തൃശൂർ: അതിരപ്പിള്ളിയിൽ നിർത്തിയിട്ട കാറിന് നേരെ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം. അതിരപ്പിള്ളി വാച്ചുമരത്ത് ആയിരുന്നു നിർത്തിയിട്ട കാർ കാട്ടാനക്കൂട്ടം നശിപ്പിച്ചത്. എഞ്ചിൻ തകരാറിനെത്തുടർന്ന് റോഡരികിൽ നിർത്തിയിട്ടിരുന്ന അങ്കമാലി സ്വദേശികളുടെ കാറാണ് കാട്ടാനക്കൂട്ടം തകർത്തത്.
ആക്രമണമുണ്ടായ സമയത്ത് വാഹനത്തിലും പരിസരത്തും ആരും ഉണ്ടായിരുന്നില്ലാത്തതിനാൽ വലിയ അപകടമാണ് ഒഴിവായത്. കാറിന്റെ തകരാർ പരിഹരിക്കാനെത്തിയ ആളുകളാണ് കാട്ടാനക്കൂട്ടം വാഹനം നശിപ്പിച്ചതായി കണ്ടെത്തിയത്.
അങ്കമാലി സ്വദേശികൾ രാത്രിയിൽ അടിമാലി ഭാഗത്തേക്ക് പോകുന്നതിനിടെ ഇവരുടെ വാഹനം തകരാറിലാവുകയായിരുന്നു. സ്ഥലത്ത് കാട്ടാനക്കൂട്ടത്തിന്റെ സാന്നിധ്യമുണ്ടെന്ന് മനസിലാക്കിയാൽ ഇവർ വാഹനം അവിടെ ഉപേക്ഷിച്ച ശേഷം മറ്റൊരു വാഹനം ഏർപ്പെടുത്തി അതിൽ അതിരപ്പിള്ളിലേക്ക് യാത്ര തുടർന്നു.
വാഹനം ശരിയാക്കാനായി അതിരപ്പിള്ളിയിൽ നിന്നും മെക്കാനിക്ക് എത്തിയപ്പോഴാണ് പൂർണ്ണമായും തകർന്ന നിലയിൽ വാഹനം കണ്ടെത്തിയത്. വാഹനത്തിൽ ആളില്ലാത്തതിനാൽ വലിയ അപകടമുണ്ടായില്ല. സമാനമായി കഴിഞ്ഞ ആഴ്ചയും വാച്ചുമരം ഭാഗത്ത് എൻജിൻ തകരാറിലായ ഒരു വാൻ കാട്ടാന ആക്രമണത്തിൽ തകർന്നിരുന്നു.
















