ന്യൂഡൽഹി: ഡൽഹിയിലെ ആശ്രമത്തിൽ വെച്ച് വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ആൾദൈവം ചൈതന്യാനന്ദ സരസ്വതിയുടെ വനിതാ സഹായികൾ അറസ്റ്റിലായത്. മൂന്ന് വനിതാ സഹായികളാണ് പിടിയിലായത്. ശ്രീ ശാരദാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്മെന്റ് റിസര്‍ച്ചിലെ അസോസിയേറ്റ് ഡീൻ ശ്വേത ശർമ, സീനിയർ ഫാകൽറ്റി മെംബർ കാജൽ, എക്സിക്യുട്ടീവ് ഡയറക്ടർ ഭാവന കപിൽ എന്നിവരാണ് പിടിയിലായത്.
പെൺകുട്ടികളെ ചൈതന്യാനന്ദയുടെ ആവശ്യങ്ങൾക്ക് വഴങ്ങാൻ പ്രേരിപ്പിച്ചെന്നും ഇയാൾക്കെതിരായ തെളിവുകൾ ഇല്ലാതാക്കിയെന്നുമാണ് ഇവർക്കെതിരായ പരാതി. തട്ടിക്കൊണ്ടുപോകൽ, വിദ്യാർഥിനികളെ ഭീഷണിപ്പെടുത്തൽ, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചു. ചൈതന്യാനന്ദയുടെ കൽപനകൾ അനുസരിച്ചാണ് തങ്ങൾ അച്ചടക്കത്തിന്റെ പേരിൽ വിദ്യാർഥികളെ സമ്മർദത്തിലാക്കിയതെന്ന് മൂവരും പറഞ്ഞു.
അതേസമയം, കേസിൽ സ്വാമി ചൈതന്യാനന്ദ സരസ്വതിയെ കോടതി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡി കാലാവധി തീർന്നതോടെയാണ് പാട്യാല ഹൗസ് കോടതിയുടെ നടപടി.
ശ്രീ ശാരദാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്മെന്റ് റിസര്‍ച്ചിന്റെ മുന്‍ ചെയര്‍മാനാണ് പീഡനക്കേസിൽ അറസ്റ്റിലായ ചൈതന്യാനന്ദ സരസ്വതി. ഇവിടുത്തെ വിദ്യാര്‍ഥികളെയാണ് ഇയാൾ പീഡനത്തിന് ഇരയാക്കിയത്. ഞായറാഴ്ചയാണ് ആഗ്രയിലെ ഹോട്ടലിൽ നിന്ന് ഇയാൾ പിടിയിലായത്. മൂന്ന് മൊബൈൽ ഫോണുകളും ഒരു ഐപാഡും ഇയാളിൽ നിന്ന് കണ്ടെടുത്തു. ഇതിൽ ക്യാമ്പസിലെയും ഹോസ്റ്റലുകളിലെയും സിസിടിവി ദൃശ്യങ്ങൾ കാണാനാവുന്ന ഫോണും ഉൾപ്പെടുന്നു. ശ്രീ ശാരദാ ഇന്‍സ്റ്റിറ്റ്യൂട്ടിലെ 17 വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് ചൈതന്യാനന്ദ സരസ്വതിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ചൈതന്യാനന്ദയുമായി ബന്ധപ്പെട്ട എട്ട് കോടി രൂപ പൊലീസ് മരവിപ്പിച്ചിരുന്നു. ഇയാൾക്കെതിരെ കൂടുതൽ കണ്ടെത്തലുകള്‍ പുറത്തുവന്നിരുന്നു. ഉന്നത അന്താരാഷ്ട്ര നയതന്ത്രജ്ഞനാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ ചൈതന്യാനന്ദ സരസ്വതി വ്യാജ ഐഡി കാർഡുകൾ ഉപയോഗിച്ചെന്നാണ് ഡൽഹി പൊലീസ് കണ്ടെത്തിയത്.
ചൈതന്യാനന്ദയുടെ കൈയിൽ നിന്നും രണ്ട് വ്യാജ ഐഡി കാർഡുകളും പൊലീസ് പിടിച്ചെടുത്തിരുന്നു. ഐക്യരാഷ്ട്രസഭയിലെ സ്ഥിരം അംബാസഡർ, ഇന്ത്യയുടെ പ്രത്യേക ദൂതൻ, ബ്രിക്സ് രാജ്യങ്ങളുടെ ജോയിന്റ് കമ്മീഷൻ അംഗം എന്നിങ്ങനെ വിശേഷങ്ങളുള്ള കാർഡുകളാണ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത കാർഡുകൾ പൂർണമായും വ്യാജമാണെന്നും ഇയാള്‍ക്ക് അവയുമായി യാതൊരു ബന്ധവുമില്ലെന്നും അധികൃതർ പറഞ്ഞു.ഇതിന് പുറമേ ശാരദാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ട്രസ്റ്റില്‍ 122 കോടിയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന ആരോപണവുമുണ്ട്. ഒന്നിലധികം എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തതിനെ പിന്നാലെ ആഗസ്റ്റ് മുതല്‍ ഇയാൾ ഒളിവിലായിരുന്നു. നിരവധി വിദ്യാര്‍ഥിനികളാണ് സ്വാമി ചൈതന്യാനന്ദയ്ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. ലൈംഗികമായി ഉപദ്രവിച്ചു, ശാരീരിക ബന്ധത്തിന് നിർബന്ധിച്ചു, മോശം സന്ദേശങ്ങൾ അയച്ചു എന്നിങ്ങനെയാണ് വിദ്യാര്‍ഥികളുടെ പരാതി.
ചൈതന്യാനന്ദ സരസ്വതി വിദ്യാർഥിനികളെ വലയിൽ വീഴ്ത്താൻ നടത്തിയ കൂടുതൽ വാട്ട്സ്ആപ്പ് ചാറ്റുകൾ പുറത്തുവന്നിരുന്നു. വിദ്യാർഥിനികളിലൊരാളുമായി ചൈതന്യാനന്ദ നടത്തിയ ലൈംഗികച്ചുവയുള്ള വാട്ട്സ്ആപ്പ് ചാറ്റുകളാണ് കഴിഞ്ഞദിവസം പുറത്തുവന്നത്. വിദ്യാർഥിനികളെ ലൈംഗികമായി മാത്രമല്ല, സോഷ്യൽമീഡിയയിലൂടെയും ചൂഷണം ചെയ്തിരുന്നു എന്ന് തെളിയിക്കുന്നതാണ് പുറത്തുവന്ന ചാറ്റുകൾ. ‘ഒരു ദുബൈ ഷെയ്ഖിന് സെക്സ് പാർട്നറെ ആവശ്യമുണ്ട്’ എന്നും ‘അതിനു പറ്റിയ ഏതെങ്കിലും കൂട്ടുകാരി നിനക്കുണ്ടോ’ എന്നും ഇയാൾ ഒരു വിദ്യാർഥിനിയോട് ചോദിക്കുന്നതടക്കമുള്ള ചാറ്റുകളാണ് പുറത്തുവന്നത്. നേരത്തെയും ഇയാൾ വിദ്യാർഥിനികൾക്കയച്ച അശ്ലീലസന്ദേശങ്ങൾ പുറത്തുവന്നിരുന്നു.
















