കോള്‍ഡ്രിഫ് സിറപ്പിൻ്റെ വിൽപന സംസ്ഥാനത്ത് പൂർണമായും നിർത്തിവയ്ക്കാൻ സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് നിർദേശം നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. സിറപ്പിൻ്റെ ഒരു പ്രത്യേക ബാച്ചിൽ (എസ്.ആർ. 13 ബാച്ച്) പ്രശ്‌നം കണ്ടെത്തിയെന്ന കേരളത്തിന് പുറത്തുനിന്നുള്ള റിപ്പോർട്ടുകളെ തുടർന്നാണ് സുരക്ഷാ മുൻകരുതലിൻ്റെ ഭാഗമായി നടപടി സ്വീകരിച്ചത്.
സംസ്ഥാനത്ത് ഈ ബാച്ച് മരുന്ന് വിൽപന നടത്തിയിട്ടില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെങ്കിലും, കോൾഡ്രിഫ് സിറപ്പിൻ്റെ വിതരണവും വിൽപനയും പൂർണമായി നിർത്തിവയ്ക്കാൻ ഡ്രഗ്‌സ് കൺട്രോളർ ഡ്രഗ്‌സ് ഇൻസ്‌പെക്ടർമാർക്ക് നിർദേശം നൽകി. കേരളത്തിൽ എട്ട് വിതരണക്കാർ വഴിയാണ് ഈ മരുന്ന് വിറ്റഴിക്കുന്നത്. ഈ കേന്ദ്രങ്ങളിലെല്ലാം വിതരണവും വിൽപനയും നിർത്തലാക്കിയിട്ടുണ്ട്. കൂടാതെ, സംസ്ഥാനത്തെ എല്ലാ മെഡിക്കൽ സ്റ്റോറുകൾ വഴിയുള്ള കോൾഡ്രിഫ് സിറപ്പിൻ്റെ വിൽപനയും നിർത്തിവയ്ക്കാൻ നിർദേശം നൽകിയതായും മന്ത്രി വ്യക്തമാക്കി. കെഎംഎസ്‌സിഎല്‍ വഴി കോള്‍ഡ്രിഫ് സിറപ്പ് വിതരണം ചെയ്യുന്നില്ല.
സംസ്ഥാനത്തെ ചുമ മരുന്നുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി ഡ്രഗ്‌സ് കൺട്രോൾ വകുപ്പിൻ്റെ നേതൃത്വത്തിൽ ശക്തമായ പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്. കോൾഡ്രിഫ് സിറപ്പിൻ്റെ സാമ്പിളുകൾ ഇതിനോടകം ശേഖരിച്ചു കഴിഞ്ഞു. ഇതോടൊപ്പം മറ്റ് ചുമ സിറപ്പുകളുടേയും സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കുന്നുണ്ട്.
കേരളത്തിൽ ചുമ മരുന്നുകൾ നിർമിക്കുന്ന അഞ്ച് കമ്പനികളുടെ മരുന്ന് സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്താനും നിർദേശം നൽകിയിട്ടുണ്ട്.
സെൻട്രൽ ഡിജിഎച്ച്എസിൻ്റെ (DGHS) നിർദേശപ്രകാരം കുട്ടികൾക്കുള്ള ചുമ സിറപ്പുകൾക്ക് സംസ്ഥാനത്ത് കർശന നിയന്ത്രണം ഏർപ്പെടുത്തി. രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഡോക്ടർമാർ ചുമയ്ക്കുള്ള സിറപ്പ് പ്രിസ്‌ക്രൈബ് ചെയ്യരുത്. അഥവാ അത്തരത്തിൽ കുറിപ്പടി വന്നാലും മെഡിക്കൽ സ്റ്റോറുകൾ ചുമ സിറപ്പ് നൽകരുതെന്നും നിർദേശം നൽകിയിട്ടുണ്ട്. അഞ്ച് വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് ചുമ സിറപ്പ് നൽകുന്നെങ്കിൽ നിരീക്ഷണം ശക്തമാക്കാനും നിർദേശം നൽകിയിട്ടുണ്ട്.
വിവിധ സംസ്ഥാനങ്ങളിൽ ചുമ മരുന്ന് കഴിച്ച കുട്ടികൾ മരിച്ചെന്ന പരാതി ഉയർന്ന പശ്ചാത്തലത്തില്‍ രണ്ട് വയസിന് താഴെയുള്ള കുട്ടികൾക്ക് ചുമ മരുന്ന് നൽകരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിരുന്നു. 22 ബാച്ച് മരുന്നുകള്‍ നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കുകയും ചെയ്തു.
അതേസമയം മധ്യപ്രദേശിലെ ചിന്ദ്വാരയിൽ ചുമയ്‌ക്കുള്ള സിറപ്പ് കഴിച്ച് മരിച്ച കുട്ടികളുടെ എണ്ണം ഒമ്പതായതായി പീഡിയാട്രിക്‌സ് മേധാവി ഡോ പവൻ നന്ദുർക്കര്‍ പറഞ്ഞു. കോള്‍ഡ്രിഫ് എന്ന പേരിലുള്ള മരുന്നാണ് ഇതിന് കാരണമെന്ന് ഡോ പവൻ നന്ദുർക്കർ പറഞ്ഞു. എന്നിരുന്നാലും, അന്വേഷണങ്ങൾ ഇപ്പോഴും തുടരുകയാണെന്നും ശ്രദ്ധ വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മരണത്തിന് കാരണമായെന്ന് സംശയിക്കുന്ന സിറപ്പിൻ്റെ സാമ്പിളുകളും മറ്റും ശേഖരിച്ച് പരിശോധനയ്‌ക്ക് അയച്ചതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
പരിശോധനാ റിപ്പോർട്ടുകൾ ലഭിക്കുന്നതുവരെ കോൾഡ്രിഫ്, നെസ്‌റ്റോ ഡിഎസ് കഫ് സിറപ്പുകളുടെ വിൽപ്പന ജില്ലാ ഭരണകൂടം നിലവിൽ നിരോധിച്ചിട്ടുണ്ടെന്ന് ഡോ പവൻ നന്ദുർക്കർ പറഞ്ഞു. അവയവങ്ങൾ തകരാറിലാകാൻ കാരണം പഴകിയ മരുന്നുകളാണ്. ഇതിന് വേണ്ട മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















