വിവിധ സംസ്ഥാനങ്ങളില്‍ ചുമ മരുന്ന് കഴിച്ച കുട്ടികള്‍ മരിച്ചെന്ന പരാതി ഉയര്‍ന്ന പശ്ചാത്തലത്തില്‍ പുതിയ നിര്‍ദ്ദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം.രണ്ടു വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ചുമ മരുന്ന് നല്‍കരുതെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം. ഇത്തരം മരുന്നുകളുടെ ഉപയോഗം കൃത്യമായ ക്ലിനിക്കൽ പരിശോധനയ്ക്കും ഡോക്ടർമാരുടെ നിർദേശത്തിനും ശേഷം മാത്രം കഴിച്ചാൽ മതി.
മരുന്ന് ഇതര രീതികള്‍ ആയിരിക്കണം രോഗികള്‍ക്ക് നല്‍കേണ്ട പ്രാഥമിക പരിചരണം. എല്ലാ ആരോഗ്യ സ്ഥാപനങ്ങളും ഇത്തരം മരുന്നുകളുടെ ഗുണനിലവാരം ഉറപ്പ് വരുത്തി മാത്രം ഉപയോഗിക്കുക. മരുന്ന് നിര്‍ദേശിക്കുന്നതില്‍ സ്വകാര്യ സ്ഥാപനങ്ങളടക്കം ജാഗ്രത പാലിക്കാനും നിര്‍ദേശമുണ്ട്. ഈ മാര്‍ഗനിര്‍ദേശം സംസ്ഥാനങ്ങളിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളും കര്‍ശനമായി പാലിക്കണമെന്നും കേന്ദ്രം മുന്നറിയിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.
അതേ സമയം, മധ്യപ്രദേശിലും രാജസ്ഥാനിലും കുട്ടികൾ മരിച്ച സംഭവത്തിൽ പരിശോധിച്ച കഫ് സിറപ്പുകളിൽ പ്രശ്നങ്ങളില്ലെന്ന് കേന്ദ്ര ഏജൻസികൾ വ്യക്തമാക്കി. പരിശോധനയിൽ കഫ് സിറപ്പുകളിൽ വൃക്ക തകരാറിന് കാരണമാകുന്ന രാസപദാർത്ഥങ്ങൾ കണ്ടെത്താനായില്ല. കുട്ടികളുടെ മരണം കഫ് സിറപ്പു മൂലമാണെന്ന ആരോപണം ഉയർന്നതോടെയാണ് എൻസിഡിസി, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, സിഎസ്ഡിസിഒ എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്.
STORY HIGHLIGHT : do not give cough medicine to children under two years
















