്ക് വിടണം എന്നാവശ്യപ്പെട്ട് ടിവികെ നൽകിയ ഹർജിയും ഇന്ന് മദ്രാസ് ഹൈക്കോടതി പരിഗണിക്കും. പ്രതിപ്പട്ടികയിലുള്ള ടിവികെ ഭാരവാഹികളായ ബുസി ആനന്ദ്, നിർമൽ കുമാർ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയും മധുര ബഞ്ചും ഇന്ന് പരിഗണിക്കുന്നുണ്ട്.
ജസ്റ്റിസ് സെന്തിൽ കുമാറിന്റെ ബെഞ്ച് ഇന്ന് കേസ് പരിഗണിക്കും. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ടിവികെ ഹർജിയും ബുസി ആനന്ദും നിർമൽകുമാറും നൽകിയ മുൻകൂർ ജാമ്യാപേക്ഷയും ഇന്ന് ഹൈക്കോടതിയുടെ മുന്നിലെത്തുന്നതിനാൽ വിജയ്ക്കും ഡിഎംകെയ്ക്കും ഇന്ന് നിർണായകമാണ്.
അതേസമയം സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് കരൂര്‍ സന്ദര്‍ശിക്കും. സിബിഐ അന്വേഷണാവശ്യത്തെ സംസ്ഥാന സർക്കാർ അതിശക്തമായി എതിർക്കും. ദുരന്തഭൂമി സന്ദശിക്കുന്ന സംഘം ഉച്ചയ്ക്ക് വാർത്താസമ്മേളനം നടത്തുന്നുണ്ട്. കേരളത്തിൽ നിന്നുള്ള എംപിമാരായ കെ രാധാകൃഷ്ണും വി ശിവദാസനും സംഘത്തിലുണ്ടാകും.
















