തിരുവനന്തപുരം: ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ ആരോപണ വിധേയൻ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹായികളെയും ഉടൻ ചോദ്യം ചെയ്യും. അന്വേഷണത്തിൻ്റെ ആദ്യപടിയെന്ന നിലയിൽ, ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹായികളായ വാസുദേവൻ പോറ്റി, അനന്തസുബ്രഹ്മണ്യം, രമേശ് എന്നിവരെ ദേവസ്വം വിജിലൻസ് ഉടൻ ചോദ്യം ചെയ്യും. ഇതിനായി ദേവസ്വം ബോർഡ് ആസ്ഥാനത്ത് ഹാജരാകാൻ ഇവർക്ക് മുൻപ് തന്നെ നോട്ടീസ് നൽകിയിരുന്നു.
ദേവസ്വം വിജിലൻസിൻ്റെ അന്വേഷണത്തിന് പുറമെ, പൊലീസ് വകുപ്പും പ്രാഥമികാന്വേഷണം നടത്താനുള്ള ഒരുക്കത്തിലാണ്. ഇതിനായി നിയമോപദേശം തേടിയിരിക്കുകയാണെന്നും, അത് ലഭിച്ചാലുടൻ പത്തനംതിട്ട എസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു. ഇതിനിടെ, വിഷയത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ദേവസ്വം ബോർഡ് ഹൈക്കോടതിയെ സമീപിക്കാനും തീരുമാനിച്ചിട്ടുണ്ട്. ശബരിമലയിൽ നിന്ന് തനിക്ക് ചെമ്പ് പാളിയാണ് ലഭിച്ചതെന്ന ഉണ്ണികൃഷ്ണൻ പോറ്റിയുടെ വാദത്തോടെ സർക്കാരും ദേവസ്വം ബോർഡും പ്രതിരോധത്തിലായിരിക്കുകയാണ്.
സ്വർണ്ണപ്പാളി വിവാദത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി ദേവസ്വം വിജിലൻസ് രേഖപ്പെടുത്തിയിരുന്നു. 2019ൽ അറ്റകുറ്റപ്പണിക്കായി കൈമാറിയത് ചെമ്പു പാളികൾ എന്നാണ് ദേവസ്വം രേഖകളിലും പറയുന്നത്. അങ്ങനെയെങ്കിൽ 1999-ൽ യുബി ഗ്രൂപ്പ് ചെയർമാൻ വിജയ് മല്യ സ്വർണം പൂശിയ ദ്വാരപാലക ശിൽപത്തിന്റെ അസൽ പാളികൾ എവിടെയെന്നതിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഉത്തരമില്ല.
















