12 കുട്ടികള്‍ ചുമ മരുന്ന് കഴിച്ചതിനെത്തുടര്‍ന്ന് മരിച്ച സാഹചര്യത്തില്‍ കോൾഡ്റിഫ് കഫ് സിറപ്പ് നിരോധിച്ച് മധ്യപ്രദേശും തമിഴ്നാടും.തമിഴ്നാട്ടിലെ ശ്രേസൻ ഫാർമസ്യൂട്ടിക്കൽ നിർമിക്കുന്ന മറ്റ് ഉൽപ്പന്നങ്ങളും മധ്യപ്രദേശിൽ വിലക്കിയിച്ചുണ്ട്. അതേസമയം ചെന്നൈ നഗരം ആസ്ഥാനമായിട്ടുള്ള കമ്പനി നിര്‍മിക്കുന്ന കഫ് സിറപ്പിന്റെ വില്‍പ്പന തമിഴ്നാട്ടിലുടനീളം നിരോധിച്ചതായി ഭക്ഷ്യസുരക്ഷാ, മരുന്ന് വിഭാഗത്തിലെ ഉദ്യോഗസ്ഥനും വ്യക്തമാക്കിയിട്ടുണ്ട്.
കോൾഡ്രിഫ് കഫ് സിറപ്പ് കുടിച്ച് വൃക്ക തകരാറിലായി രാജസ്ഥാനിൽ മൂന്ന് കുട്ടികളും, മധ്യപ്രദേശിൽ ഒൻപത് കുട്ടികളുമാണ് മരിച്ചത്. തമിഴ്നാട് എഫ്ഡിഎ അയച്ച കോൾഡ്രിഫ് കഫ് സിറപ്പിന്റെ സാമ്പിളുകളിൽ അനുവദനീയമായ പരിധിക്കപ്പുറം ഡൈഎത്തിലീൻ ഗ്ലൈക്കോള്‍ സിറപ്പിൽ കണ്ടെത്തിയതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചിരുന്നു
ഇതേ തുടർന്നാണ് കോൾഡ്രിഫ് കഫ് സിറപ്പിന് തമിഴ്നാട് സർക്കാർ നിരോധനം ഏർപ്പെടുത്തുകയും വിപണിയിൽ നിന്നും നീക്കം ചെയ്യാൻ ഉത്തരവിടുകയും ചെയ്തത്.പിന്നാലെ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് സംസ്ഥാനത്തെ കോൾഡ്രിഫ് കഫ് സിറപ്പ് നിരോധിച്ചു, കൂടാതെ കമ്പനിയുടെ മറ്റ് ഉൽപ്പന്നങ്ങളുടെ വിൽപ്പനയും നിരോധിക്കുകയാണെന്നും അറിയിച്ചു. മധ്യപ്രദേശ്, രാജസ്ഥാൻ, തമിഴ്നാട് സർക്കാരുകൾ കമ്പനിയുടെ നിർമ്മാതാക്കൾക്കും വിതരണക്കാർക്കുമെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. മരുന്നുകളുടെ ഗുണനിലവാര മാനദണ്ഡങ്ങളുടെ നിർണ്ണയത്തെ സ്വാധീനിച്ചുവെന്ന് ആരോപിച്ച് രാജസ്ഥാൻ ഡ്രഗ് കൺട്രോളർ രാജാറാം ശർമ്മയെ സസ്പെൻഡ് ചെയ്തു. ജയ്പൂരിലെ കെയ്സൺസ് ഫാർമ വിതരണം ചെയ്യുന്ന 19 തരം മരുന്നുകളുടെയും വിൽപ്പനയും വിതരണവും സംസ്ഥാന സർക്കാർ നിരോധിച്ചു.
മുഖ്യമന്ത്രിയുടെ സൗജന്യ ഔഷധി പദ്ധതി പ്രകാരം വിതരണം ചെയ്യുന്ന ചുമ മരുന്നിൻ്റെ ഗുണനിലവാരവും മരുന്നുകളുടെ നിലവാരം നിർണ്ണയിക്കുന്നതിൽ സ്വീകരിച്ച നിരുത്തരവാദപരമായ സമീപനവുമാണ് നടപടിക്ക് കാരണമെന്ന് രാജസ്ഥാൻ മെഡിക്കൽ ആൻഡ് ഹെൽത്ത് വകുപ്പ് അറിയിച്ചു.
സംഭവത്തെ തുടർന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം, 2 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ചുമ, ജലദോഷം എന്നിവയ്ക്കുള്ള മരുന്നുകൾ നൽകരുതെന്ന് നിർദ്ദേശിച്ചു.
















