പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്ന് ഒന്‍പതുവയസ്സുകാരിയുടെ കൈ മുറിച്ചുമാറ്റേണ്ടിവന്നെന്ന് പരാതി. പാലക്കാട് പല്ലശന സ്വദേശിനിയായ വിനോദിനിക്കാണ് ദുരവസ്ഥ ഉണ്ടായത്. കുട്ടിയുടെ വലതുകൈ ആണ് നഷ്ടമായത്. കുട്ടിയുടെ നില ഗുരുതരമായതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയും ഇവിടെവെച്ച് കൈ മുറിച്ചുമാറ്റുകയുമായിരുന്നു.
സെപ്റ്റംബര്‍ 24-ന് വൈകീട്ട് വീട്ടില്‍ കളിക്കുന്നതിനിടെയാണ് വിനോദിനിക്ക് വീണ് കൈയ്ക്ക് പരിക്കേറ്റത്. തുടര്‍ന്ന് കുടുംബം കുട്ടിയെ ആദ്യം ചിറ്റൂര്‍ ആശുപത്രിയിലും പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയിലും എത്തിച്ചു. കുട്ടിയുടെ കൈയില്‍ മുറിവും കൈയ്ക്ക് പൊട്ടലും ഉണ്ടായിരുന്നു. തുടര്‍ന്ന് മുറിവില്‍ മരുന്നുകെട്ടി അതിനുമേലെ പ്ലാസ്റ്ററിട്ടെന്നാണ് കുടുംബത്തിന്റെ പരാതി. കുട്ടിക്ക് വേദനയുണ്ടെന്ന് പറഞ്ഞിട്ടും കാര്യമാക്കിയില്ല. പിന്നീട് വേദന സഹിക്കാനാവാതെ കുട്ടിയെ വീണ്ടും ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ പ്ലാസ്റ്റര്‍ അഴിച്ച് പരിശോധിച്ചു. ഇതോടെയാണ് കൈയിലെ മുറിവ് പഴുത്ത് വല്ലാത്ത അവസ്ഥയിലായതെന്നും പിന്നീട് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചതെന്നും കുടുംബം പറഞ്ഞു.
‘ആദ്യം ജില്ലാ ആശുപത്രിയില്‍ പോയപ്പോള്‍ അവര്‍ സ്‌കാനിങ് എടുക്കാന്‍ പറഞ്ഞു. സ്‌കാനിങ് എടുത്തപ്പോള്‍ രണ്ട് പൊട്ടലുണ്ടെന്ന് പറഞ്ഞു. മുറിവും ഉണ്ട്. എന്നാല്‍, മുറിവില്‍ മരുന്നുവെച്ച് കെട്ടി പറഞ്ഞുവിട്ടു. നാളെ വന്നാല്‍ മതിയെന്ന് പറഞ്ഞു. കുട്ടിയ്ക്ക് ഭയങ്കരവേദനയുണ്ടായി. കൈ നിവര്‍ത്താന്‍ പറ്റിയില്ല. പിറ്റേന്ന് അക്കാര്യം പറഞ്ഞപ്പോള്‍ കുഴപ്പമില്ല, എല്ലിന് സംഭവിച്ചതല്ലേ അതുകൊണ്ടാകുമെന്ന് പറഞ്ഞു. അഞ്ചുദിവസം കഴിഞ്ഞ് വന്നാല്‍മതിയെന്നും പറഞ്ഞു. പക്ഷേ, വേദന കാരണം അഞ്ചുദിവസമാകും മുന്‍പേ പോയി. അവിടെവെച്ച് അഴിച്ചുനോക്കിയപ്പോള്‍ കൈ ആകെ വല്ലാത്ത അവസ്ഥയിലായിരുന്നു. അളിഞ്ഞ് ചോരയൊക്കെ വന്ന് വല്ലാത്തൊരു മണമൊക്കെ ആയിരുന്നു”, കുട്ടിയുടെ അമ്മ പ്രസീദ കണ്ണീരോടെ പറഞ്ഞു.
അതിനിടെ, ചികിത്സാ പിഴവിനെത്തുടര്‍ന്ന് കുട്ടിയുടെ കൈ മുറിച്ചുമാറ്റേണ്ടിവന്ന സംഭവത്തില്‍ പാലക്കാട് ജില്ലാ ആശുപത്രിക്കെതിരേ വന്‍ പ്രതിഷേധമാണുയരുന്നത്. കോൺഗ്രസിൻ്റേ നേതൃത്വത്തിൽ ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. കുട്ടിയുടെ കൈ മുറിച്ചുമാറ്റേണ്ടിവന്ന സംഭവത്തിൽ കുടുംബം വെള്ളിയാഴ്ച ഡിഎംഒയ്ക്ക് പരാതി നല്‍കി.
















