നമ്മുടെ ജീവിതത്തിൻ്റെ മൂന്നിലൊന്ന് ഭാഗവും ഉറങ്ങാൻ വേണ്ടിയാണ് ചെലവഴിക്കുന്നതെന്ന് പഠനങ്ങള്‍ പറയുന്നു. ജീവിതത്തില്‍ ഉറക്കത്തിന് വേണ്ടി ചെലവഴിക്കുന്ന സമയം എപ്പോഴും പ്രധാനപ്പെട്ടതാണ്. ഉറക്കം ശരീരത്തിൻ്റെ പ്രവര്‍ത്തനങ്ങള്‍ നന്നായി നടക്കാനും തലച്ചോറിനെ സംരക്ഷിക്കാനുമുള്ള അത്യാവശ്യ ഘടകമാണ്. ഉറക്കത്തിന് തടസം നേരിട്ടാല്‍ അത് തലച്ചോറിൻ്റെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നു.
ഉറക്കക്കുറവും തലച്ചോറിൻ്റെ പ്രായാധിക്യവും തമ്മിലുള്ള ബന്ധത്തെ അടിസ്ഥാനമാക്കി സ്വീഡനില്‍ ഒരു പഠനം നടന്നു. യുകെയില്‍ 40 നും 70 നും ഇടയിൽ പ്രായമുള്ള 27,000-ത്തിലധികം പേരിലാണ് ഗവേഷകര്‍ പഠനം നടത്തിയത്. ഇവരില്‍ ഉറക്കത്തിൻ്റെ സ്വഭാവം മനസിലാക്കുന്നതിനായി എംആർഐ സ്‌കാൻ ഡാറ്റ പരിശോധന നടത്തി. ഉറക്കക്കുറവുള്ള ആളുകളുടെ തലച്ചോറിന് അവരുടെ യഥാർഥ പ്രായത്തെ അടിസ്ഥാനമാക്കി പ്രതീക്ഷിച്ചതിലും വളരെ പ്രായമുണ്ടെന്ന് ഗവേഷകര്‍ ഇതിലൂടെ കണ്ടെത്തി.
നാമെല്ലാവരും ഒരേ വേഗതയിലാണ് പ്രായമാകുന്നത്. എന്നാല്‍ ചില ആളുകളുടെ ജൈവ ഘടികാരങ്ങൾ മറ്റുള്ളവരെ അപേക്ഷിച്ച് വേഗത്തിലോ സാവധാനത്തിലോ ആയിരിക്കും പ്രവര്‍ത്തിക്കുന്നത്. ബ്രെയിൻ ഇമേജിങ്, കൃത്രിമബുദ്ധി എന്നിവയിലെ വളര്‍ച്ച ഒരു വ്യക്തിയുടെ തലച്ചോറിൻ്റെ പ്രായം കണക്കാക്കാൻ ഗവേഷകരെ സഹായിക്കുന്നു. എംആർഐ സ്‌കാനുകളിൽ നിന്ന് 1,000-ത്തിലധികം വ്യത്യസ്‌ത ഇമേജിങ് മാർക്കറുകൾ ഉപയോഗിച്ചാണ് ഗവേഷകര്‍ തലച്ചോറിൻ്റെ പ്രായം കണക്കാക്കിയത്.
പ്രധാന രോഗങ്ങളൊന്നുമില്ലാത്തവരെയാണ് പഠനം നടത്തുന്നതിനായി ഗവേഷകര്‍ തെരഞ്ഞെടുത്തത്. ഗവേഷകര്‍ ആദ്യം തെരഞ്ഞെടുത്തവരുടെ സ്‌കാനിങ്ങുകളിൽ ഒരു മെഷീൻ ലേണിങ് മോഡലിന് പരിശീലനം നൽകി. ശേഷം അവരുടെ തലച്ചോറിൻ്റെ പ്രായം ശരീര പ്രായവുമായി പൊരുത്തപ്പെടുത്തി നോക്കി. യഥാർഥ പ്രായത്തേക്കാൾ തലച്ചോറിന് പ്രായം തോന്നുന്നുവെങ്കില്‍ അതിവേഗ വാർധക്യത്തെയാണ് സൂചിപ്പിക്കുന്നതെന്ന് ഗവേഷകര്‍ പറഞ്ഞു. വൈകല്യം, ഡിമെൻഷ്യ സാധ്യത, അകാല മരണ സാധ്യത എന്നിവയും പഠനത്തിൻ്റെ ഭാഗമാക്കി.
പ്രധാനമായും ഉറക്കത്തിൻ്റെ അഞ്ച് വശങ്ങളിലേക്കാണ് പഠനം ശ്രദ്ധ കേന്ദ്രീകരിച്ചത്. രാവിലെ അല്ലെങ്കില്‍ വൈകുന്നേരം ഉറങ്ങുന്നത്(ക്രോണോടൈപ്പ്), ഒരു ദിവസം വേണ്ട സാധാരണ ഉറക്കം (ഏഴ് മുതൽ എട്ട് മണിക്കൂർ വരെ), ഉറക്കമില്ലായ്‌മ അനുഭവപ്പെടുന്നുണ്ടോ, കൂർക്കം വലിക്കുന്നുണ്ടോ, പകൽ സമയത്ത് അമിതമായി ഉറക്കം അനുഭവപ്പെടുന്നുണ്ടോ.
ഉദാഹരണത്തിന് ഇടയ്ക്കിടെ ഉറക്കമില്ലായ്‌മ അനുഭവപ്പെടുന്ന ഒരാൾക്ക് പകൽ ഉറക്കം കൂടുതലായി അനുഭവപ്പെടാം. കൂടാതെ വൈകിയുള്ള ക്രോണോടൈപ്പ് ഉറക്ക ദൈർഘ്യം കുറയാൻ കാരണമായേക്കാം. അഞ്ച് സ്വഭാവസവിശേഷതകളെയും ആരോഗ്യകരമായ ഉറക്കവുമായി സംയോജിപ്പിക്കുന്നതിലൂടെ മൊത്തത്തിലുള്ള ഉറക്ക ആരോഗ്യത്തിൻ്റെ കൂടുതൽ സമഗ്രമായ ചിത്രം ഗവേഷകര്‍ പകർത്തി.
ഗവേഷകര്‍ പരിഗണിച്ച ഉറക്കത്തിൻ്റെ മാനദണ്ഡമനുസരിച്ച് നാലോ അഞ്ചോ ആരോഗ്യകരമായ സ്വഭാവസവിശേഷതകളുള്ള ആളുകൾക്ക് ആരോഗ്യകരമായ ഉറക്കം ലഭിക്കുന്നുണ്ടെന്ന് കണ്ടെത്തി. അതേസമയം രണ്ടോ മൂന്നോ സവിശേഷത ഉള്ളവർക്ക് ഇടത്തരം ഉറക്കമാണ് ലഭിക്കുന്നത്. പൂജ്യം അല്ലെങ്കിൽ ഒന്ന് ഉള്ളവർക്ക് തീരെ ഉറക്കമില്ലെന്ന് കണ്ടെത്തി. വ്യത്യസ്‌ത ഉറക്കം ലഭിക്കുന്നവരുടെ തലച്ചോറിൻ്റെ പ്രായം താരതമ്യം ചെയ്‌തപ്പോഴാണ് വ്യത്യാസം മനസിലായതെന്ന് ഗവേഷകര്‍ പറയുന്നു. ഗവേഷണം അനുസരിച്ച് ആരോഗ്യകരമായ ഉറക്ക സ്കോറിലെ ഒരു പോയിൻ്റ് താഴുന്നത് തലച്ചോറിൻ്റെ പ്രായത്തില്‍ ഏകദേശം ആറ് മാസം വർധിപ്പിച്ചു.
ശരാശരി അല്ലെങ്കില്‍ തീരെ ഉറക്കക്കുറവ് ഉള്ള ആളുകളുടെ തലച്ചോറുകൾ അവരുടെ പ്രായത്തേക്കാള്‍ പ്രതീക്ഷിച്ചതിലും ഒരു വർഷം കൂടുതലായി കാണപ്പെട്ടു. അതേസമയം ആരോഗ്യകരമായ ഉറക്കം ലഭിക്കുന്നവര്‍ക്ക് യാതൊരു പ്രശ്‌നവുമുണ്ടായിരുന്നില്ല. ഉറക്കവുമായി ബന്ധപ്പെട്ടുള്ള അഞ്ച് മാനദണ്ഡങ്ങളെയും ഗവേഷകര്‍ വ്യക്തിഗതമായാണ് പരിഗണിച്ചത്. വൈകിയുള്ള ക്രോണോടൈപ്പും അസാധാരണമായ ഉറക്കക്കുറവും വേഗത്തിലുള്ള മസ്‌തിഷ്‌ക വാർധക്യത്തിലേക്ക് നയിക്കുന്നു എന്ന നിഗമനത്തില്‍ ഗവേഷകര്‍ എത്തിച്ചേര്‍ന്നു.
ഒരു വർഷം അത്ര വലുതായി തോന്നില്ലായിരിക്കാം, പക്ഷേ തലച്ചോറിൻ്റെ ആരോഗ്യ കാര്യത്തിൽ അത് പ്രധാനമാണെന്ന് ഗവേഷകര്‍ പറയുന്നു. തലച്ചോറിൻ്റെ പ്രായത്തിനേല്‍ക്കുന്ന ചെറിയ മാറ്റം പോലും കാലക്രമേണ സങ്കീർണമാകുകയും വൈകല്യം, ഡിമെൻഷ്യ, മറ്റ് നാഡീവ്യവസ്ഥാ അവസ്ഥകൾ എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കാം.
ഉറക്കവുമായി ബന്ധപ്പെട്ട ശീലങ്ങള്‍ പരിഷ്‌കരിക്കുന്നതിലൂടെ എല്ലാ ഉറക്ക പ്രശ്‌നങ്ങളും എളുപ്പത്തിൽ പരിഹരിക്കാൻ കഴിയും. എല്ലാ ദിവസവും ഒരേ സമയത്ത് ഉറങ്ങുക, ഉറങ്ങുന്നതിന് മുമ്പ് സക്രീന്‍ ഉപയോഗം കുറയ്ക്കുക, ഉറക്കത്തിന് മുമ്പ് മദ്യപിക്കാതിരിക്കുക, ലൈറ്റ് ഓഫ് ചെയ്‌ത് ഉറങ്ങാന്‍ ശ്രമിക്കുക. ഇതിലൂടെ ഉറക്കത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താനും ആരോഗ്യം സംരക്ഷിക്കാനും കഴിയും.
വര്‍ധിച്ച് വരുന്ന ഉറക്കത്തിലെ അസ്വസ്ഥതകള്‍ ശരീരത്തിന്‍റെ ക്ഷീണം വര്‍ധിപ്പിക്കുന്നു. ഈ ക്ഷീണം തലച്ചോറിനെയും ബാധിക്കുന്നുവെന്നതാണ് വാസ്‌തവം. രക്തക്കുഴലുകൾക്ക് കേടുപാടുകൾ വരുത്തുക, ശരീരത്തിന് കേട് സംഭവിക്കുന്ന പ്രോട്ടീനുകളുടെ ഉത്പാദനം വർധിപ്പിക്കുക, തലച്ചോറിലെ കോശങ്ങളുടെ നാശം എന്നിവ വേഗത്തിലാക്കുന്നു.
പഠനത്തിൻ്റെ തുടക്കത്തിൽ ശേഖരിച്ച രക്തസാമ്പിളുകളില്‍ നിന്ന് ശരീരത്തിന് അനുഭവപ്പെടുന്ന ക്ഷീണവും വിലയിരുത്താന്‍ കഴിഞ്ഞെന്ന് ഗവേഷകര്‍ പറഞ്ഞു. ഉറക്കം തടസപ്പെടുകയോ അപര്യാപ്‌തമാകുകയോ ചെയ്യുമ്പോൾ തലച്ചോർ സ്വയം ചെയ്യുന്ന മാലിന്യ ശേഖരണത്തെയും ഇത് ബാധിക്കുന്നു. ഇത് തലച്ചോറിൽ ദോഷകരമായ വസ്‌തുക്കൾ അടിഞ്ഞ് കൂടുന്നതിലേക്ക് നയിക്കുന്നു.
തലച്ചോറിൻ്റെ ആരോഗ്യത്തിന് ഹാനികരമായ മറ്റ് അസുഖങ്ങളുടെ അപകട സാധ്യതയേയും ഇത് വര്‍ധിപ്പിക്കുന്നു. ഉറക്കക്കുറവ് ഡിമെൻഷ്യയുമായും ബന്ധിപ്പിച്ചിട്ടുള്ള ഗവേഷണങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും തലച്ചോറിൻ്റെ പ്രായാധിക്യവും ഉറക്കക്കുറവും തമ്മില്‍ ബന്ധമുണ്ടെന്ന് ഈ ഗവേഷണം തെളിയിക്കുന്നു. മസ്‌തിഷ്‌കത്തിൻ്റെ പ്രായം ഒഴിവാക്കാന്‍ കഴിയാത്ത ഒന്നാണ്. നമ്മുടെ ജീവിതശൈലിയും മസ്‌തിഷ്‌കത്തിന്‍റെ പ്രായത്തെ ബാധിക്കുന്നു. തലച്ചോറിനെ കൂടുതൽ കാലം ആരോഗ്യകരമായി നിലനിർത്തുന്നതിന്, ഉറക്കത്തിന് മുൻഗണന നൽകേണ്ടത് പ്രധാനമാണെന്ന് ഗവേഷകര്‍ പറയുന്നു.
















