കേരള ഭാഗ്യക്കുറി വകുപ്പിന്റെ മാറ്റിവച്ച തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുപ്പും, പൂജാ ബമ്പര്‍ ഭാഗ്യക്കുറി ടിക്കറ്റിന്റെ പ്രകാശനവും ഒക്ടോബര്‍ 4-ന് നടക്കും. തിരുവനന്തപുരം ഗോര്‍ഖി ഭവനിലെ(റഷ്യന്‍ കള്‍ച്ചറല്‍ സെന്റര്‍) നറുക്കെടുപ്പ് വേദിയില്‍ ഉച്ചയ്ക്ക് 1-ന് നടക്കുന്ന പ്രത്യേക ചടങ്ങില്‍ ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാല്‍ പൂജാ ബമ്പര്‍ ടിക്കറ്റിന്റെ പ്രകാശനവും ശേഷം തിരുവോണം ബമ്പര്‍ നറുക്കെടുപ്പും നിര്‍വഹിക്കും. ആന്റണി രാജു എം.എല്‍.എ അധ്യക്ഷനായിരിക്കും. വി.കെ. പ്രശാന്ത് എംഎല്‍എ, ഭാഗ്യക്കുറി വകുപ്പ് ഡയറക്ടര്‍ ഡോ. മിഥുന്‍ പ്രേംരാജ് എന്നിവര്‍ സന്നിഹിതനായിരിക്കും.
കഴിഞ്ഞ 27ന് നടത്താന്‍ നിശ്ചയിച്ചിരുന്ന തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് അപ്രതീക്ഷിതമായുണ്ടായ കനത്ത മഴയിലും ജി.എസ്.ടി മാറ്റവുമായി ബന്ധപ്പെട്ടും, ഏജന്റുമാരുടെയും വില്പനക്കാരുടെയും അഭ്യര്‍ഥന പരിഗണിച്ച് ഈ മാസം 4-ലേക്ക് മാറ്റിവയ്ക്കുകയായിരുന്നു. തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ 75 ലക്ഷം ടിക്കറ്റുകളാണ് ഈ വര്‍ഷം അച്ചടിച്ച് വിറ്റഴിച്ചത്. പാലക്കാടാണ് ഏറ്റവും കൂടുതല്‍ വില്പന നടന്നത്. 14,07,100 എണ്ണം ടിക്കറ്റുകളാണ് ഇവിടെ വിറ്റത്.
രണ്ടാം സ്ഥാനം തൃശ്ശൂര്‍ ജില്ലയ്ക്കാണ് , 9,37,400 ടിക്കറ്റുകളും മൂന്നാം സ്ഥാനത്തുള്ള തിരുവനന്തപുരത്ത് 8,75,900 ടിക്കറ്റുകളും ഏജന്‍സികള്‍ വഴി വില്പന നടന്നു. ഒന്നാം സമ്മാനമായി 25 കോടി രൂപയാണ് ഓണം ബമ്പര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പിലൂടെ ലഭിക്കുന്നത്. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേര്‍ക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേര്‍ക്കും നാലാം സമ്മാനമായി അഞ്ചുലക്ഷം വീതം 10 പരമ്പരകള്‍ക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 10 പരമ്പരകള്‍ക്കും നല്‍കുന്നു എന്നതാണ് തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ മറ്റൊരു സവിശേഷത. കൂടാതെ 5,000 മുതല്‍ 500 രൂപ വരെ സമ്മാനമായി നല്‍കുന്നു.
മുന്നൂറു രൂപ വിലയുള്ള പൂജാ ബമ്പര്‍ ടിക്കറ്റിന്റെ വില്പനയും ഇതോടൊപ്പം ആരംഭിക്കും. പൂജാ ബമ്പര്‍ ഭാഗ്യക്കുറിക്ക് അഞ്ച് പരമ്പരകളാണുള്ളത്. ഒന്നാം സമ്മാനമായി 12 കോടി രൂപയാണ് പൂജാ ബമ്പര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പിലൂടെ ലഭിക്കുന്നത്. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം ഓരോ പരമ്പരയ്ക്കും മൂന്നാം സമ്മാനമായി 5 ലക്ഷം വീതം 10 പേര്‍ക്ക് (ഓരോ പരമ്പരയിലും രണ്ട് വീതം). നാലാം സമ്മാനമായി മൂന്നു ലക്ഷം വീതം 5 പരമ്പരകള്‍ക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 5 പരമ്പരകള്‍ക്കും നല്‍കുന്നു എന്നതാണ് പൂജാ ബമ്പര്‍ ഭാഗ്യക്കുറിയുടെ മറ്റൊരു സവിശേഷത. കൂടാതെ 5000, 1000, 500, 300 വീതം രൂപയുടെ നിരവധി സമ്മാനങ്ങളും നല്‍കുന്നു.
CONTENT HIGH LIGHTS; Puja bumper ticket release and Thiruvonam bumper draw tomorrow
















