ഭോപ്പാൽ: മധ്യപ്രദേശിൽ ഒമ്പത് കുട്ടികളുടെ മരണത്തിനിടയാക്കിയ കഫ് സിറപ്പ് നിർദേശിച്ച ഡോക്ടർ അറസ്റ്റിൽ. ചിന്ദ്വാരയിലെ ഡോക്ടറായ പ്രവീൺ സോണിയാണ് പിടിയിലായത്. മരിച്ച കുട്ടികളിൽ ഭൂരിഭാഗവും ശിശുരോഗ വിദഗ്ധനായ ഡോ. പ്രവീൺ സോണിയുടെ ക്ലിനിക്കിൽ ചികിത്സ തേടിയവരായിരുന്നു. സിറപ്പ് നിർമിച്ച തമിഴ്നാട് കാഞ്ചീപുരത്തെ കമ്പനിക്ക് എതിരെ മധ്യപ്രദേശ് സർക്കാർ കേസെടുത്തു.
ഇതിനിടെ, മരണത്തിന് കാരണമായ കോൾഡ്റിഫ് കഫ് സിറപ്പ് നിർമിച്ച ശ്രീസൻ ഫാർമസ്യൂട്ടിക്കൽസിനെതിരെ പൊലീസ് കേസെടുത്തു. സംസ്ഥാനത്ത് കോൾഡ്റിഫ് കഫ് സിറപ്പിന്റെ വിൽപ്പനയും വിതരണവും സർക്കാർ ഇന്നലെ നിരോധിച്ചിരുന്നു. മരുന്നിന്റെ സാമ്പിളുകളിൽ 48.6% ഡൈഎത്തിലീൻ ഗ്ലൈക്കോൾ എന്ന ഉയർന്ന വിഷാംശം അടങ്ങിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കേരളത്തിനു പിന്നാലെ, ചുമ മരുന്നായ കോൾഡ്രിഫ് സിറപ്പിന്റെ വിൽപന തെലങ്കാനയും നിരോധിച്ചു. സിറപ്പിന്റെ എസ്ആർ 13 ബാച്ചിൽ പ്രശ്നം കണ്ടെത്തിയെന്ന റിപ്പോർട്ടിനെ തുടർന്നാണ് നടപടി.
2 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് ഡോക്ടർമാർ ചുമയ്ക്കുള്ള സിറപ്പ് നിർദേശിക്കരുതെന്ന് സെൻട്രൽ ഡയറക്ടറേറ്റ് ഓഫ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് നിർദേശിച്ചിട്ടുണ്ട്. ആരെങ്കിലും കുറിപ്പടിയുമായി വന്നാൽ നൽകാൻ പാടില്ലെന്ന് മെഡിക്കൽ സ്റ്റോറുകൾക്കും കർശന നിർദേശം നൽകിയിട്ടുണ്ട്. 5 വയസ്സിനു മുകളിൽ പ്രായമുള്ള കുട്ടികൾക്കു ചുമയ്ക്കുള്ള സിറപ്പ് നൽകുന്നെങ്കിൽ കർശന നിരീക്ഷണം വേണം. രാജ്യത്തെ മരുന്ന് നിർമാണ യൂണിറ്റുകളിൽ പരിശോധനയ്ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം ഉത്തരവിട്ടു.
















