ടെക് സ്റ്റാർട്ടപ്പായ പെർപ്ലെക്സിറ്റി AI ഇപ്പോൾ അവരുടെ കോമറ്റ് AI ബ്രൗസർ എല്ലാ ഉപയോക്താക്കൾക്കും സൗജന്യമാക്കിയിരിക്കുന്നു. പരമ്പരാഗത വെബ് ബ്രൗസറിനേക്കാൾ, ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അസിസ്റ്റന്റുള്ള ഒരു പ്ലാറ്റ്‌ഫോമായാണ് കോമറ്റ് പ്രവർത്തിക്കുന്നത്.
ഉപയോക്താക്കളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിലും, വെബ് ഉപയോഗം ലളിതമാക്കുന്നതിലും ഇത് ഊന്നൽ നൽകുന്നു. വെബിൽ സെർച്ച് ചെയ്യാനും, ഇമെയിലുകൾ ഡ്രാഫ്റ്റ് ചെയ്യാനും, ടാബുകള്‍ ക്രമീകരിക്കാനും, ഷോപ്പിംഗ് നടത്താനുമൊക്കെ കഴിയുന്ന ഒരു പേഴ്‌സണൽ അസിസ്റ്റന്‍റായാണ് കോമറ്റ് എഐ ബ്രൗസർ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.
പെർപ്ലെക്‌സിറ്റി മാക്‌സ് വരിക്കാർക്ക് പ്രതിമാസം 200 ഡോളർ എന്ന നിരക്കിൽ ജൂലൈയിൽ ആണ് കോമറ്റ് തുടങ്ങിയത്. അതേസമയം കീവേഡുകൾ ഉപയോഗിച്ച് തിരയുന്നതിന് പകരം, ചോദ്യങ്ങൾ ചോദിക്കാനും സംഭാഷണ രൂപത്തിൽ നിർദ്ദേശങ്ങൾ നൽകാനും ഇതിന് കഴിയും. ഉപയോക്താക്കൾക്ക് ചോദ്യങ്ങൾക്ക് ലളിതമായ ഉത്തരങ്ങളും വെബിലെ യഥാർഥ ഉറവിട മെറ്റീരിയലിലേക്കുള്ള ലിങ്കുകളും നൽകുന്ന എഐയിൽ പ്രവർത്തിക്കുന്ന സെർച്ച് എഞ്ചിനായാണ് പെർപ്ലെക്‌സിറ്റി അറിയപ്പെടുന്നത്.
ഓഗസ്റ്റിലാണ് പെര്‍പ്ലെക്‌സിറ്റി എഐ കോമറ്റ് പ്ലസ് അവതരിപ്പിച്ചത്. ഇത് വിശ്വസനീയ പ്രസാധകരിൽ നിന്നും പത്രപ്രവർത്തകരിൽ നിന്നുമുള്ള ഉള്ളടക്കത്തിലേക്ക് ഉപയോക്താക്കൾക്ക് ആക്‌സസ് നൽകുന്ന ഒരു സബ്‌സ്‌ക്രിപ്‌ഷൻ മോഡലാണെന്ന് കമ്പനി ബ്ലോഗ് പോസ്റ്റിൽ വ്യക്തമാക്കുന്നു.
സിഎൻഎൻ, കോണ്ടെ നാസ്റ്റ്, ദി വാഷിംഗ്‌ടൺ പോസ്റ്റ്, ലോസ് ഏഞ്ചൽസ് ടൈംസ്, ഫോർച്യൂൺ, ലെ മോണ്ടെ, ലെ ഫിഗാരോ എന്നിവയാണ് ആദ്യ പ്രസിദ്ധീകരണ പങ്കാളികളെന്ന് പെർപ്ലെക്‌സിറ്റി അധികൃതര്‍ പറഞ്ഞു. കൂടുതൽ സവിശേഷതകളും വരാനിരിക്കുന്നുണ്ടെന്നും പെർപ്ലെക്‌സിറ്റി വ്യക്തമാക്കയിട്ടുണ്ട്.
കമ്പനി കോമറ്റിന്‍റെ മൊബൈൽ പതിപ്പും ബാക്ക്ഗ്രൗണ്ട് അസിസ്റ്റന്‍റ് എന്ന സവിശേഷതയും ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുകയാണ്, ഇതിന് ഒന്നിലധികം ജോലികൾ ഒരേസമയം ചെയ്യാൻ കഴിയും.
വെബ് ഉപയോഗത്തിൽ AI-ക്ക് പ്രാധാന്യം നൽകി, ഗൂഗിളിൻ്റെ പരമ്പരാഗത സെർച്ച് എഞ്ചിൻ/ക്രോം ബ്രൗസർ ആധിപത്യത്തെ വെല്ലുവിളിക്കുക എന്നതാണ് ഇതിൻ്റെ പ്രധാന ലക്ഷ്യം. പരമ്പരാഗത ബ്രൗസറുകൾ ഇൻ്റർനെറ്റിനെ “ചിലരുടെ പർച്ചേസ് ഫണൽ” ആയി മാറ്റിയെന്ന് പെർപ്ലെക്സിറ്റി അഭിപ്രായപ്പെടുന്നു.
ചുരുക്കത്തിൽ, ഉപയോക്താക്കൾക്ക് കൂടുതൽ കാര്യക്ഷമമായി ഇൻ്റർനെറ്റ് ഉപയോഗിക്കാൻ കഴിയുന്ന ഒരു ‘സഹായിയെ’ ബ്രൗസറിനുള്ളിൽ കൊണ്ടുവന്നുകൊണ്ട് ക്രോമിൻ്റെ സ്ഥാനത്തിന് കോമറ്റ് കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്.
















