സാങ്കേതികവിദ്യ നമ്മുടെ ജീവിതത്തിൽ അത്യാവശ്യമായി മാറിയിരിക്കുന്നു, അതില്ലാത്ത ഒരു ലോകം നമുക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല. മനുഷ്യന്റെ ജോലിഭാരം കുറയ്ക്കാൻ കണ്ടുപിച്ച ഇവ ഇപ്പോൾ ജീവിതത്തിന്റെ ഭാഗമാണ്. ഫോൺ , ടി വി, ലാപ്ടോപ്, ഇന്റർനെറ്റ് അങ്ങനെ ഇതെല്ലാം നമ്മുടെ ദൈനംദിന ജീവിതത്തിന്റെ
ഭാഗമായി മാറിക്കഴിഞ്ഞു. ഇപ്പോഴിതാ സാങ്കേതികവിദ്യയുടെ സഹായത്താല്‍ ജീവന്‍ തിരിച്ചുകിട്ടിയ വാര്‍ത്ത ആണ് പുറത്തുവന്നിരിക്കുന്നത്.
പുതുച്ചേരിക്ക് സമീപം കടലില്‍ സ്കൂബ ഡൈവിംഗിനിടെയുണ്ടായ അപകടത്തില്‍ ടെക്കിയുടെ ജീവന്‍ രക്ഷിച്ചത് ആപ്പിള്‍ വാച്ച് അള്‍ട്രയാണ്. മുംബൈ സ്വദേശിയായ ക്ഷിതിജ് സോദപെ (26) എന്ന യുവാവിന്റെ ജീവനാണ് ആപ്പിള്‍ വാച്ച് അള്‍ട്ര രക്ഷിച്ചത്. ഇ-കൊമേഴ്‌സ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ആളാണ് ക്ഷിതിജ് സോദപെ. ഡൈവിംഗിനിടെയാണ് അദ്ദേഹത്തിന്റെ ഉപകരണങ്ങള്‍ക്ക് തകരാറ് സംഭവിച്ചത്. 2020 മുതല്‍ ഡൈവിംഗ് നടത്തുന്ന ക്ഷിതിജ്, അപകടം നടന്ന ദിവസം കടല്‍ പ്രക്ഷുബ്ധമായിരുന്നുവെന്നും കാഴ്ച 5 മുതല്‍ 10 മീറ്റര്‍ വരെ മാത്രമായിരുന്നുവെന്നും ഓര്‍ക്കുന്നു.
ബംഗാള്‍ ഉള്‍ക്കടലില്‍ ഏകദേശം 36 മീറ്റര്‍ താഴ്ചയിലായിരിക്കുമ്പോള്‍ ക്ഷിതിജിന്റെ വെയ്റ്റ് ബെല്‍റ്റ് അപ്രതീക്ഷിതമായി ഊരിപ്പോവുകയായിരുന്നു. ഇതോടെ അദ്ദേഹം അതിവേഗത്തില്‍ മുകളിലേക്ക് ഉയരാന്‍ തുടങ്ങി, ഇത് ജീവന് തന്നെ ഭീഷണിയാകുമായിരുന്നു. ഈ അനിയന്ത്രിതമായ വേഗത്തിലുള്ള ഉയര്‍ച്ച തിരിച്ചറിഞ്ഞ ക്ഷിതിജിന്റെ ആപ്പിള്‍ വാച്ച് അള്‍ട്ര, ഉടന്‍ തന്നെ സ്‌ക്രീനില്‍ മുന്നറിയിപ്പുകള്‍ കാണിച്ചുതുടങ്ങി. അതിവേഗത്തിലുള്ള ഉയര്‍ച്ച ശ്വാസകോശത്തിന് ഗുരുതരമായ പരിക്കുകള്‍ക്ക് കാരണമാകുമെന്നും വേഗത കുറയ്ക്കണമെന്നും വാച്ച് മുന്നറിയിപ്പ് നല്‍കി.
എന്നാല്‍, ഉയര്‍ച്ച നിയന്ത്രിക്കാന്‍ ക്ഷിതിജിന് സാധിച്ചില്ല. ഇതോടെ വാച്ച് അതിന്റെ എമര്‍ജന്‍സി സൈറണ്‍ മുഴക്കി. വെള്ളത്തിനടിയിലെ മറ്റു ശബ്ദങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഉച്ചത്തിലുള്ള ഈ സൈറണ്‍ കേട്ട ഡൈവിംഗ് പരിശീലകന്‍ ഉടന്‍ തന്നെ അദ്ദേഹത്തിന്റെ അടുത്തേക്ക് നീന്തിയെത്തി സഹായം നല്‍കി. ഈ സമയത്തിനുള്ളില്‍ ക്ഷിതിജ് ഏകദേശം 10 മീറ്ററോളം ഉയര്‍ന്നിരുന്നു. ആപ്പിള്‍ വാച്ചില്‍ നിന്നുള്ള മുന്നറിയിപ്പ് ലഭിച്ചതുകൊണ്ടാണ് പരിശീലകന് യഥാസമയം ഇടപെടാന്‍ സാധിച്ചത്.
ഈ വാച്ചില്‍ ഇങ്ങനെയൊരു ഫീച്ചര്‍ ഉള്ളതായി തനിക്ക് അറിയില്ലായിരുന്നുവെന്ന് ക്ഷിതിജ് പറഞ്ഞു. “ഞാന്‍ എന്തെങ്കിലും മനസ്സിലാക്കുന്നതിന് മുമ്പുതന്നെ വാച്ച് മുന്നറിയിപ്പ് തന്നു. ഞാന്‍ അത് ശ്രദ്ധിക്കാതിരുന്നപ്പോള്‍ ഉച്ചത്തില്‍ ശബ്ദിക്കാന്‍ തുടങ്ങി. എന്റെ പരിശീലകന്‍ അത് പെട്ടെന്ന് കേട്ടു,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തന്റെ അനുഭവം പങ്കുവെച്ചുകൊണ്ട് ക്ഷിതിജ് ആപ്പിള്‍ സിഇഒ ടിം കുക്കിന് കത്തെഴുതിയിരുന്നു. അദ്ദേഹത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് ടിം കുക്ക് മറുപടി നല്‍കി: “നിങ്ങളുടെ പരിശീലകന്‍ അലാറം കേട്ട് ഉടന്‍ തന്നെ നിങ്ങളെ സഹായിച്ചതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. നിങ്ങളുടെ അനുഭവം ഞങ്ങളുമായി പങ്കുവെച്ചതിന് നന്ദി. സുഖമായിരിക്കുക”. എന്നും മറുപടിയിൽ പറയുന്നു.
2022-ല്‍ പുറത്തിറക്കിയ ആപ്പിള്‍ വാച്ച് അള്‍ട്ര സാഹസിക യാത്രകള്‍ക്കായി രൂപകൽപ്പന ചെയ്തതാണ്. അടിയന്തര സാഹചര്യങ്ങളില്‍ 180 മീറ്റര്‍ ദൂരത്തില്‍ വരെ കേള്‍ക്കാന്‍ കഴിയുന്ന എമര്‍ജന്‍സി സൈറണ്‍ ഉള്‍പ്പെടെ നിരവധി സുരക്ഷാ ഫീച്ചറുകള്‍ ഈ വാച്ചിലുണ്ട്.
















