ഹമാസിന് അന്ത്യശാസനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഗസ്സയിലെ ഇസ്രയേല്‍ ആക്രമണം അവസാനിപ്പിക്കാനുള്ള പദ്ധതി ഞായറാഴ്ച വൈകീട്ട് ആറിനുള്ളില്‍ അംഗീകരിക്കണമെന്നാണ് ഹമാസിനോട് ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് ഹമാസിനുള്ള അവസാന അവസരമാണെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഹമാസ് ഗസ്സ വിട്ടുപോകണമെന്ന് ഉള്‍പ്പെടെയുള്ള 20ഇന നിര്‍ദേശങ്ങള്‍ അടങ്ങിയ സമാധാന കരാര്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അംഗീകരിച്ച പശ്ചാത്തലത്തിലാണ് വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ ഹമാസിന് മേല്‍ ട്രംപ് കടുത്ത സമ്മര്‍ദം ചെലുത്തുന്നത്.
ഹമാസ് പൂര്‍ണമായി പിന്‍വാങ്ങാന്‍ തയ്യാറായില്ലെങ്കില്‍ ഇതുവരെ ലോകം കാണാത്ത ആക്രമണം ഹമാസിന് നേരെ നടത്തുമെന്നാണ് ട്രൂത്ത് സോഷ്യലിലൂടെ ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്. ഹമാസിന്റെ 25000 അംഗങ്ങളെയെങ്കിലും വധിച്ചിട്ടുണ്ടെന്നും ബാക്കിയുള്ളവര്‍ എവിടെയാണെന്ന് തങ്ങള്‍ക്ക് കൃത്യമായി അറിയാമെന്നുമാണ് ട്രംപിന്റെ അവകാശവാദം. ഹമാസ് ഇത് അംഗീകരിക്കാന്‍ തയ്യാറായില്ലെങ്കില്‍ നിരപരാധികളായ പലസ്തീനികള്‍ ഗസ്സയുടെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണമെന്നും കനത്ത ആക്രമണം തന്നെ നടത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വര്‍ഷങ്ങളായി ഹമാസ് മിഡില്‍ ഈസ്റ്റിന് ഒരു ക്രൂരമായ സുരക്ഷാഭീഷണിയാണെന്ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. മനുഷ്യരെ അവര്‍ കൊന്നൊടുക്കുകയും നിരവധി ജീവിതങ്ങളെ അസഹനീയമാം വിധത്തില്‍ ദുരിതത്തിലേക്ക് തള്ളിവിടുകയും ചെയ്തു. ഒക്ടോബര്‍ 7-ന് ഇസ്രായേലില്‍ നടന്ന കൂട്ടക്കൊലയില്‍, കുഞ്ഞുങ്ങള്‍, സ്ത്രീകള്‍, കുട്ടികള്‍, വൃദ്ധര്‍, യുവാക്കള്‍, ആണ്‍കുട്ടികള്‍, പെണ്‍കുട്ടികള്‍ എന്നിങ്ങനെയുള്ള നിരവധി മനുഷ്യര്‍ മരിച്ചുവീണെന്നും ഇത് അമേരിക്ക ഹമാസിന് നല്‍കുന്ന അവസാന മുന്നറിയിപ്പാണെന്നും ട്രംപ് പറഞ്ഞു.
STORY HIGHLIGHT : Donald Trump Sets Sunday Evening Deadline For Gaza Deal
















