വാഷിങ്‌ടൻ: യുഎസിൽ സർക്കാർ വകുപ്പുകൾക്കു ശമ്പളമടക്കം ചെലവുകൾക്കു പണം ലഭിക്കാത്തതിനെ തുടർന്ന് പ്രാബല്യത്തിലായ ‘അടച്ചുപൂട്ടൽ’ അടുത്ത ആഴ്ചയിലേക്കും നീളും. ഇന്നലെ സെനറ്റിൽ നടന്ന ധന അനുമതി ബില്ലിൻ മേലുള്ള വോട്ടെടുപ്പും പരാജയപ്പെട്ടു. തിങ്കളാഴ്ച ഹ്രസ്വകാല ധനാനുമതി ബിൽ സെനറ്റിൽ വീണ്ടും അവതരിപ്പിക്കും. അടച്ചുപൂട്ടൽ തുടരുകയാണെങ്കിൽ കൂട്ടപ്പിരിച്ചു വിടലുകൾ ആവശ്യമായി വരുമെന്ന് വൈറ്റ് ഹൗസ് ആവർത്തിച്ചു. പ്രതിസന്ധിക്ക് ഉത്തരവാദികൾ ഡമോക്രാറ്റുകളാണെന്ന് ഡോണൾഡ് ട്രംപ് ആരോപിച്ചു.
ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്കു പണം നൽകില്ലെന്ന പ്രസിഡന്റ് ട്രംപിന്റെ നയം ഡെമോക്രാറ്റുകൾ ചെറുത്തതോടെയാണ് യുഎസ് സെനറ്റിൽ ധനബില്ലുകൾ പാസാകാതെ വന്നത്. ഇതോടെ ശമ്പളം കൊടുക്കാനും ദൈനംദിന കാര്യങ്ങള്‍ക്കും വകുപ്പുകള്‍ക്ക് പണമില്ലാതായതോടെ ഒക്‌ടോബർ ഒന്നു മുതൽ ഏഴര ലക്ഷം ഫെഡറൽ ജീവനക്കാര്‍ ശമ്പള രഹിത നിര്‍ബന്ധിത അവധിയിലേക്ക് പ്രവേശിക്കുകയായിരുന്നു.
















