അഹമ്മദാബാദ് വിമാനദുരന്തത്തിന്‍റെ അന്വേഷണ സംഘത്തില്‍ വൈമാനികരെ കൂടി ഉള്‍പ്പെടുത്തണമെന്ന ആവശ്യം തള്ളി വിമാന അപകട അന്വേഷണ സംഘം. നിലവിലുള്ള നിയമത്തില്‍ ഇതിന് പരിമിതികളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അഹമ്മദാബാദിലെ എഐ 171 വിമാന ദുരന്ത അന്വേഷണത്തില്‍ നിന്ന് വൈമാനികരെ ഒഴിവാക്കിയിട്ടുള്ളത്. ഇക്കാര്യം എയര്‍ലൈന്‍ പൈലറ്റ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ(എഎല്‍പിഎ)യെ ഔദ്യോഗികമായി അറിയിച്ചു.
സ്വതന്ത്ര വിഷയ വിദഗ്ദ്ധരെയും അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്താനാകില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ ഇതിന് കഴിയും വിധം നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തുന്ന കാര്യം പരിഗണിക്കാമെന്നും അധികൃതര്‍ വ്യക്തമാക്കി.
പതിറ്റാണ്ടുകള്‍ക്കിടെ രാജ്യത്തുണ്ടായ ഏറ്റവും വലിയ വിമാന ദുരന്തമാണ് ജൂണ്‍ 12നുണ്ടായ ബോയിങ് 787 ഡ്രീം ലൈനറിന്‍റേത്. 260 പേരാണ് ദുരന്തത്തില്‍ മരിച്ചത്. യാത്രക്കാരും ജീവനക്കാരും താഴെയുണ്ടായിരുന്ന നാട്ടുകാരുമടക്കമുള്ളവര്‍ കൊല്ലപ്പെട്ടു. കോക്‌പിറ്റിലുണ്ടായ മാനുഷിക പിഴവാണ് ദുരന്തത്തിന് കാരണമെന്ന് എഎഐബി ജൂലൈയില്‍ സമര്‍പ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേ തുടര്‍ന്ന് അന്വേഷണത്തില്‍ കൂടുതല്‍ സുതാര്യത വേണമെന്ന ആവശ്യവുമായി പൈലറ്റുമാരുടെ സംഘടന രംഗത്ത് എത്തി. അന്വേഷണത്തില്‍ വിഷയ വിദഗ്ദ്ധരെ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ഉയര്‍ന്നു.
















