നല്ല കിടിലൻ സ്വാദിൽ ഒരു കടല കറി ഉണ്ടാക്കിയാലോ? എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- കടല – ഒരു കപ്പ് ( 8 മണിക്കൂർ വെള്ളത്തിൽ ഇട്ടുവെച്ചത്)
- സവാള – 2 എണ്ണം അരിഞ്ഞത്
- തക്കാളി – 1 എണ്ണം അരിഞ്ഞത്
- ഇഞ്ചി, വെളുത്തുള്ളി – ചതച്ചത് (1 സ്പൂൺ)
- വെളിച്ചെണ്ണ – ആവശ്യത്തിന്
- കടുക് – ആവശ്യത്തിന്
- പെരുംജീരകം – ആവശ്യത്തിന്
- മഞ്ഞൾ പൊടി – അര ടീസ്പൂൺ
- മുളക് പൊടി – 2 ടീസ്പൂൺ
- മല്ലിപ്പൊടി -1 ടീസ്പൂൺ
- ഗരം മസാല – 3 / 4 ടീസ്പൂൺ
- കുരുമുളക്പൊടി – 1 ടീസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കടല ഉപ്പ് ചേർത്ത് കുക്കറിൽ വേവിച്ചെടുക്കുക. ശേഷം ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുകും , പെരും ജീരകവും പൊട്ടിച്ചതിന് ശേഷം അരിഞ്ഞ് വെച്ചിരിക്കുന്ന സവാളയും തക്കാളിയും ഇഞ്ചി, വെളുത്തുള്ളി ചതച്ചതും ചേർത്ത് നന്നായി വഴറ്റുക. ശേഷം എടുത്ത് വെച്ചിരിക്കുന്ന പൊടികൾ എല്ലാം ചേർത്ത് പച്ച മണം പോകുമ്പോൾ വേവിച്ച് വെച്ചിരിക്കുന്ന കടലയുടെ മുക്കാൽ ഭാഗം ചേർത്ത് നന്നായി തിളപ്പിക്കുക. ബാക്കി വേവിച്ച കടല മിക്സിയിൽ വെള്ളം ചേർക്കാതെ അരച്ച് അതിലേക്ക് ചേർത്ത് കൊടുക്കുക. ഉപ്പ് നോക്കി ആവശ്യത്തിന് കറി രൂപത്തിൽ ആകുമ്പോൾ ഇറക്കി വിളമ്പാം.
















