രാജ്യമെമ്പാടും നവരാത്രി ആഘോഷങ്ങൾ നടക്കുന്നതിനിടെ മഹാരാഷ്ട്രയിലെ അഹല്യാനഗറിൽ നവരാത്രി ആഘോഷത്തിനു നേരെ മുസ്ലീങ്ങൾ ആക്രമണം നടത്തിയെന്ന രീതിയിൽ ഒരു വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. വലിയ ആൾക്കൂട്ടത്തിന് നേരെ പൊലീസ് ലാത്തി ചാർജ് നടത്തുന്ന ദൃശ്യമായിരുന്നു സമൂഹ മാധ്യമങ്ങളിൽ വളരെ പെട്ടെന്ന് വൈറലായി മാറിയിരുന്നത്.
“മഹാരാഷ്ട്രയിലെ അഹല്യനഗറിൽ ഇസ്ലാമിസ്റ്റുകൾ നവരാത്രി ഘോഷയാത്രയിലേക്ക് മാംസക്കഷണങ്ങൾ എറിഞ്ഞു, അശാന്തി സൃഷ്ടിക്കാൻ ശ്രമിച്ചു…
ശേഷം അവർക്ക് പോലീസിൽ നിന്ന് സമ്മാനം കിട്ടുന്ന ദൃശ്യം” എന്നെഴുതിയ ഫേസ്ബുക്ക് പോസ്റ്റിന്റെ സത്യാവസ്ഥ എന്തെന്ന് പരിശോധിക്കാം….
നിലവിൽ പ്രചരിക്കുന്ന വീഡിയോയും ചിത്രങ്ങളും മഹാരാഷ്ട്രയിലെ അഹല്യാനഗറിൽ ‘ഐ ലവ് മുഹമ്മദ്’ വിവാദവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനു നേരെ പൊലീസ് ലാത്തിവീശുന്ന ദൃശ്യമാണ് അന്വേഷണത്തിൽ നിന്ന് വ്യക്തമായി.
അന്വേഷണം
വൈറൽ വീഡിയോയുടെ കീഫ്രെയ്മുകൾ റിവേഴ്‌സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോൾ സമാനമായ ദൃശ്യം ഉൾപ്പെടുന്ന റിപ്പോർട്ട് മുമ്പും പ്രസിദ്ധീകരിച്ചിട്ടുള്ളതായി കണ്ടെത്തി. മഹാരാഷ്ട്രയിലെ അഹല്യാ നഗർ ജില്ലയിൽ ‘ ഐ ലവ് മുഹമ്മദ്’ പോസ്റ്റർ വിവാദവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധത്തിന് നേരെ പൊലീസ് ലാത്തി വീശിയെന്നാണ് 2025 സെപ്റ്റംബർ 29ന് പങ്കുവച്ചിട്ടുള്ള റിപ്പോർട്ടിൽ പറയുന്നത്. സെപ്റ്റംബർ 28ന് രാത്രി മിലിവാഡ പ്രദേശത്ത് ചിലർ ‘ ഐ ലവ് മുഹമ്മദ്’ എന്നെഴുതി രംഗോലി വരച്ചു. ഈ വീഡിയോ വൈറലായതോടെ പ്രദേശവാസികളുടെ പരാതിയിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് മുസ്ലീം യുവാക്കൾ പ്രതിഷേധിക്കുകയും റോഡ് ഉപരോധിക്കുകയും ചെയ്തു. പ്രതിഷേധക്കാരിൽ ചിലർ പൊലീസിനു നേരെ കല്ലെറിഞ്ഞതോടെ പൊലീസ് ലാത്തി ചാർജ് നടത്തി. സംഘർഷത്തിൽ 30 പേർക്കെതിരെ കേസെടുത്തതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
നവരാത്രി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിൽ ചിലയിടങ്ങളിൽ നിന്ന് അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ മാസം എറിഞ്ഞതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളൊന്നും കണ്ടെത്താനായില്ല.
















