സ്വർണപ്പാളി വിഷയത്തിൽ മുഖ്യമന്ത്രി മൗനം വെടിയണമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. അയ്യപ്പ സംഗമത്തിൽ എത്തി ആചാരത്തെക്കുറിച്ചും അയ്യപ്പഭക്തരെ കുറിച്ചും സംസാരിച്ച മുഖ്യമന്ത്രി എന്തുകൊണ്ട് സ്വർണ്ണപ്പാളിയെ കുറിച്ച് മിണ്ടുന്നില്ല. വിശ്വാസത്തെ നശിപ്പിക്കാൻ ഗൂഢസംഘം പ്രവർത്തിക്കുന്നുവെന്ന് ഭക്തജനങ്ങൾക്ക് ആശങ്കയുണ്ട്. ബന്ധപ്പെട്ട എല്ലാവരും ദ്വാരപാലകർക്കു സ്വർണം പൂശി എന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്. 2019 ശേഷം എന്ത് സംഭവിച്ചു എന്ന് വ്യക്തമാകണമെന്നും അദ്ദേഹം ആവശ്യപെട്ടു.
അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റിനെയും കമ്മീഷണറെയും ഇന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റിനെയും കമ്മീഷണറെയും വിളിച്ചുവരുത്തി ചോദ്യം ചെയ്യാത്തത് എന്താണ്? നേരത്തെ ക്ഷേത്രത്തിൽ ഗോളക 40 വർഷം വാറണ്ടിയോടുകൂടി നൽകിയതാണ്. എന്നാൽ അത് ആറുവർഷം കഴിയുമ്പോഴേക്കും മാറ്റേണ്ടിവന്നു. ഉണ്ണികൃഷ്ണൻ പോറ്റിയെ ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുകയാണ് വേണ്ടതെന്നും കുമ്മനംരാജശേഖരൻ പറഞ്ഞു.
ശബരിമല സ്വർണപ്പാളി വിഷയത്തിൽ സിബിഐ അന്വേഷണം വേണമെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു. സർക്കാർ ഹൈക്കോടതിയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശുപാർശ നല്കണം. വിവാദങ്ങളിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് രാജിവെക്കണമെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന് പുറത്തുള്ള ചില ഏജൻസികൾ ഇതിന് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട് അതുകൊണ്ടുതന്നെ സിബിഐയ്ക്ക് മാത്രമേ ഇതെല്ലാം പുറത്ത് കൊണ്ടുവരാൻ സാധിക്കുകയുള്ളൂ. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെങ്കിൽ വിദഗ്ദ്ധമായ അന്വേഷണമാണ് ആവശ്യം അത് സിബിഐയ്ക്ക് മാത്രമേ സാധിക്കൂവെന്നും അന്വേഷണം സിബിഐയ്ക്ക് തന്നെ വിട്ടുകൊടുക്കണമെന്നും കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു.
















