ന്യൂഡൽഹി: കഫ് സിറപ്പ് കഴിച്ച കുട്ടികൾ വൃക്ക തകരാറിലായി മരിച്ചതായുള്ള റിപ്പോർട്ടുകൾക്കുപിന്നാലെ വിവാദ മരുന്നുകളുടെ നിർമാണ കേന്ദ്രങ്ങളിൽ പരിശോധന നടത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം. മരുന്ന് നിർദേശിച്ച ഡോക്ടർ കസ്റ്റഡിയിൽ. മധ്യപ്രദേശിൽ മാത്രം കഫ് സിറപ്പ് കുടിച്ച് മരിച്ചത് പതിനാല് കുട്ടികളാണ്. മധ്യപ്രദേശിലും രാജസ്ഥാനിലും മരുന്നു കഴിച്ച കുട്ടികൾ മരിച്ചതിനെ തുടർന്ന് തെലങ്കാനയിൽ ജാഗ്രത നിർദേശം നൽകി.
തമിഴ്‌നാട്ടിലെ മരുന്നുനിർമാണ ശാലയിൽ നടത്തിയ പരിശോധനയിൽ മരുന്നിൽ വിഷമാലിന്യം കണ്ടെത്തി. കാഞ്ചീപുരത്തെ ശ്രേസൻ ഫാർമസ്യൂട്ടിക്കൽസിന് അധികൃതർ മുദ്രവെച്ചു. ഇവിടത്തെ പരിശോധനയിൽ മരുന്നിന്റെ ഒരു ബാച്ചിൽ ഡൈ എഥിലിൻ ഗ്ലൈക്കോൾ വൻതോതിൽ കണ്ടെത്തി. ഈ രാസവസ്തു ഗുരുതരമായ വൃക്കരോഗത്തിന് കാരണമാകും. കേരളത്തിൽ കോൾഡ്‌റിഫ് സിറപ്പിന്റെ വിൽപ്പനനിർത്തിവെച്ചു.
ആറു സംസ്ഥാനങ്ങളിലായി മരുന്ന് നിർമ്മാണം നടത്തുന്ന 19 ഇടങ്ങളിൽ ആരോഗ്യവകുപ്പിന്റെ പരിശോധന ആരംഭിച്ചു. മധ്യപ്രദേശിൽ കോൾഡ്‌റിഫിന്റെയും അതുണ്ടാക്കിയ കമ്പനിയുടെ മറ്റുമരുന്നുകളുടെയും വിൽപ്പന നിരോധിച്ചു. രാജസ്ഥാനിൽ കുട്ടികളുടെ മരണത്തിന് കാരണമായതെന്നു കരുതപ്പെടുന്ന കഫ് സിറപ്പ് നിർമിച്ച ജയ്‌പുർ ആസ്ഥാനമായുള്ള കെയ്‌സൺ ഫാർമയുടെ എല്ലാ മരുന്നുകളും നിരോധിച്ചിട്ടുണ്ട്.
കഫ് സിറപ്പ് നേരത്തെ രാജസ്ഥാനിലും നിരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മധ്യപ്രദേശിലും നിരോധിച്ചിരിക്കുന്നത്. കഫ് സിറപ്പിന്റെ സാമ്പിളുകളില്‍ 48.6 ശതമാനം ഡൈത്തിലീൻ ഗ്ലൈക്കോൾ എന്ന വിഷാംശം അടങ്ങിയതായി കണ്ടെത്തുകയായിരുന്നു. മരുന്ന് കഴിച്ച കുട്ടികളില്‍ ആദ്യം വൃക്കയ്ക്ക് ആദ്യം പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും പിന്നീട് കുട്ടികള്‍ മരിക്കുകയും ചെയ്യുകയായിരുന്നു. സംഭവത്തില്‍ ആരോഗ്യവകുപ്പ് കൃത്യമായ അന്വേഷണം നടത്തി വരുന്നതിനിടെയാണ് കഫ് സിറപ്പിന്റെ വില്പന നിരോധിച്ചിരിക്കുന്നത്.















