തെരഞ്ഞെടുപ്പുകൾ ഉൾപ്പെടെ പടിവാതിലിൽ എത്തിനിൽക്കുമ്പോഴും പ്രഖ്യാപനങ്ങൾ പലതും നിറവേറ്റാൻ കഴിയാതെ വഴിമുട്ടി നിൽക്കുകയാണ് കോൺഗ്രസ്. വയനാട് മുണ്ടക്കൈ – ചുരൽമല ഉരുൾപ്പൊട്ടൽ പുനരധിവാസവുമായി ബന്ധപ്പെട്ട് നൽകിയ വാഗ്ദാനങ്ങളാണ് അതിൽ പ്രധാനം. ഉരുൾപ്പൊട്ടൽ ദുരിത ബാധിതർക്കായി കോൺഗ്രസ് 100 വീടുകൾ സ്ഥാപിക്കും എന്നായിരുന്നു മുൻ വയനാട് എംപി കൂടിയായ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം. 100 വീടുകൾ നിർമിക്കുമെന്ന് യൂത്ത് കോൺഗ്രസും പ്രഖ്യാപിച്ചു. എന്നാൽ ദുരന്തം നടന്ന് ഒരു വർഷം പൂർത്തിയായിട്ടും പദ്ധതിക്ക് ആവശ്യമായ ഭൂമിപോലും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നതാണ് യാഥാർഥ്യം. ഇത് കോൺഗ്രസിനെയും യുഡിഎഫിനെയും രാഷ്ട്രീയമായും പ്രതിസന്ധിയിലാക്കുകയാണ്.
വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേടിൽ യൂത്ത് കോൺഗ്രസ് ഇതിനോടകം തന്നെ ആരോപണ മുനയിലാണ്. പുനരധിവാസത്തിന്റെ പേരിൽ പിരിച്ച 88 ലക്ഷം രൂപ വെട്ടിച്ചെന്നാണ് ആരോപണം. എന്നാൽ ഭൂമി ലഭ്യമല്ലാത്തതിനാലാണ് പ്രഖ്യാപനം പൂർത്തിയാക്കാൻ സാധിക്കാത്തത് എന്നാണ് യൂത്ത് കോൺഗ്രസിന്റെ നിലപാട്. വീട് നിർമാണത്തിൽ കോൺഗ്രസുമായി ചേർന്ന് പ്രവർത്തിക്കും. പുതിയ സംസ്ഥാന പ്രസിഡന്റ് വന്നാൽ, പ്രഥമ പരിഗണന ചൂരൽമല പുനരധിവാസമായിരിക്കും. 30 വീടുകൾക്കെങ്കിലും പണം കണ്ടെത്താൻ കഴിയുമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി. ദുൽകിഫിൽ പറയുന്നു. ഭൂമി രേഖകളുടെ ക്രമക്കേടിൽ കുടുങ്ങി മുസ്ലീം ലീഗ് പ്രഖ്യാപിച്ച പദ്ധതിയും പാതിവഴിയിലാണ്. ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി മേപ്പാടി പഞ്ചായത്ത് നിർമ്മാണ അനുമതികൾ തടഞ്ഞതാണ് പദ്ധതിയെ ബാധിച്ചത്. രാഷ്ട്രീയ വിഷയങ്ങളിൽ കുടുങ്ങി പ്രഖ്യാപനങ്ങൾ വെറുംവാക്കുകളായി തുടരുമ്പോൾ ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവരുടെ പ്രതീക്ഷകൾക്കും മങ്ങലേൽക്കുകയാണ്.
അതേസമയം, പ്രാദേശിക നേതൃത്വത്തെ ഇത്രയും വലിയ ഒരു പദ്ധതി ഏൽപ്പിക്കാൻ ദേശീയ നേതൃത്വത്തിന് താൽപര്യമില്ലാത്തതാണ് പദ്ധതി വൈകാൻ കാരണം എന്നാണ് പാർട്ടിയിലെ മറ്റൊരു വിഭാഗത്തിന്റെ നിലപാട്. പ്രാദേശിക നേതൃത്വത്തിന് കാര്യക്ഷമായി ഇടപെടാനാകുമോ എന്നതിൽ പ്രിയങ്ക ഗാന്ധി സംശയാലുവാണെന്നും മുതിർന്ന നേതാവ് ചൂണ്ടിക്കാട്ടുന്നു. നിർജീവമായ ജില്ലാ കമ്മിറ്റിയോട് നേരത്തെ തന്നെ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും കടുത്ത എതിർപ്പുണ്ടായിരുന്നു. ഇതിന്റെ ഭാഗമായിട്ടായിരുന്നു അടുത്തിടെ ഡിസിസി പ്രസിഡന്റിനെ പോലും മാറ്റിയത്. സമീപകാലത്തെ വയനാട് സന്ദർശനത്തിൽ പോലും ഇരുനേതാക്കളും ജില്ലാ നേതാക്കളുമായി സഹകരിച്ചിരുന്നില്ല. എന്നാൽ പദ്ധതി നടപ്പാകുമെന്നും, ഇതിൽ പ്രാദേശിക നേതൃത്വത്തിന് വലിയ പങ്കുണ്ടാകില്ലെന്നുമാണ് നേതാവ് നൽകുന്ന സൂചന.
പദ്ധതിക്ക് ആവശ്യമായ പണം കണ്ടെത്താൻ നേതൃത്വത്തിന് ഇതുവരം കഴിഞ്ഞിട്ടില്ല എന്നതാണ് വസ്തുത. കോൺഗ്രസ് ദേശീയ നേതൃത്വം ഇടപെട്ട് ഫണ്ട് എത്തിക്കുമെന്നാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ അവകാശവാദം. ഇക്കാര്യത്തിൽ എഐസിസി ജനറൽ സെക്രട്ടറിയും നിലവിലെ വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധിയുൾപ്പെടെ ഇതുവരെ വ്യക്തതവരുത്തിയിട്ടില്ല. അടുത്തിടെ ദുരന്തബാധിതരെ സന്ദർശിച്ച് മടങ്ങിയെങ്കിലും പ്രിയങ്ക ഗാന്ധി ഇക്കാര്യത്തിൽ യാതൊരു പ്രഖ്യാപനത്തിനും മുതിർന്നില്ല. ഇതോടെദുരിത ബാധിതർ വലതുപക്ഷത്തിൽ അർപ്പിച്ചിരുന്ന പ്രതീക്ഷയ്ക്കും മങ്ങലേറ്റിരിക്കുകയാണ്.
എന്നാൽ, പ്രഖ്യാപനം പാഴാകില്ലെന്ന് ഉറപ്പിച്ച് പറയുകയാണ് വയനാട് ജില്ലാ കോൺഗ്രസ് അധ്യക്ഷൻ ടി ജെ ഐസക്. പദ്ധതിയ്ക്ക് ആവശ്യമായ സ്ഥലം കണ്ടെത്തിക്കഴിഞ്ഞെന്നും ഈ മാസം തന്നെ തറക്കല്ലിടുമെന്നും ടി ജെ ഐസക് ദ ന്യൂ ഇന്ത്യൻ എക്‌സ്പ്രസിനോട് പ്രതികരിച്ചു. സമാനമായ പ്രഖ്യാപനം നടത്തുകയും തുടർ നടപടികളുമായി മുന്നോട്ട് പോവുകയും ചെയ്ത മുസ്ലീം ലീഗ് നേരിട്ട പ്രതിസന്ധികളും ടി ജെ ഐസക് ചൂണ്ടിക്കാട്ടുന്നു. നിലവിൽ മേപ്പാടിയിൽ പദ്ധതിക്ക് ആവശ്യമായ ഭൂമി കണ്ടെത്തിയിട്ടുണ്ട്. സർക്കാരിന്റെ അംഗീകാരത്തിന് ശേഷം ഗുണഭോക്താക്കളെ കണ്ടെത്തും. ഈ പട്ടിക അനുസരിച്ച് ഗുണഭോക്താക്കളുടെ എണ്ണത്തിൽ ഉൾപ്പെടെ മാറ്റം ഉണ്ടായേക്കാം എന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു.
















