നല്ല നാടൻ രീതിയിൽ ബീഫ് വരട്ടിയത് തയ്യാറാക്കിയാലോ? കിടിലൻ സ്വാദിൽ തന്നെ തയ്യാറാക്കാം. എങ്ങനെയെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- ബീഫ് – അരക്കിലോ
- സവാള – 2 എണ്ണം
- ഇഞ്ചി – ഒരു കഷ്ണം ചതച്ചത്
- വെളുത്തുള്ളി – 8 അല്ലി ചതച്ചത്
- കൊല്ലമുളക് – 7 എണ്ണം
- മുഴുവന് മല്ലി – 2 ടേബിള് സ്പൂണ്
- കുരുമുളകുപൊടി – 2 ടീസ്പൂണ്
- മഞ്ഞള്പ്പൊടി – അര ടീസ്പൂണ്
- പെരുഞ്ചീരകപ്പൊടി – 1 ടീസ്പൂണ്
- തേങ്ങാക്കൊത്ത് – അരക്കപ്പ്
- വെളിച്ചെണ്ണ – ആവശ്യത്തിന്
- കറിവേപ്പില – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ബീഫ് ചെറിയ കഷ്ണങ്ങളാക്കി കഴുകി വയ്ക്കുക. ഇതിൽ ഒരു ടീസ്പൂണ് കുരുമുളകുപൊടി, ഉപ്പ്, മഞ്ഞള്പ്പൊടി എന്നിവ പുരട്ടി അര മണിക്കൂർ വയ്ക്കണം. ഇതിനു ശേഷം ഇത് പ്രഷർ കുക്കറിൽ വേവിച്ചെടുക്കുക. ഒരു പാത്രത്തിൽ വെളിച്ചെണ്ണ മൂപ്പിയ്ക്കുക. ഇതിൽ കറിവേപ്പില, തേങ്ങാക്കൊത്ത് എന്നിവയിട്ടു മൂപ്പിയ്ക്കുക. തേങ്ങ ഇളം ബ്രൗണ് നിറമാകുമ്പോള് മുക്കാൽ ഭാഗം വെളുത്തുള്ളി ചതച്ചത് ചേർത്തിളക്കുക. ഇതും നല്ലപോലെ മൂപ്പിയ്ക്കണം. പിന്നീട് സവാള ചേർത്തിളക്കുക.
സവാള ബ്രൗണ് നിറമാകുമ്പോള് മുളകും മല്ലിയും പൊടിച്ചതും ഗരം മസാലയും ചേർത്തിളക്കുക. ഇതിലേയ്ക്ക് ബീഫ് വേവിച്ചതു ചേർത്തിളക്കുക. അല്പം വെള്ളവുമാകാം. ബീഫിൽ മസാല നല്ലപോലെ പിടിച്ചു കഴിയുമ്പോള് മുകളിൽ അല്പം കൂടി ഗരം മസാല, പെരുഞ്ചീരകപ്പൊടി, കറിവേപ്പില എന്നിവയിട്ട് ഇളക്കാം. അല്പം വെളിച്ചെണ്ണ മുകളിൽ തൂവാം. ഇത് നല്ലപോലെ ഇളക്കി വെള്ളം വറ്റിച്ച് ഉപയോഗിയ്ക്കാം.
















