വളരെ ശ്രദ്ധയോടെ ചെയ്യേണ്ട ഒന്നാണ് കുഞ്ഞുങ്ങളെ കുളിപ്പിക്കുക എന്നത്. പണ്ട് മുതൽ തന്നെ ശാസ്ത്രീയമായ രീതിയിലാണ് അത് ചെയ്യുന്നത്. കാണുന്നത് പോലെ അത്ര എളുപ്പമല്ല അത്. കുഞ്ഞിന്റെ ചെവിയിലും വായിലുമൊന്നും വെള്ളം കയറാതെ വേണം കുളിപ്പിക്കാൻ. കുളിപ്പിക്കാനുള്ള വെള്ളം മുതൽ കുളികഴിഞ്ഞ് പൗഡർ ഇടുന്നത് വരെയുള്ള കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം.
കുഞ്ഞുങ്ങളെ കുളിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം;
എണ്ണ തേച്ച് കഴിഞ്ഞ് 15 മിനിറ്റിന് ശേഷമെ കുഞ്ഞുങ്ങളെ കുളിപ്പിക്കാൻ പാടുള്ളൂ.
ചെറുചൂടുവെള്ളത്തിൽ മാത്രമേ കുഞ്ഞുങ്ങളെ കുളിപ്പിക്കാൻ പാടുള്ളൂ.
കുഞ്ഞിന്റെ തലയിലേക്ക് വെള്ളമൊഴിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. തലയില്‍ വെള്ളമൊഴിക്കുമ്പോള്‍ കമിഴ്ത്തി കിടത്തണം. ചെവിയിലും മൂക്കിലും വെള്ളം കയറാതിരിക്കാനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. വായിലും വെള്ളം കയറാതിരിക്കാൻ ശ്രദ്ധിക്കുക.
കുഞ്ഞിന്റെ മൂക്കും ചെവിയും സൂക്ഷിച്ച് വേണം വൃത്തിയാക്കാൻ. ബഡ്സോ മറ്റ് തുണികളോ ചെവിയ്ക്കുള്ളിൽ ഇടരുത്. അത് പോലെ തന്നെ കഴുത്ത് വളരെ പതുക്കെ വേണം തിരിക്കാനും സോപ്പ് തേയ്ക്കാനും.
ബേബി സോപ്പ് തേയ്ക്കാൻ ശ്രമിക്കുക. അല്ലെങ്കിൽ കുഞ്ഞുങ്ങൾക്ക് ചെറുപയർ പൊടി തേയ്ക്കുന്നത് കൂടുതൽ നല്ലതാണ്. സോപ്പുകളായാലും ബേബി ഓയിലുകൾ ആയാലും മാറി മാറി തേയ്ക്കാതിരിക്കാൻ ശ്രമിക്കുക.
കണ്ണുകൾ കോട്ടൺ തുണി കൊണ്ട് മാത്രം വൃത്തിയാക്കുക. കുളിപ്പിച്ച ഉടനെ ഡയപ്പർ വയ്ക്കാതിരിക്കുക. ഡയപർ ക്രീം പുരട്ടിയിട്ട് മാത്രമേ ഡയപർ ഇടാൻ പാടുള്ളൂ.
കുഞ്ഞിനെ കുളിപ്പിക്കാനും വൃത്തിയാക്കാനും ഉള്ള സോപ്പുകളും മസ്സാജ് ചെയ്യാനുള്ള ബേബി ഓയിലുകളും നല്ലതു തെരഞ്ഞെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ കുഞ്ഞിന്റെ ചർമത്തിന് അലർജി വരാൻ കാരണമാകും.
അതുകൊണ്ടു വാങ്ങുന്നത് സോപ്പ് ആയാലും ഓയിൽ ആയാലും ഗുണനിലവാരം ഉറപ്പാക്കേണ്ടത് അത്യാവശ്യം ആണ്. കുഞ്ഞിന് വേണ്ടി ഒരുപാട് ബ്യൂട്ടി പ്രൊഡക്ടസ് ഇപ്പോൾ തന്നെ ആവശ്യം ഇല്ല.
ഒരു മോയ്സചറൈസറും ക്ലെൻസറും മാത്രമാണ് കുഞ്ഞുങ്ങൾക്ക് അത്യാവശ്യമായി വേണ്ടത്. പെർഫ്യൂം പോലുള്ള വസ്തുക്കൾ പരമാവതി കുഞ്ഞുങ്ങളുടെ അടുത്തേക്ക് കൊണ്ടുവരാതിരിക്കാൻ ശ്രദ്ധിക്കുക.
















