കോഴിക്കോട്: ഫലസ്തീൻ വംശഹത്യക്കെതിരെ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ച് എല്‍ഡിഎഫ്. കോഴിക്കോട് മുതലക്കുളത്ത് നടന്ന പരിപാടി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ ഫലസ്തീൻ അംബാസഡർ അബ്ദുല്ല എം അബൂ ഷാവേസ് മുഖ്യാതിഥിയായിരുന്നു.
അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പിന്തുണയോടെ ഇസ്രായേൽ ഫലസ്തീനിൽ നടത്തുന്ന വംശഹത്യക്കെതിരെ രൂക്ഷമായ മുദ്രാവാക്യങ്ങളുമായി ആയിരങ്ങളാണ് കോഴിക്കോട് മുതലക്കുളം മൈതാനിയിൽ തടിച്ചുകൂടിയത്.
ഇസ്രായേലിനെതിരെ കടുത്ത നിലപാട് സ്വീകരിച്ചിരുന്ന ഇന്ത്യ, ഇസ്രായേലിന് ഇപ്പോൾ നൽകുന്ന പിന്തുണ അപമാനകരമാണെന്ന് സദസ്സ് ഉദ്ഘാടനം ചെയ്ത ഗോവിന്ദൻ പറഞ്ഞു.സോവിയറ്റ് യൂണിയന്‍റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ചേരിയുടെ ശക്തി ക്ഷയിച്ചതാണ് സാമ്രാജ്യത്വത്തിന്റെ അതിരുവിട്ട കടന്നുകയറ്റങ്ങൾക്ക് കാരണമാകുന്നതെന്നും എം.വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി.
















