പാലക്കാട്: പാലക്കാട് പല്ലശ്ശന സ്വദേശിയായ ഒമ്പത് വയസുകാരി വിനോദിനിയുടെ വലതുകൈ മുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തിൽ പ്രതിഷേധം കത്തുന്നു. സംഭവത്തിൽ ഡിഎംഒ യുടെ വിശദീകരണം ഇന്നുണ്ടായേക്കും. പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവാണ് ദുരന്തത്തിന് കാരണമെന്ന് കുടുംബം ഉറച്ചു വിശ്വസിക്കുമ്പോൾ, വീഴ്ചയില്ലെന്ന നിലപാടിലാണ് ആശുപത്രി അധികൃതർ.
അന്വേഷണ റിപ്പോർട്ട് ഡോക്ടർമാരെ രക്ഷിക്കാനുള്ള ശ്രമമാണെന്നും പൂർണ്ണമായി തള്ളിക്കളയുകയാണെന്നും കുട്ടിയുടെ കുടുംബം വ്യക്തമാക്കി. എന്നാൽ, വിഷയത്തിൽ വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് ഉറപ്പുനൽകിയിട്ടുണ്ട്. സംസ്ഥാന ആരോഗ്യ ഡയറക്ടറോട് നേരിട്ട് പരിശോധിച്ച് റിപ്പോർട്ട് നൽകാനും മന്ത്രി നിർദ്ദേശം നൽകി.
കുട്ടിയുടെ തുടർ ചികിത്സ ഉറപ്പാക്കണമെന്ന് നെന്മാറ എം.എൽ എ കെ ബാബുവും, ഷാഫി പറമ്പിൽ എം.പി യും ആവശ്യപ്പെട്ടിട്ടുണ്ട്. പാലക്കാട് പല്ലശ്ശന സ്വദേശിയായ ഒമ്പത് വയസുകാരിയുടെ വലതു കൈയാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ച് മുറിച്ചു മാറ്റിയത്. ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ് വിനോദിനി.
















