തിരുവനന്തപുരം: ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ ആരോപണ വിധേയനായ ഉണ്ണികൃഷ്ണൻ പോറ്റിയെ ഇന്ന് ചോദ്യംചെയ്യും. പോറ്റിയെ വിശദമായി ചോദ്യം ചെയ്യാനാണ് ദേവസ്വം വിജിലൻസിന്റെ നീക്കം. ഉണ്ണികൃഷ്ണൻ പോറ്റിയുടെ സാമ്പത്തിക ഇടപാടുകളും റിയൽ എസ്റ്റേറ്റ് ബന്ധങ്ങളും അന്വേഷണ പരിധിയിൽ വരും.
തലസ്ഥാനത്തടക്കം ഭൂമി വാങ്ങിക്കൂട്ടിയത് സംബന്ധിച്ച വിവരമാണ് ദേവസ്വം വിജിലൻസിന് ലഭിച്ചത്. 30 കോടിയിലധികം രൂപയുടെ ഭൂമിയിടപാട് നടന്നതായാണ് സൂചന. വട്ടിപ്പലിശയ്‌ക്ക് പണം നൽകിയിരുന്നതായും കണ്ടെത്തി. സാമ്പത്തിക ഇടപാടിലടക്കം കൂടുതൽ തെളിവ് ലഭിച്ച സാഹചര്യത്തിൽ ഉണ്ണികൃഷ്‌ണനെയും സഹായി വാസുദേവനെയും ശനിയാഴ്‌ച ചോദ്യംചെയ്യും. 2019ൽ അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ ശബരിമലയിലെ ശിൽപ്പപാളി ചെന്നൈയിലടക്കം പലയിടത്തും പ്രദർശിപ്പിച്ച് കോടികൾ സമ്പാദിച്ചതായി ദേവസ്വം വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. അധികൃതരെ തെറ്റിദ്ധരിപ്പിച്ചാണ് ഇവ അനധികൃതമായി സൂക്ഷിച്ച് പൂജ ചെയ്‌തതും പണപ്പിരിവ് നടത്തിയതും.
ബാംഗ്ലൂരിൽ നിന്നും കഴിഞ്ഞ ദിവസം പോറ്റി തിരുവനന്തപുരത്തെ വീട്ടിൽ എത്തിയിരുന്നു. 2019 മുതൽ 25 വരെ ശബരിമലയിലെ തങ്കവാതിൽ, ദ്വാരക ശിൽപ്പത്തിലെ സ്വർണ്ണപ്പാളികൾ, സ്വർണ്ണ പീഠം എന്നിവയെ ചുറ്റിപ്പറ്റിയും ശബരിമലയുടെ പേരിൽ പണം പിരിവ് നടത്തിയത് സംബന്ധിച്ചുമാണ് പോറ്റിക്കെതിരെ ഗുരുതരമായ ആരോപണങ്ങളുള്ളത്. പലതിലും പോറ്റിക്കെതിരായ തെളിവുകളും ഇതിനോടകം ശേഖരിച്ചിട്ടുണ്ടെന്നാണ് വിവരം.
ഉണ്ണികൃഷ്ണൻ പോറ്റി എവിടെയെല്ലാം പണപ്പിരിവ് നടത്തി? യഥാർഥ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി തന്നെയോ? ഇടനിലക്കാർ വേറെയുണ്ടോ? ശബരിമലയിൽ നിന്ന് ചെന്നൈ സ്മാർട്ട് ക്രിയേഷൻസിലേക്ക് സ്വർണ്ണപ്പാളികൾ എത്തിക്കാനെടുത്ത മുപ്പതിലേറെ ദിവസം ദ്വാരപാലക ശിൽപത്തിലെ പാളികൾ എവിടെയായിരുന്നു? തങ്ക വാതിൽ പണപ്പിരിവ് നടത്തി എവിടെയെല്ലാം പ്രദർശിപ്പിച്ചു. തുടങ്ങി ഉണ്ണികൃഷ്ണൻ പോറ്റിയുടെ സാമ്പത്തിക ഇടപാടുകളും റിയൽ എസ്റ്റേറ്റ് ബന്ധങ്ങളും അന്വേഷണ പരിധിയിൽ വരും. സംഭവത്തിൽ സംസ്ഥാന പൊലീസ് സ്റ്റേറ്റ് ഇന്റലിജൻസും വിവരശേഖരണം തുടങ്ങിയിട്ടുണ്ട്.
















