ഇസ്രയേലിന് വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് ആറ് പുരുഷ തടവുകാരെ തൂക്കിലേറ്റി ഇറാൻ. കഴിഞ്ഞ ജൂണിൽ ആരംഭിച്ച് 12 ദിവസം നീണ്ട് നിന്ന ഇറാൻ-ഇസ്രയേൽ സംഘർഷത്തിൽ ഖുസെസ്ഥാൻ പ്രവിശ്യയിലെ ഖോറാംഷഹറിൽ ബോംബ് ആക്രമണം നടത്തി എന്നതാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. ഇസ്രയേലിന് വേണ്ടി എണ്ണ സമ്പന്നമായ തെക്കുപടിഞ്ഞാറൻ മേഖലയിലാണ് ഇവർ ആക്രമണം നടത്തിയതെന്നാണ് തൂക്കിലേറ്റിയവർക്കെതിരെയുള്ള കുറ്റം. ആറ് കുറ്റവാളികളും ആക്രമണത്തിലൂടെ പൊലീസ് ഉദ്യോഗസ്ഥരെയും സുരക്ഷാ സേനയേയും കൊലപ്പെടുത്തിയതായും ഇറാനിൽ നിന്ന് പുറത്ത് വരുന്ന റിപ്പോർട്ടുകളിൽ പറയുന്നു. പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇറാനില്‍ നടന്ന ഏറ്റവു ഉയർന്ന വധശിക്ഷ നടപടിയാണിത്.
ഇറാൻ അണവ ശേഖരം നടത്തുന്നു എന്നതാണ് ഇസ്രയേലിനെയും അമേരിക്കയേയും ഒരുപോലെ ചൊടിപ്പിക്കുന്നത്. ഇറാൻ്റെ ആണവ പദ്ധതി ഒരു തർക്കവിഷയമാണ്. ആണവായുധ വ്യാപന നിരോധന ഉടമ്പടിയിൽ (NPT) ഒപ്പുവച്ച രാഷ്ട്രമെന്ന നിലയിൽ, സമാധാനപരമായ ആവശ്യങ്ങൾക്കായി ആണവ സാങ്കേതികവിദ്യ വികസിപ്പിക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്ന് ഇറാൻ അവകാശപ്പെടുന്നു. എന്നാൽ യുഎസും സഖ്യകക്ഷികളും, പ്രത്യേകിച്ച് യൂറോപ്യന്മാർ, ഇറാൻ്റെ ആണവ പദ്ധതി, ആണവ ബോംബ് വികസിപ്പിക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ളതാണെന്നും ഇറാൻ തങ്ങളുടെ ആ ലക്ഷ്യത്തിന് തൊട്ടടുത്താണെന്നും വാദിച്ചുകൊണ്ടേയിരിക്കുന്നു. ഇറാൻ്റെ ആണവ പദ്ധതി തങ്ങളുടെ നിലനിൽപ്പിന് ഭീഷണിയാണെന്ന് ഇസ്രയേലും നിരന്തരം പറയുന്നു.
ഗാസ ഇറാൻ്റെ പ്രശ്‌നമാണെന്ന പ്രഖ്യാപനവും സംഘർഷത്തിൻ്റെ ആക്കം കൂട്ടിയിരുന്നു. എന്നാൽ ഇറാൻ ലോക രാജ്യങ്ങള്‍ക്കിടയിൽ വലിയൊരു ശക്തിയായി ഉയർന്നു വരുന്നുണ്ട് എന്നതിനാൽ തന്നെ ഇസ്രയേൽ സംഘർഷത്തിൽ ലോക രാജ്യങ്ങള്‍ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്. 12 ദിവസത്തോളം നീണ്ട് നിന്ന സംഘർഷത്തിന് താത്കാലികമായെങ്കിലും തിരശീല വീണത് അതിനാലാണ്.
















