പട്‌ന: ബീഹാറിൽ ജോഗ്ബാനി-ദാനപൂർ വന്ദേ ഭാരത് എക്സ്പ്രസ് ഇടിച്ച് മൂന്ന് പേർ മരിച്ചു. പൂർണിയ ജംഗ്ഷന് സമീപം കസ്ബയിലായിരുന്നു അപകടം. മൂന്ന് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയും രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
വെള്ളിയാഴ്ച പുലർച്ചെയാണ് അപകടം നടന്നത്. ദുർഗാ പൂജയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന ഇവരെ പുലർച്ചെ 4.40 ഓടെയാണ് ട്രെയിൻ ഇടിച്ചതെന്ന് അധികൃതർ പറഞ്ഞു. പരിക്കേറ്റവരെ പൂർണിയയിലെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ (ജിഎംസിഎച്ച്) പ്രവേശിപ്പിച്ചു.
അപകട സാഹചര്യങ്ങളെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികൾക്കായി ആശുപത്രിയിലേക്കയച്ചു. ഒരാഴ്ചക്കിടെ ബിഹാറിൽ വന്ദേഭാരത് രണ്ടാമത്തെ തവണയാണ് അപകടത്തിൽപ്പെടുന്നത്.
സെപ്റ്റംബർ 30 ന് സഹർസയിലെ ഹതിയാഗച്ചി റെയിൽവേ ക്രോസിംഗിന് സമീപമുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചിരുന്നു.
















