ഖത്തറിന്റെ സുരക്ഷയ്ക്കായി യുഎസ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. അറബ് രാജ്യത്തെ സുപ്രധാന സുരക്ഷാ പങ്കാളിയായി പ്രഖ്യാപിക്കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവിൽ പ്രസിഡണ്ട് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു. ഖത്തറിനെതിരെയുള്ള ആക്രമണം തങ്ങൾക്കെതിരെ കൂടിയുള്ള ആക്രമണമായി കണക്കാക്കുമെന്നാണ് ഉത്തരവിൽ പറയുന്നത്. ദോഹയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഖത്തറുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവ്.
ഖത്തറിന്റെ ഭൂപ്രദേശം, പരമാധികാരം, നിർണായക അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്കു മേലുള്ള സായുധ ആക്രമണം യുഎസിന്റെ കൂടി സുരക്ഷയ്ക്കും സമാധാനത്തിനും മേലുള്ള ഭീഷണിയായി കണക്കാക്കും എന്നാണ് ഉത്തരവിൽ പറയുന്നത്. സൈനിക മേഖലയിൽ അടക്കം വർഷങ്ങളായി പരസ്പര സഹകരണമുള്ള രാജ്യങ്ങളാണ് യുഎസും ഖത്തറും. ആഗോള സംഘർഷങ്ങളിൽ മധ്യസ്ഥൻ എന്ന നിലയിൽ ഖത്തർ യുഎസുമായി ചേർന്നു പ്രവർത്തിക്കുന്നുണ്ട്.
ഈ ചരിത്രം മാനിച്ചും, വിദേശത്തു നിന്നുള്ള ഭീഷണി കണക്കിലെടുത്തും ഖത്തറിന്റെ സുരക്ഷ ഉറപ്പുവരുത്തേണ്ടത് യുഎസിന്റെ നയമാണ്. ഖത്തറിനെതിരെ ആക്രമണമുണ്ടാകുന്ന പക്ഷം, നയതന്ത്രം, സാമ്പത്തികം, ആവശ്യമെങ്കിൽ സൈനികമടക്കമുള്ള നിയമപരവും ഉചിതവുമായ നടപടികൾ യുഎസ് കൈക്കൊള്ളുമെന്നും ഉത്തരവിൽ വ്യക്തമാക്കി. നാറ്റോ ഇതര സഖ്യകക്ഷിക്കു വേണ്ടി ആദ്യമായാണ് യുഎസ് ഇത്തരത്തിലൊരു എക്‌സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിക്കുന്നത്.
ട്രംപിന്റെ ഇടപെടലിൽ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു കഴിഞ്ഞ ദിവസം ഖത്തർ പ്രധാനമന്ത്രിയെ വിളിച്ച് ആക്രമണത്തിൽ മാപ്പു ചോദിച്ചിരുന്നു. ഇനിയൊരു ആക്രമണമുണ്ടാകില്ലെന്നും നെതന്യാഹു ഉറപ്പുനൽകിയിരുന്നു.
















