ആഗോള സ്‌പൈസ് എക്‌സ്‌ട്രാക്ട് വിപണിയിലെ മുൻനിര കമ്പനിയായ മാൻ കാൻകോറിന് നാല് ദേശീയ, അന്തർദേശീയ പുരസ്കാരങ്ങൾ. സസ്റ്റെയിനബിൾ സോഴ്സിങ്, ഇന്നവേഷൻ, ജീവനക്കാരുടെ ക്ഷേമം, എന്നീ മേഖലകളിലെ മികവിനാണ് അംഗീകാരം. എഫ്‌ഐ ഇന്ത്യ 2025, ഇഫിയാറ്റ് 2025 (ഐഎഫ്ഇഎടി) , സിഐഐ കേരള എച്ച്ആർ കോൺക്ലേവ് 2025 എന്നിവയുടെ അവാർഡുകളാണ് ലഭിച്ചത്. എഫ്‌ഐ ഇന്ത്യ 2025-ൽ സസ്റ്റയിനബിൾ സോഴ്സിങ് മികവിനുള്ള പുരസ്കാരം കമ്പനിയുടെ മിന്റ് സസ്റ്റയിനബിലിറ്റി പ്രോഗ്രാമിന് ലഭിച്ചു. ഉത്തർപ്രദേശിലെ 550 ഗ്രാമങ്ങളിലായി 6,000-ത്തിലധികം കർഷകരുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിയിലൂടെ ജലസേചനം 30 ശതമാനവും ഹരിതഗൃഹ വാതകത്തിന്റെ പുറംതള്ളൽ 37 ശതമാനവും കുറയ്ക്കാൻ സാധിച്ചു.
ഈ പ്രവർത്തനങ്ങൾക്ക് ഇഫിയാറ്റ് 2025-ലെ സസ്റ്റെയിനബിലിറ്റി പുരസ്കാരം- വൻകിട കമ്പനികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനവും മാൻ കാൻകോർ നേടി. എഫ്‌ഐ ഇന്ത്യ 2025-ൽ കമ്പനി അവതരിപ്പിച്ച സിചുവാൻ പെപ്പർ ഒലിയോറെസിൻ ഏറ്റവും നൂതനമായ മൂന്ന് ഉൽപ്പന്നങ്ങളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ടു. സവിശേഷമായ മണവും രുചിയുമുള്ള ഈ ചേരുവ, സോസുകൾ, മസാലക്കൂട്ടുകൾ എന്നിവയുടെ നിർമ്മാണത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്നതാണ്.
ജീവനക്കാരുടെ ക്ഷേമത്തിനായി നടപ്പാക്കുന്ന മികച്ച പ്രവർത്തനങ്ങൾക്ക് സിഐഐ കേരള എച്ച്ആർ കോൺക്ലേവ് 2025-ൽ ‘ബെസ്റ്റ് എംപ്ലോയീ വെൽബീയിംഗ് പ്രാക്ടീസസ്’ വിഭാഗത്തിലും പുരസ്കാരം നേടി. ഈ പുരസ്കാരങ്ങൾ കമ്പനിയുടെ സസ്റ്റയിനബിലിറ്റി, ഇന്നവേഷൻ പ്രോഗ്രാമുകളിലുള്ള പ്രതിബദ്ധത ഊട്ടിയുറപ്പിക്കുന്നതാണെന്ന് മാൻ കാൻകോർ സിഇഒയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ. ജീമോൻ കോര പറഞ്ഞു. കർഷക ശാക്തീകരിക്കുന്നതിലൂടെയും ആഗോള വിപണിക്കായി മികച്ച പ്രകൃതിദത്ത ചേരുവകൾ ഒരുക്കുന്നതിലൂടെയും ശാസ്ത്രത്തെയും പ്രകൃതിയെയും ഒരുമിപ്പിക്കാൻ കമ്പനിക്ക് കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.
STORY HIGHLIGHT : Man Kankor wins four national and international awards
















