ദുബായ് ജനസംഖ്യ 40 ലക്ഷം പിന്നിട്ടതായി ദുബായ് സ്റ്റാറ്റിസ്റ്റിക്സ് സെന്റർ അറിയിച്ചു. കഴിഞ്ഞ വർഷാവസാനം 38.63 ലക്ഷമായിരുന്ന ജനസംഖ്യ, കേവലം ഒൻപത് മാസത്തിനുള്ളിൽ 1,65,165 പേരുടെ വർദ്ധനവോടെ 4,019,765 എന്ന പുതിയ കണക്കിലെത്തി. ഇത് ഏകദേശം 4 ശതമാനം വർദ്ധനവാണ് സൂചിപ്പിക്കുന്നത്.
ഈ താമസക്കാരിൽ 68 ശതമാനവും പുരുഷന്മാരും (20.6 ലക്ഷം) 32 ശതമാനം സ്ത്രീകളുമാണ് (10.2 ലക്ഷത്തിലധികം). എന്നാൽ, ദുബായിൽ ജോലി ചെയ്യുകയും സമീപ എമിറേറ്റുകളിൽ താമസിക്കുകയും ചെയ്യുന്ന 12,66,400 പേരെക്കൂടി കണക്കിലെടുക്കുമ്പോൾ, ഓഫീസ് സമയങ്ങളിൽ ദുബായിലെ മൊത്തം ജനസംഖ്യ 53 ലക്ഷമായി ഉയരുന്നു.
ലോകത്തിലെ ആയിരക്കണക്കിന് സമ്പന്നരും വ്യവസായികളും ദുബായിലേക്ക് ഒഴുകിയെത്തുന്നതാണ് ഈ അഭൂതപൂർവമായ ജനസംഖ്യാ വർധനവിന് പ്രധാന കാരണം. എമിറേറ്റിന്റെ ലോകോത്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങൾ, ഡിജിറ്റൽ രംഗത്തെ പുതുമ, നിക്ഷേപക സൗഹൃദപരമായ നിയമനിർമ്മാണ സംവിധാനങ്ങൾ എന്നിവ ദുബായിയെ ആഗോളതലത്തിൽ ഏറ്റവും മികച്ച താമസ, നിക്ഷേപ കേന്ദ്രമാക്കി മാറ്റുന്നു.
















