ബിജെപിക്കെതിരെ വിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. തമിഴ്നാട് നിങ്ങൾക്ക് “ഔട്ട് ഓഫ് കൺട്രോൾ ”. ആരെ അടിമയാക്കിയാലും ‘പുതിയ ആളുകളെ ’ റിക്രൂട്ട് ചെയ്താലും തമിഴ്നാട് പരിധിക്ക് പുറത്താകും. കരൂരിൽ എന്തിനാണ് അനാവശ്യ തിടുക്കം?. മണിപ്പൂരിലും കുംഭമേള ദുരന്തത്തിലും ബിജെപി സംഘത്തെ കണ്ടില്ലല്ലോ. മറ്റുള്ളവരുടെ രക്തം ഊറ്റിക്കുടിക്കുന്നവരാണ് ബിജെപി. ഏത് മുഖംമൂടി വച്ചാലും തമിഴ്നാട്ടിൽ കടക്കാനാകില്ല എന്നും സ്റ്റാലിൻ വ്യക്തമാക്കി. വെള്ളിയാഴ്ച രാമനാഥപുരത്ത് വികസന പദ്ധതികൾ അനാച്ഛാദനം ചെയ്ത ശേഷം സംസാരിക്കവെയാണ് സ്റ്റാലിന്റെ വിമർശനം.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 41 പേരുടെ മരണത്തിന് കാരണമായ കരൂരിലെ തിക്കിലും തിരക്കിലും കേന്ദ്രസർക്കാർ സ്വീകരിച്ച നടപടിയെ അദ്ദേഹം വിമർശിച്ചു. ഇത് രാഷ്ട്രീയ അവസരവാദമാണെന്ന് അദ്ദേഹം പറഞ്ഞു.മൂന്ന് വലിയ പ്രകൃതി ദുരന്തങ്ങൾക്ക് ശേഷം തമിഴ്‌നാട് സന്ദർശിക്കാൻ പരാജയപ്പെട്ട കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ തിരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയ നേട്ടം കൊയ്യാൻ വേണ്ടി മാത്രമാണ് ഇപ്പോൾ കരൂരിലേക്ക് ഓടുന്നതെന്ന് അദ്ദേഹം ആരോപിച്ചു. മറ്റുള്ളവരുടെ രക്തം കുടിച്ചു ജീവിക്കുന്ന ഒരു പരാദം പോലെയാണ് ബിജെപിയെന്നും അദ്ദേഹം ആരോപിച്ചു. കാവി പാർട്ടി തമിഴ്‌നാടിന്റെ അവകാശങ്ങൾ നിഷേധിക്കുകയാണെന്നും സംസ്ഥാന താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
STORY HIGHLIGHT : m k stalin against bjp on karur visit
















