ക്യാൻസർ രോഗികൾക്ക് വിതരണം ചെയ്ത ബിസ്ക്കറ്റ് ഫോട്ടോ എടുത്തതിന് പിന്നാലെ തിരിച്ചെടുത്ത് ബി ജെ പി പ്രവർത്തകർ. രാജസ്ഥാനിലെ ജയ്പ്പൂരിലാണ് സംഭവം. ബി ജെ പി പ്രഖ്യാപിച്ച സേവ പഖ് വാഡ ക്യാമ്പയിൻ പ്രകാരമാണ് ജയ്പ്പൂരിലെ ആർ യു എച്ച് എസ് ആശുപത്രിയിൽ ബി ജെ പി പ്രവർത്തകർ ബിസ്ക്കറ്റ് വിതരണം ചെയ്തത്. ബിസ്ക്കറ്റ് വിതരണവും ഫോട്ടോ എടുത്ത ശേഷം ബിസ്ക്കറ്റ് തിരിച്ചു വാങ്ങുന്നതും സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്.
പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് ബി ജെ പി സേവ പഖ് വാഡ ക്യാമ്പയിൻ ആരംഭിച്ചത്. സെപ്റ്റംബർ 17 നും ഒക്ടോബർ രണ്ടിനും ഇടക്ക് രോഗികൾക്ക് പഴങ്ങളും ബിസ്ക്കറ്റുകളും എത്തിച്ച് നൽകുക എന്നതാണ് സേവ പഖ് വാഡ ക്യാമ്പയിൻ കൊണ്ട് ലക്ഷ്യമിടുന്നത് എന്നാണ് ക്യാമ്പയിൻ ആരംഭിക്കുമ്പോൾ ബിജെപി പറഞ്ഞിരുന്നത്. അതേസമയം, വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവാൻ വേണ്ടി എഡിറ്റ് ചെയ്ത് ഇറക്കിയതാണെന്ന് ബിജെപി ഷിയോപൂർ മണ്ഡലം പ്രസിഡൻറ് ഗോപാൽ ലാൽ സൈനി പ്രതികരിച്ചു.
ബിജെപി പ്രവർത്തകരുടെ പ്രവൃത്തിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പാവപ്പെട്ട രോഗികളെ അപമാനിക്കുന്ന പ്രവൃത്തിയാണ് ഇതെന്നാണ് ഭൂരിഭാഗം ആളുകളും വീഡിയോക്ക് താഴെ പ്രതികരിച്ചിരിക്കുന്നത്. ഫോട്ടോ എടുത്ത ശേഷം ബിസ്ക്കറ്റ് തിരിച്ചെടുക്കൽ പദ്ധതിയാണ് ഇതെന്ന പരിഹാസ കമന്റുകളും വീഡിയോക്ക് താഴെയുണ്ട്.
STORY HIGHLIGHT : bjp-leader-gives-patient-biscuit-takes-it-back-after-photo
















