അമേരിക്കയുടെ തീരുവകൾ മൂലമുള്ള ഇന്ത്യയ്ക്കുണ്ടായ നഷ്ടം നികത്തി നൽകുമെന്ന് റഷ്യ പ്രഖ്യാപിച്ചു. ഇതിനായി ഇന്ത്യയിൽ നിന്ന് കൂടുതൽ കാർഷിക ഉൽപ്പന്നങ്ങളും മരുന്നുകളും വാങ്ങാൻ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ നിർദ്ദേശം നൽകി.
റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന്റെ പേരിൽ യുഎസ് ഇന്ത്യൻ ഉൽപന്നങ്ങൾക്ക് അധിക തീരുവ പ്രഖ്യാപിച്ച സന്ദർഭത്തിലാണ് റഷ്യയുടെ സുപ്രധാന നടപടി.
എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയ്ക്കുണ്ടാകുന്ന നഷ്ടം നികത്തുമെന്ന് പുടിൻ വ്യക്തമാക്കി. സോച്ചിയിൽ നടക്കുന്ന ഇന്ത്യ ഉൾപ്പെടെ 140 രാജ്യങ്ങളിലെ പ്രതിനിധികൾ അടങ്ങുന്ന സമ്മേളനത്തിലായിരുന്നു പുടിന്റെ പ്രഖ്യാപനം.
ഇന്ത്യയ്ക്കുമേൽ കനത്ത തീരുവ ചുമത്തിയതിനെ ജനങ്ങൾ അംഗീകരിക്കില്ലെന്ന് പുടിൻ പറഞ്ഞു. ദേശീയ താൽപര്യങ്ങൾ ഹനിക്കുന്നതും അപമാനകരവുമായ ഒരു തീരുമാനത്തിനും ഇന്ത്യയിലെ ജനങ്ങൾ കൂട്ടുനിൽക്കില്ല.
ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അങ്ങനെയൊരു തീരുമാനമെടുക്കില്ലെന്ന് ഉറപ്പുണ്ട്. ഇന്ത്യയും റഷ്യയും തമ്മിലുള്ള സാമ്പത്തിക സഹകരണം കൂടുതൽ വിപുലമാക്കുമെന്നും പുടിൻ കൂട്ടിച്ചേർത്തു.
















