സ്വര്‍ണപ്പാളി വിവാദത്തിൽ ദേവസ്വത്തിന് ഒന്നും മറയ്ക്കാനില്ലെന്നും എല്ലാം കോടതി അന്വേഷിക്കട്ടെയെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. അറ്റകുറ്റപ്പണിക്കായി ഇപ്പോൾ കൊണ്ടുപോയതിൽ ഒരു വീഴ്ചയും ഉണ്ടായിട്ടില്ല. 2019ലെ ഉത്തരവിലാണ് ചെമ്പ് പാളികൾ എന്ന് പറഞ്ഞിട്ടുള്ളത്. അതിൽ താൻ എന്താണ് ചെയ്യേണ്ടത്?.സ്മാർട്ട് ക്രിയേഷൻസുമായുള്ള 40 വർഷത്തെ വാറൻ്റി ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ പേരിലാണ്. അതുകൊണ്ടാണ് അദ്ദേഹത്തെ ഒപ്പം കൂട്ടേണ്ടി വന്നത്. ഇത്തരം അവതാരങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവ് എന്തുകൊണ്ട് ഇപ്പോൾ മിണ്ടുന്നില്ല. പറയുന്നതൊക്കെയും വങ്കത്തരമാണ്. ആഗോള അയ്യപ്പ സംഗമത്തോടെയാണ് വിവാദം ഉണ്ടായത്. സ്വർണ്ണപ്പാളി വിവാദം സുവർണ്ണാവസരമായി പ്രതിപക്ഷം കണ്ടു. എന്തായാലും വിവാദത്തിൽ സമഗ്ര അന്വേഷണം വേണമെന്നാണ് ആവശ്യപെടാൻ പോകുന്നതെന്നും പി എസ് പ്രശാന്ത് പറഞ്ഞു.
ശബരിമല സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡിന് യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് പി എസ് പ്രശാന്ത് പറഞ്ഞു. സ്വർണ്ണപ്പാളി ചെന്നൈയിൽ കൊണ്ടുപോയതിൽ ഒരു പാളിച്ചയും ഉണ്ടായിട്ടില്ലെന്നും അത് ഉണ്ണികൃഷ്ണൻ പോറ്റിയുടെ കയ്യിലല്ല കൊടുത്തുവിട്ടതെന്നും പി എസ് പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു. ഉണ്ണികൃഷ്ണൻ പോറ്റിയോട് ചെന്നൈയിൽ വരാനാണ് പറഞ്ഞത്. മാത്രമല്ല തിരുവാഭരണം പൊലീസ് അകമ്പടിയിലാണ് കൊണ്ടുപോയത്. കമ്മീഷണറും ഒപ്പമുണ്ടായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















