യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച ഗാസ സമാധാന പദ്ധതിയോടുള്ള ഹമാസിന്റെ പ്രതികരണം വരാനിരിക്കേ ഇക്കാര്യത്തിൽ ചർച്ച വേണ്ടിവരുമെന്നു മധ്യസ്ഥരായ ഖത്തറും ഈജിപ്തും വ്യക്തമാക്കി. അറബ് രാജ്യങ്ങൾക്കിടയിൽ പദ്ധതിയെക്കുറിച്ചു ഭിന്നാഭിപ്രായങ്ങളുണ്ടെന്ന സൂചനയാണിത് നൽകുന്നത്. സംഘർഷം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ പദ്ധതി അംഗീകരിക്കാൻ ഹമാസിനെ പ്രേരിപ്പിക്കാൻ ഖത്തറും തുർക്കിയുമായി ചേർന്നു പ്രവർത്തിക്കുകയാണെന്നും പദ്ധതി ഹമാസ് നിരസിച്ചാൽ സംഘർഷം വ്യാപിക്കുമെന്നു വ്യക്‌തമാണെന്നും ഈജിപ്ത് വിദേശകാര്യ മന്ത്രി ബദർ അബ്ദെലത്തി പറഞ്ഞു. പ്രതികരണം ചർച്ച ചെയ്തശേഷം അറിയാക്കമെന്നാണു ഹമാസ് വ്യക്തമാക്കിയിട്ടുള്ളത്. ഹമാസ് ബന്ദികളെ മോചിപ്പിക്കണം, ഗാസയിൽ അധികാരമൊഴിയുകയും ആയുധം ഉപേക്ഷിക്കുകയും വേണം, പകരം തടവിലുള്ള പലസ്തീൻകാരെ ഇസ്രയേൽ വിട്ടയയ്ക്കും എന്നിവയാണ് പദ്ധതിയിലെ പ്രധാന വ്യവസ്ഥകൾ. മൂന്നോ നാലോ ദിവസത്തിനകം ഇവ ഹമാസ് അംഗീകരിക്കണമെന്നാണു ട്രംപ് ആവശ്യപ്പെടുന്നത്.
അതേസമയം ഗാസയിൽ ശേഷിക്കുന്ന മുഴുവൻ പലസ്തീൻകാരും ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേൽ അന്ത്യശാസനം നൽകി. ഇല്ലെങ്കിൽ അവരെ ഹമാസ് അനുഭാവികളായി കണക്കാക്കുമെന്നും അവർക്കു നാശമായിരിക്കുമെന്നും മുന്നറിയിപ്പു നൽകി. ഗാസ സിറ്റിയിൽനിന്നു പുറത്തേക്കുള്ള പ്രധാനപാത അടയ്ക്കുമെന്നും ഇസ്രയേൽ സേന അറിയിച്ചു. ട്രംപിന്റെ ഗാസ സമാധാനപദ്ധതിക്കു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത് ഉൾപ്പെടെ ആഗോളപിന്തുണ ലഭിച്ചെന്നു വൈറ്റ് ഹൗസ് പറഞ്ഞു. മോദിയുടെ സമൂഹമാധ്യമകുറിപ്പും വൈറ്റ് ഹൗസ് പങ്കിട്ടു. യുഎസ് പദ്ധതി ഹമാസ് അംഗീകരിക്കണമെന്ന് ലിയോ മാർപാപ്പ അഭ്യർഥിച്ചു.
















