തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ വിജിലൻസിന് മുന്നിൽ ആരോപണങ്ങളെല്ലാം നിഷേധിച്ച് ഉണ്ണികൃഷ്‌ണൻ പോറ്റി. തനിക്ക് ലഭിച്ചത് ചെമ്പു പാളി എന്ന് ആവർത്തിച്ച് ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി. സംഭവിച്ചത് ഉദ്യോഗസ്ഥ വീഴ്ചയാണെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ വാദം. തന്നത് രേഖാമൂലമാണെന്നും ഉദ്യോഗസ്ഥ വീഴ്ചയിൽ തന്നെ എന്തിനു പഴിചാരണമെന്ന് ഉണ്ണികൃഷ്ണൻ പോറ്റി ചോദിച്ചു ചില കാര്യങ്ങളില്‍ പോറ്റി അവ്യക്തമായ മൊഴി നല്‍കിയതിനാല്‍ ദേവസ്വം വിജിലന്‍സ് വീണ്ടും മൊഴിയെടുക്കും.
സ്വർണ്ണപ്പാളി വിവാദത്തിന് പുറമെ, പീഠം കാണാതായെന്ന ആരോപണത്തിലും പോറ്റി മൊഴി നൽകി. താൻ സുഹൃത്തായ വാസുദേവന് കൈമാറിയ പീഠമാണ് കാണാതായതെന്നും, പിന്നീട് പരാതി ഉയർന്നപ്പോൾ അത് തിരികെ കൊണ്ടുവെക്കുകയായിരുന്നുവെന്നും അദ്ദേഹം സഹപ്രവർത്തകനെ പഴിചാരി മൊഴി നൽകി.
ചില കാര്യങ്ങളിൽ പോറ്റിയുടെ മൊഴിയിൽ അവ്യക്തതയുള്ളതിനാൽ ദേവസ്വം വിജിലൻസ് ഇദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്യും. അതോടൊപ്പം, 2019-ലും 2025-ലും സ്വർണ്ണപ്പാളികൾ കൈമാറിയ സമയത്തുണ്ടായിരുന്ന ദേവസ്വം ഉദ്യോഗസ്ഥരെയും വരും ദിവസങ്ങളിൽ ചോദ്യം ചെയ്യും. അതേസമയം, അന്വേഷണം രഹസ്യമായിരിക്കണമെന്നും വിവരങ്ങൾ ചോരരുതെന്നും ഹൈക്കോടതി അന്വേഷണ സംഘത്തിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
ഉണ്ണികൃഷ്ണൻ പോറ്റിയുടെ വാദങ്ങൾ ദേവസ്വം ബോർഡിനെ പൂർണ്ണമായും പ്രതിക്കൂട്ടിലാക്കുകയാണ്. ബോർഡ് നൽകിയത് ചെമ്പ് പാളികളാണെന്ന വാദം ശരിയാണെങ്കിൽ അത് ഗുരുതരമായ ക്രമക്കേടിലേക്കാണ് വിരൽ ചൂണ്ടുന്നത്. 1999-ൽ വിജയ് മല്യ സ്വർണ്ണം പൂശിയ ദ്വാരപാലക ശിൽപ്പത്തിൻ്റെ യഥാർത്ഥ പാളികൾ എവിടെയെന്ന ചോദ്യത്തിനും ദേവസ്വം ബോർഡിന് ഇന്നും ഉത്തരമില്ലാത്ത സാഹചര്യത്തിലാണ് പുതിയ വിവാദം കൊഴുക്കുന്നത്.
















