കർണാടകയിൽ കോൺഗ്രസ് അധികാരത്തിലെത്തിയത് മുതൽ മുഖ്യമന്ത്രി കസേരയെ ചൊല്ലി തർക്കമുണ്ടായിരുന്നു. ഡികെ ശിവകുമാറും സിദ്ധരാമയ്യയും തമ്മിലുള്ള അധികാരത്തർക്കത്തിൽ നീണ്ട ചർച്ചകൾക്കൊടുവിലാണ് കസേര സിദ്ധരാമയ്യയ്ക്ക് ലഭിച്ചത്. ജാതി രാഷ്ട്രീയത്തിന്റെ പിൻബലത്തിൽ സിദ്ധരാമയ്യ അധികാരത്തിലെത്തിയെങ്കിലും ഡികെ ശിവകുമാർ ഭരണം വിട്ടുകൊടുക്കാൻ തയ്യാറായില്ല. പലപ്പോഴും ഉപമഉഖ്യമന്ത്രിയാണ് കർണ്ണാടക ഭരിക്കുന്നതെന്ന തരത്തിലായിരുന്നു കാര്യങ്ങൾ. ഇതിനിടെ അധികാര കൈമാറ്റവും ചർച്ചയായിരുന്നു.എന്നാൽ കര്‍ണാടകയില്‍ നേതൃമാറ്റവുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങൾ തള്ളിയിരിക്കുകയാണ് ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി (എഐസിസി) ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. കർണാടകയിൽ ഈ വർഷം അവസാനം മുഖ്യമന്ത്രി മാറ്റമുണ്ടാകുമെന്ന് അടുത്തിടെ അഭ്യൂഹങ്ങൾ ഉയര്‍ന്നിരുന്നു. ഇതിനുപിന്നാലെയാണ് കെസി വേണുഗോപാലിൻ്റെ പ്രതികരണം. സംസ്ഥാന നേതൃത്വവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ കൈകാര്യം ചെയ്യാൻ കോൺഗ്രസ് പൂർണമായും പ്രാപ്‌തമാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
പാർട്ടിയിൽ എങ്ങനെ മുന്നോട്ട് പോകണമെന്ന് തീരുമാനിക്കാൻ കോൺഗ്രസിന് കഴിവുണ്ട്. ദയവായി ആ തീരുമാനം തങ്ങളുടെ പാർട്ടിക്ക് വിട്ടുതരിക. അത് ഓർത്ത് വിഷമിക്കണ്ടതില്ലെന്നും കെസി വേണുഗോപാൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഒരു തീരുമാനം എടുക്കേണ്ട സമയത്ത് തങ്ങൾ എടുക്കും, ആ തീരുമാനം എടുക്കാൻ പാർട്ടിക്ക് കഴിവുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ എപ്പോൾ വന്നാലും നിങ്ങൾക്ക് ഒരു അജണ്ടയും ഒരു ചോദ്യവും മാത്രമേയുള്ളൂ. അഞ്ച് വർഷമോ രണ്ടര വർഷമോ എന്ന ചോദ്യം മാത്രമെന്ന് കെസി വേണുഗോപാൽ പറഞ്ഞു.
അതേസമയം കുനിഗലിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ എച്ച് ഡി രംഗനാഥും മുൻ മാണ്ഡ്യ എംപി എൽആർ ശിവരാമ ഗൗഡയുമാണ് നേതൃത്വ ചർച്ചയ്ക്ക് വീണ്ടും തുടക്കമിട്ടത്. ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ ആയിരിക്കും കർണാടകയുടെ അടുത്ത മുഖ്യമന്ത്രിയാകുന്നതെന്ന് ഇരുവരും അവകാശപ്പെട്ട് രംഗത്തെത്തി. ഈ വർഷം അവസാനം മുഖ്യമന്ത്രി സ്ഥാനത്ത് മാറ്റം ഉണ്ടാകുമെന്ന അഭ്യൂഹങ്ങൾ സംസ്ഥാനത്തെ രാഷ്ട്രീയ വൃത്തങ്ങളിൽ നേരത്തെ തന്നെ നിലനിൽക്കുന്നുമുണ്ട്.
2023 മെയ് മാസത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിനുശേഷം മുഖ്യമന്ത്രി സ്ഥാനത്തിനായി സിദ്ധരാമയ്യയും ശിവകുമാറും തമ്മിൽ കടുത്ത മത്സരമായിരുന്നു നടന്നത്. ഒടുവിൽ കോൺഗ്രസ് ശിവകുമാറിനെ ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കുകയും സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കുകയും ചെയ്‌തു.രണ്ടര വർഷത്തിനുശേഷം ശിവകുമാർ മുഖ്യമന്ത്രിയാകുമെന്നും മുഖ്യമന്ത്രി ഫോർമുല അടിസ്ഥാനമാക്കി ഒരു ഒത്തുതീർപ്പ് ഉണ്ടാക്കിയതായും ആ സമയത്ത് ചില റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. എന്നാല്‍, പാർട്ടി ഇത്തരം റിപ്പോർട്ടുകൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
കര്‍ണാടക മുഖ്യമന്ത്രി സ്ഥാനമാറ്റത്തെ കുറിച്ചുളള ഊഹാപോഹങ്ങള്‍ യാഥാര്‍ഥ്യമല്ലെന്ന് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ മാസങ്ങൾക്ക് മുമ്പ് പ്രതികരിച്ചിരുന്നു. കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്ത് സിദ്ധരാമയ്യക്ക് പകരം തന്നെ നിയമിക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് നേരെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമര്‍ശം. നിലവില്‍ മുഖ്യമന്ത്രിയായി സിദ്ധരാമയ്യ തന്നെ തുടരുമെന്ന വിവരം കഴിഞ്ഞ ദിവസം ശിവകുമാര്‍ മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചിരുന്നു. എന്നിരുന്നാലും കർണാടക കോൺഗ്രസിൽ ചേരിതിരിവുണ്ടെന്ന് പാർട്ടി വൃത്തങ്ങൾ തന്നെ സമ്മതിക്കുന്നുണ്ട്.
















