അമേരിക്കയില്‍ നിലവില്‍ വന്ന അടച്ചുപൂട്ടൽ തുടരുന്നു. ഷട്ട്ഡൗണ്‍ നാലാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ കടുത്ത പ്രതിസന്ധിയാണ് ജനങ്ങള്‍ നേരിടുന്നത്. രാജ്യത്ത് അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചതോടെ ഏഴ് ലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാര്‍ ആശങ്കയിലായിരിക്കുകയാണ്. ഇന്നലെ സെനറ്റിൽ നടന്ന ധന അനുമതി ബില്ലിൻ മേലുള്ള വോട്ടെടുപ്പും പരാജയപ്പെട്ടു. ഇനി തിങ്കളാഴ്ച്ച വീണ്ടും വോട്ടെടുപ്പ് നൽകും. ഫെഡറൽ ജീവനക്കാരെ പിരിച്ചു വിടുമെന്ന ഭീഷണി വൈറ്റ് ഹൗസ് ആവർത്തിച്ചിരിക്കുകയാണ്. ഒക്ടോബർ 1 മുതൽ ആരംഭിച്ച ഈ ഷട്ട്‌ഡൗൺ മൂലം അമേരിക്കയിലെ വിവിധ മേഖലകൾ സ്തംഭനാവസ്ഥയിലാണ്.
അടച്ചുപൂട്ടൽ ഏറ്റവുമധികം ബാധിക്കുന്നത്?
അടച്ചുപൂട്ടൽ ഏറ്റവുമധികം ബാധിക്കുന്നത് താത്ക്കാലിക ജോലിയിൽ പ്രവർത്തിക്കുന്നവരെയാണ്. ഇവര്‍ക്ക് ശമ്പളം ഷട്ട്ഡൗണ്‍ കഴിഞ്ഞാല്‍ മാത്രമേ ലഭ്യമാവുകയുള്ളൂ. കൂടാതെ പാസ്പോര്‍ട്ട്, വിസ, സോഷ്യല്‍ സെക്യൂരിറ്റി ഗാര്‍ഡുകള്‍ പോലുള്ള സേവനങ്ങളില്‍ വലിയ കാലതാമസം ഉണ്ടാകും. ആരോഗ്യ സേവനങ്ങളുടെ വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്‌ത കണ്ടിജൻസി പ്ലാൻ അനുസരിച്ച്, ഏകദേശം 80,000 ജീവനക്കാരിൽ 41% പേരെയും പിരിച്ചുവിടും.
അടച്ചുപൂട്ടലിന് കാരണം ?
സര്‍ക്കാരിൻ്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് അനുവദിക്കുന്നതിനുള്ള ധനബില്ല് പാസാക്കുന്നതില്‍ യുഎസ് കോണ്‍ഗ്രസിൽ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്മാരും തമ്മില്‍ ധാരണയില്‍ എത്താത്തതാണ് ഫെഡറൽ അടച്ചുപൂട്ടലിന് കാരണം. ആരോഗ്യ മേഖലയില്‍ നല്‍കി വരുന്ന ധനസഹായം സംബന്ധിച്ച് ഡെമോക്രാറ്റിക്-റിപ്പബ്ലിക് പാര്‍ട്ടികള്‍ക്കിടയില്‍ രൂപപ്പെട്ട അഭിപ്രായ ഭിന്നതയാണ് അടച്ച് പൂട്ടലിലേക്ക് നയിച്ചത്.
അടച്ചുപൂട്ടൽ സമ്പദ് വ്യവസ്ഥയെ എങ്ങനെ ബാധിക്കും?
അമേരിക്കയുടെ അടച്ചുപൂട്ടൽ രാജ്യത്തിൻ്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് വിദഗ്‌ധർ വിലയിരുത്തുന്നത്. അടച്ചുപൂട്ടൽ നീണ്ടുനിൽക്കുന്ന ഓരോ ആഴ്‌ചയും ജിഡിപി വളർച്ചയിൽ 0.2 ശതമാനം പോയിൻ്റുകൾ കുറയ്ക്കുമെന്ന് സാമ്പത്തിക വിദഗ്‌ധർ മുന്നറിയിപ്പ് നൽകുന്നു.
പിരിച്ചുവിട്ട ഫെഡറൽ ജീവനക്കാർക്ക് ശമ്പളം ലഭിക്കുമോ?
പിരിച്ചുവിട്ട ജീവനക്കാർക്ക് പ്രവർത്തനം പുനരാരംഭിച്ചുകഴിഞ്ഞാൽ മുൻകാല ശമ്പളം നൽകണമെന്ന് 2019-ൽ, പാസാക്കിയ ബില്ലിൽ പറയുന്നുണ്ട്. എന്നാൽ പിരിച്ചുവിട്ട തൊഴിലാളികൾക്കും ജോലിയിൽ തുടരുന്നവർക്കും അവരുടെ പതിവ് ശമ്പളത്തിൽ നിന്ന് തുക കുറയാൻ സാധ്യതയുണ്ട്. അതായത് മുഴുവൻ ശമ്പളവും കിട്ടിക്കൊള്ളണമെന്നില്ല.
എന്താണ് ഗവണ്‍മെൻ്റ് ഷട്ട്ഡൗണ്‍ അഥവാ സർക്കാർ അടച്ചുപൂട്ടൽ?
രാജ്യത്തുടനീളമുള്ള സർക്കാർ ഏജൻസികൾ താത്‌കാലികമായി അടച്ചു പൂട്ടുന്നതിനെയാണ് ഷട്ട്ഡൗൺ അഥവാ സർക്കാർ അടച്ചുപൂട്ടൽ എന്ന് പറയുന്നത്. അടച്ചുപൂട്ടൽ നടപ്പിലാക്കുന്നതോടെ അത്യാവശ്യമല്ലാത്തതായി കണക്കാക്കപ്പെടുന്ന ഫെഡറൽ ജീവനക്കാരെ ശമ്പളമില്ലാതെ അവധിയിൽ (ഫർലോ) പ്രവേശിപ്പിക്കുന്നു. സാമൂഹിക സുരക്ഷ, യുഎസ് പോസ്റ്റ്, ഇമിഗ്രേഷൻ നിയന്ത്രണം എന്നിവയുൾപ്പെടെ അത്യാവശ്യ സേവനങ്ങളിലെ ഉദ്യോഗസ്ഥർ ജോലിയിൽ തുടരും, പക്ഷേ അടച്ചുപൂട്ടൽ കഴിയുന്നതുവരെ ശമ്പളം ലഭിക്കില്ല. ഈ ഉദ്യോഗസ്ഥാർക്ക് അവധിയിൽ പ്രവേശിക്കാനും കഴിയില്ല. അവധിയെടുത്താൽ ഇവരെ പിരിച്ചുവിടുമെന്നാണ് ട്രംപ് ഭീഷണി മുഴക്കുന്നത്.
















