തിരുവനന്തപുരം: സംസ്ഥാനത്ത് സെപ്റ്റംബർ മാസത്തിൽ മാത്രം അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ചത് 11 പേർ. 40 പേർക്കായിരുന്നു രോഗബാധ സ്ഥിരീകരിച്ചിരുന്നത്. ഈ വർഷം 87പേർക്കാണ് അകെ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്.
ഇവരിൽ 21 പേർ മരണപ്പെടുകയും ബാക്കിയുള്ള ആളുകൾ സുഖം പ്രാപിക്കുകയും ചെയ്തു. മരിച്ച ആളുകളിൽ പകുതിയിലധികം പേർക്കും മറ്റ് രോഗങ്ങൾ ഉണ്ടായിരുന്നുവെന്നാണ് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നത്. രോഗബാധയെത്തുടർന്ന് മരണപ്പെട്ട ആളുകളിൽ ചിലർ വൃക്ക, കരൾ എന്നിവ തകരാറായവരും കടുത്ത പ്രമേഹബാധിതരുമാണ്.
ഇതര അസുഖങ്ങൾ ഉണ്ടായിരുന്നതിനാൽ ഇവർക്ക് രോഗബാധ ഉണ്ടായതോടെ അവസ്ഥ മോശമാകുകയും മരണം സംഭവിക്കുകയുമായിരുന്നു. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചതുകൊണ്ട് മാത്രം മരിച്ചവരുടെ വിവരങ്ങളും ശേഖരിച്ച് വരികയാണ്.
രോഗം ബാധിക്കുന്നവരിൽ പകുതിയിലധികം പേർക്കും പനി ഉണ്ടാകുന്നില്ല. അതിനാൽ രോഗബാധിതരെ പ്രാഥമിക പരിശോധനയിൽ തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ട്. ഈ രോഗം ബാധിച്ചവരെ ചികിത്സിച്ചു പരിചയമുള്ളവർക്കു മാത്രമേ പെട്ടെന്നു രോഗം തിരിച്ചറിയാനും പരിശോധനയ്ക്കു നിർദേശിക്കാനും സാധിക്കുന്നുള്ളൂ.
അതിനാൽ രോഗ നിരീക്ഷണത്തിനു ഡോക്ടർമാർക്ക് പ്രത്യേക മാർഗനിർദേശം നൽകണമെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെട്ടിട്ടുണ്ട്.
















