അസുഖം വന്നാല്‍ മരുന്ന് കഴിക്കണം. എന്നാല്‍ പെട്ടന്ന് തന്നെ അസുഖം മാറി വീണ്ടും ആരോഗ്യം വീണ്ടെടുക്കണമെങ്കില്‍ മരുന്ന് ഇളം ചൂട് വെള്ളത്തിനൊപ്പം കഴിക്കുന്നത് നന്നായിരിക്കുമെന്ന് ആരോഗ്യ വിദഗ്‌ധര്‍ പറയുന്നു. മരുന്ന് വയറിലെത്തി അലിഞ്ഞ് അതിലെ പല ഘടകങ്ങള്‍ നമ്മുടെ രക്തപ്രവാഹത്തിലേക്ക് എത്തുമ്പോഴാണ് രോഗം മാറി തുടങ്ങുക.
ഈ പ്രക്രിയയെ കാര്യക്ഷമമാക്കാന്‍ ഇളം ചൂട് വെള്ളം സഹായിക്കുമെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്. വെള്ളമില്ലാതെ മരുന്ന് കഴിക്കുന്നതും തണുത്ത വെള്ളത്തില്‍ മരുന്ന് കഴിക്കുന്നതും അപേക്ഷിച്ച് മരുന്ന് പെട്ടെന്ന് അലിഞ്ഞ് രക്തപ്രവാഹത്തിലേക്ക് കൂടുതല്‍ കാര്യക്ഷമമായി ആഗീരണം ചെയ്യപ്പെടാന്‍ ഇളം ചൂട് വെള്ളം സഹായിക്കുമെന്നാണ് കണ്ടെത്തല്‍.
മരുന്ന് കഴിക്കുമ്പോള്‍ തൊണ്ടയ്‌ക്കും അന്നനാളിക്കും ഉണ്ടാകുന്ന അസ്വസ്ഥത ലഘൂകരിക്കാന്‍ ഇളം ചൂട് വെള്ളം ഉപകരിക്കും. മരുന്നിനോട് ഒപ്പമല്ലാതെ വെറുതെ കുടിക്കുമ്പോഴും ഇളം ചൂട് വെള്ളത്തിന് ചില ആരോഗ്യഗുണങ്ങളൊക്കെ ഉണ്ടെന്ന് ഡയറ്റീഷ്യന്മാരും അഭിപ്രായപ്പെടുന്നു. വയറിലെയും കുടലിലെയും പേശികളെ റിലാക്‌സ് ചെയ്യിക്കാനും ഇവിടേക്കുളള രക്തയോട്ടം മെച്ചപ്പെടുത്താനും ദഹനത്തെ കാര്യക്ഷമമാക്കാനും ഇളം ചൂട് വെള്ളത്തിന് സാധിക്കും. എന്നാല്‍ ഒരു കാര്യം ശ്രദ്ധിക്കണം. മിതമായ ഒരു താപനിലയ്‌ക്ക് അപ്പുറമുള്ള ചൂട് മരുന്നിലെ ചില ഘടകങ്ങള്‍ക്ക് നാശമുണ്ടാക്കാം.
അതിനാല്‍ വെട്ടിത്തിളയ്‌ക്കുന്ന വെള്ളത്തിലൊന്നും മരുന്ന് കഴിക്കാന്‍ ശ്രമിക്കരുത്. പാല്‍, ചായ, കാപ്പി, പഴച്ചാറുകള്‍ എന്നിവയ്‌ക്കൊപ്പവും മരുന്ന് കഴിക്കുന്നതും കാര്യക്ഷമത കുറയ്‌ക്കും. മരുന്ന് എങ്ങനെ കഴിക്കണം എന്നതിനെ സംബന്ധിച്ച് ഡോക്ടര്‍മാര്‍ നല്‍കുന്ന നിര്‍ദ്ദേശവും മരുന്നിന്റെ ലേബലിലുള്ള നിര്‍ദ്ദേശവും പിന്തുടരേണ്ടതാണ്. ചില മരുന്നുകള്‍ വെള്ളത്തില്‍ അലിയിച്ച് കഴിക്കാന്‍ നിര്‍ദ്ദേശിച്ചാല്‍ അത് കര്‍ശനമായി പാലിക്കാനും ശ്രദ്ധിക്കണം.
















