സെപ്റ്റംബർ 24-ന് കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന് സംസ്ഥാന പദവി നൽകണമെന്നാവശ്യപ്പെട്ട് നടന്ന സമരം അക്രമാസക്തമാവുകയും പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ നാലുപേർ മരിക്കുകയും ഒട്ടേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.തുടർന്ന് പരിസ്ഥിതി പ്രവർത്തകനും സമര പോരാളിയുമായ സോനം വാങ് ചുക്കിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഇതിനിടെ, ലഡാക്ക് സംഘർഷവുമായി ബന്ധപ്പെടുത്തി ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രക്ഷോഭ സൂത്രധാരനെ പോലീസ് പിടികൂടി എന്ന തരത്തിലാണ് ഇത് പ്രചരിക്കുന്നത്. എന്നാൽ ഈ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് പരിശോധനയിൽ നിന്ന് കണ്ടെത്തി.
‘ലഡാക്കിലെ ജെൻസി പ്രക്ഷോഭ നേതാവിന്റെ അവസ്ഥ’ എന്നാണ് വീഡിയോക്ക് പോസ്റ്റിൽ നൽകിയിരിക്കുന്ന വിവരണം. കറുത്ത വസ്ത്രം ധരിച്ച ഒരാളെ പോലീസുകാർ ചേർന്ന് റോഡിലൂടെ പിടിച്ചുകൊണ്ടുവരുന്നതും ലാത്തികൊണ്ട് മർദിക്കുന്നതുമാണ് വീഡിയോയുടെ തുടക്കത്തിൽ. പിന്നീട് ഇയാളെ പോലീസ് വാഹനത്തിൽ കയറ്റുന്നതിന്റെയും ഒരു കെട്ടിടത്തിന് മുന്നിൽ നിർത്തിയതിന്റെയും ദൃശ്യങ്ങളാണ്.
വീഡിയോ സൂക്ഷ്മമായി പരിശോധിച്ചാൽ, വീഡിയോയുടെ ഏറ്റവും അവസാന ഭാഗത്ത് കാണുന്ന ദൃശ്യങ്ങളിൽ പിടികൂടിയ വ്യക്തിക്കും പോലീസുകാർക്കും പിറകിലായി ഒരു കെട്ടിടം കാണാം. ഇതിൽ ‘കാശിപൂർ, ഉത്തരാഖണ്ഡ്’ എന്ന് ഹിന്ദിയിൽ എഴുതിയിട്ടുണ്ട്. വീഡിയോ ലഡാക്കിൽ നിന്നുള്ളതല്ല എന്ന് ഇത് വ്യക്തമാക്കുന്നു.
ഹിന്ദി മാധ്യമമായ ദൈനിക് ഡയറി പ്രചരിക്കുന്ന അതേ വീഡിയോ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചിട്ടുണ്ട്. കാശിപൂരിൽ നടന്ന ‘ഐ ലവ് മുഹമ്മദ്’ എന്ന റാലിക്കിടെ പോലീസിനെ മർദ്ദിച്ച നദീം അക്തർ എന്നയാൾ അറസ്റ്റിലായി എന്നാണ് വീഡിയോക്ക് നൽക്കിയിരിക്കുന്ന വിവരണം. പ്രചരിക്കുന്ന ദൃശ്യങ്ങൾക്ക് ലഡാക്ക് സംഘർഷവുമായി ബന്ധമില്ല എന്ന് ഇതിൽനിന്നു വ്യക്തമായി.
















